തൃശൂര്‍: ഉണ്ണിക്കണ്ണന്റെ പിറന്നാളാഘോഷത്തിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ ഭക്തജനത്തിരക്ക്. മഞ്ഞപ്പട്ടാടചുറ്റി മണിവേണുകയ്യിലേന്തി കണ്ണന് ആയിരങ്ങള്‍ക്ക് ദര്‍ശനസായൂജ്യമേകി. കാഴ്ച്ചശീവേലിയ്ക്ക് ഭഗവാന് സ്വര്‍ണ്ണക്കോലത്തിലാണ് എഴുന്നെള്ളിയത്. സ്വര്‍ണ്ണക്കോലത്തില്‍ തങ്കതിടേമ്പറ്റിയ പ്രൗഢഗംഭീരമായ കാഴ്ച്ചശീവേലിയ്ക്ക് പെരുവനം കുട്ടന്മാരാരുടെ പ്രമാണത്തിലുള്ള മേളപെരുക്കം, വാതാലയേശന്റെ അകത്തളത്തില്‍ ഉത്സവ പ്രതീതി തീര്‍ത്തു.
വൃന്ദാവനം സ്വര്‍ഗ്ഗമാക്കിയ ശ്രീകൃഷ്ണന്റെ ജന്മദിനത്തില് കണ്ണനെ ഒരുനോക്കുകാണാന്‍ ആയിരങ്ങളാണ് ഗുരുവായൂരിലേക്ക് ഒഴുകിയെത്തിയത്. പരിമിതമായ ഭക്തരെ മാത്രമേ അകത്തുപ്രേശിപ്പിച്ചുള്ളുവെങ്കിലും ക്ഷേത്രത്തിന് പുറത്ത് പുറമേ നിന്നുകാണാനുള്ള ഭക്തരുടെ നീണ്ടനിര മണിക്കൂറുകളോളം തുടര്‍ന്നു. ഓണ്‍ലൈനില്‍ ബുക്കുചെയ്തവര്‍ കൂടാതെ നെയ്യ്വിളക്ക് ശീട്ടാക്കിയും ഒരു നോക്കുകാണാന്‍ ഭക്തജനങ്ങള്‍ ഗുരുപവനപുരിയിലേയ്ക്കൊഴുകിയെത്തി. അകത്തുപ്രവേശിയ്ക്കാനാകാത്ത ഭക്തരുടെ നീണ്ടനിര മണിക്കൂറുകളോളം തുടര്‍ന്നു. നീണ്ടൊരു ഇടവേളയ്ക്കുശേഷമാണ് ഗുരുവായൂരില്‍ ഇത്രയും ജനതിരക്കനുഭവപ്പെടുന്നത്.
ദീപാരാധനക്ക് നെയ്യ് വിളക്കിന്റെ നിറശോഭയില്‍ തിളങ്ങി നില്‍ക്കുകയായിരുന്നു ഭഗവാന്റെ ശ്രീലകം. സ്വര്‍ണ്ണകോലത്തില്‍ ഭഗവാന്റെ തങ്കതിടമ്പ് കൊമ്പന് ഇന്ദ്രസെന്‍ ശിരസ്സിലേറ്റുവാങ്ങി. ഇടയ്ക്കാ-നാദസ്വരത്തോടെയുള്ള ചുറ്റുവിളക്കിനും നറുനെയ്യിന്റെ നിറശോഭയിലായിരുന്നു അകത്തളം. അഷ്ടമിരോഹിണിയോടനുബന്ധിച്ച് ഭഗവാന്റെ പ്രധാന വഴിപാടായ അപ്പം അത്താഴപൂജയ്ക്ക് ഭഗവാന് നിവേദിച്ചു. 10000 അപ്പമാണ് ഭക്തര്‍ക്ക് ശീട്ടാക്കാന്‍ അനുമതിയുണ്ടായിരുന്നത്. അപ്പം പിന്നീട് ഭക്തര്‍ക്ക് വിതരണംചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: