കാസര്‍കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എം.സി കമറുദ്ദീന് എംഎല്‍എ ഉള്‍പ്പെടെയുള്ള പ്രതികളായ കമ്പനി ഉടമകളെ ചോദ്യം ചെയ്യാത്തത് ഇടത്-വലത് ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു.
വമ്പിച്ച സാമ്പത്തിക തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്യുകയും വണ്ടി ചെക്ക് കേസില്‍ കോടതി സമന്‍സ് പുറപ്പെടുവിക്കുകയും ചെയ്തിട്ടും പ്രതികളെ കസ്റ്റഡിയിലെടുക്കാനോ സ്വത്തുക്കള്‍ മരവിപ്പിക്കാനോ ശ്രമിക്കാതെ കേസ് അട്ടിമറിക്കാനുള്ള സഹായങ്ങള്‍ മുസ്ലീം ലീഗിന് ഒരുക്കി കൊടുക്കുകയാണ് ഇടതുപക്ഷം ചെയ്യുന്നത്. വീടുകളില്‍ റെയ്ഡ് നടത്തിയെന്ന പ്രഹസന നാടകമാണ് പോലീസ് കളിക്കുന്നത്.
അന്വേഷണം വൈകിപ്പിക്കുന്നതിലൂടെ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും നിക്ഷേപത്തിലൂടെ സമാഹരിച്ച പണവും സ്വത്തുക്കളും ഉള്‍പ്പെടെയുള്ളവ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുമുള്ള എല്ലാ സാഹചര്യവുമൊരുക്കി കൊടുക്കുകയാണ് സിപിഎം.
കമ്പനിയുടെ ഷെയര്‍ ഹോള്‍ഡേഴ്സ് ആരോക്കെയാണെന്നും ഓരോ വര്‍ഷവും എത്ര രൂപ നിക്ഷേപമായി ലഭിച്ചെന്നും, എത്രരൂപയുടെ വ്യാപാരം നടന്നെന്നും, എത്ര ലാഭം, നഷ്ടം തുടങ്ങിയ വിവരങ്ങള്‍ എംഎയും കൂട്ടരും പരസ്യമായി പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
നിയമങ്ങളെ കാറ്റില്‍ പറത്തി സര്‍ക്കാറിനെയും സമൂഹത്തെയും വഞ്ചിച്ചു കൊണ്ടുള്ള സ്വര്‍ണ്ണക്കള്ളക്കടത്ത് ഉള്‍പ്പെടെയുള്ള ഒരു വന്‍ സാമ്പത്തിക തട്ടിപ്പാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്നിരിക്കുന്നത്. നിയമവിരുദ്ധമായി സ്വീകരിച്ച പണം പല നിയമവിരുദ്ധ ഇടപാടുകള്‍ക്കുമാണ് ഉപയോഗിച്ചിട്ടുള്ളതെന്ന ആരോപണം ബലപ്പെടുത്തുന്നതാണ് കമ്പനി പൊളിഞ്ഞെന്ന ഉടമകളുടെ വാദം. ജ്വല്ലറിയുടെ പേരില്‍ സമാഹരിച്ച പണം കള്ള ബിസിനസ്സുകള്‍ നടത്താനുള്ള കള്ളപ്പണമായി ഉപയോഗിക്കുകയാണ് കമ്പനി ഉടമകള്‍ ചെയ്തിട്ടുള്ളത്. സുതാര്യമായ ബിസിനസ്സാണ് നടത്തിയതെങ്കില്‍ എന്തിന് സമാനസ്വഭാവമുള്ള ഒരു കച്ചവടത്തിനായി ഒരു പ്രദേശത്ത് തന്നെ ഒന്നുലധികം കമ്പനികള്‍ ആരംഭിച്ചു. പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി ആരംഭിക്കാത്തത് തന്നെ തട്ടിപ്പ് നടത്തുകയെന്ന് ഉദ്ദേശ്യത്തോടെയാണ് ബിസിനസ് ആരംഭിച്ചതെന്നതിന്റെ തെളിവാണ്.
2019 വരെ കമ്പനിയുടെ ലാഭവിഹിതം കൃത്യമായി നല്‍കിയിട്ടുണ്ടെന്നാണ് പറയുന്നത്. നിക്ഷേപകര്‍ക്ക് 150 കോടിയോളം രൂപയ്ക്ക് 14.4 ശതമാനം നിരക്കില്‍ ലാഭം നല്കണമെങ്കില് 21കോടി 60 ലക്ഷം രൂപയോളം വേണം. ഇതില്‍ നിന്ന് തന്നെ കമ്പനി നഷ്ടത്തിലായിരുന്നുവെന്ന കമറുദ്ദീന്റെ വാദം പൊളിയുകയാണ്. രേഖകള്‍ പ്രകാരം കമ്പനി ലാഭത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്.
എം.സി കമറുദ്ദീന് എംഎല്‍എയെ ന്യായികരിക്കുന്ന കോണ്‍ഗ്രസ്സ് നിലപാട് പരിഹാസ്യമാണ്. രാജ്മോഹന്‍ ഉണ്ണിത്താന് എം.പി മുസ്ലീം ലീഗ് നേതാക്കളുടെ ചെവിയിലല്ല അഭിപ്രായം പറയേണ്ടത്. ജനപ്രതിനിധിയെന്ന നിലയില്‍ തന്റെ നിലപാട് പരസ്യമായി പറയുകയാണ് വേണ്ടത്. എംഎല്‍എയെ സംരക്ഷിച്ചു കൊണ്ട് കോണ്‍ഗ്രസ്സ്-മുസ്ലീം ലീഗ് നേതാക്കളുടെ മൗനം ദുരൂഹത ഉയര്‍ത്തുന്നതാണെന്ന് കാസര്‍കോട് പ്രസ് ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. പത്രസമ്മേളനത്തില്‍ ബിജെപി ജില്ലാ വൈസ് പ്രസിഡണ്ടും മണ്ഡലം ഇന്‍ചാര്‍ജ്ജുമായ അഡ്വ.സദാനന്ദ റൈ, മണ്ഡലം പ്രസിഡണ്ട് മണികണ്ഠറെ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: