നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ സിപിഎം വനിതാ നേതാവ് തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ബിജെപി. ഉദിയന്‍കുളങ്ങരയില്‍ സിപിഎം ഉടമസ്ഥതയിലുള്ള കെട്ടിടത്തിനുള്ളിലാണ് ആശയെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. വനിതാ നേതാവിന്റെ ആത്മഹത്യക്കുത്തരവാദികളായ സിപിഎം നേതാക്കള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.സുധീര്‍ പറഞ്ഞു.
പാര്‍ട്ടിയിലെ നേതാക്കളില്‍ നിന്നും ആശയ്ക്ക് ഉണ്ടായ നിരന്തര മാനസികപീഢനത്തിനെതിരെ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിട്ടും ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് ഉള്‍െപ്പടെയുള്ള നേതാക്കള്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ആനാവൂര്‍ നാഗപ്പന് ഉള്‍െപ്പടെയുള്ള നേതാക്കള്‍ക്കെതിരെ കൊലക്കുറ്റത്തിന് പോലീസ് കേസെടുക്കണമെന്നും സുധീര്‍ ആവശ്യപ്പെട്ടു. ആശയുടെ വീട് സന്ദര്‍ശിച്ച ശേഷം നെയ്യാറ്റിന്‍കരയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുധീര്‍.
ആത്മഹത്യാ കുറിപ്പു കിട്ടിയിട്ടും ആദ്യ ഘട്ടത്തില്‍ പോലീസ് അത് ഒളിപ്പിക്കാനാണ് ശ്രമിച്ചത്. നാട്ടുകാരും ആശയുടെ ബന്ധുക്കളും വലിയ തോതില്‍ പ്രതിഷേധം ഉയര്‍ത്തിയതിന്റെ അടിസ്ഥാനത്തിലാണ് ആത്മഹത്യാകുറിപ്പ് പോലീസ് വായിച്ചത്. സിപിഎമ്മിന്റെ നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കുറിപ്പിലുള്ളത്. ആശയ്ക്കുണ്ടായ നിരന്തര മാനസിക പീഡനത്തെ കുറിച്ച് പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയെടുക്കാതിരുന്നത് നേതാക്കളെ സംരക്ഷിക്കുന്നതിനായാണെന്നും സുധീര്‍ ആരോപിച്ചു.
സിപിഎമ്മിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന പല വനിതാ നേതാക്കള്‍ക്കും നേരിട്ട അതേ അനുഭവമാണ് ഇവിടെ ആശയ്ക്കും ഉണ്ടായിരിക്കുന്നത്. കുറ്റക്കാരായ സിപിഎം നേതാക്കളെ സംരക്ഷിക്കുന്ന നിലപാട് പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകരുത്. പ്രതികളാരായാലും അവരെ നിയമത്തിനു മുന്നിലെത്തിക്കാന്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന് സുധീര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: