തൃശൂര്‍: വീടുകള്‍ വൃന്ദാവനങ്ങളാക്കി ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു. ‘വീടൊരുക്കാം, വീണ്ടെടുക്കാം, വിശ്വശാന്തിയേകാം’ എന്ന സന്ദേശവുമായി കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചാണ് നാടെങ്ങും ആഘോഷങ്ങള്‍ നടന്നത്. വീടുകള്‍ കേന്ദ്രീകരിച്ച് നടന്ന ആഘോഷ പരിപാടികളില്‍ ആബാലവൃദ്ധം ജനങ്ങളും അണിചേര്‍ന്നു. വീടും പരിസരവും വൃന്ദാവനരീതിയില്‍ അലങ്കരിച്ച് കുട്ടികള്‍ കൃഷ്ണ-ഗോപികാവേഷവും മുതിര്‍ന്നവര്‍ കേരളത്തനിമയുള്ള വേഷങ്ങളും ധരിച്ച് ആഘോഷത്തില്‍ പങ്കാളികളായി.
വീടുകളില്‍ കൃഷ്ണകുടീരങ്ങള്‍ തയ്യാറാക്കി കൃഷ്ണപ്പൂക്കളം തീര്‍ത്തു. കണ്ണനൂട്ട്, ഭജനസന്ധ്യ, ജന്മാഷ്ടമി ദീപക്കാഴ്ച, പ്രസാദവിതരണം തുടങ്ങിയ വിവിധ പരിപാടികളും ഉണ്ടായി. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നേരത്തേ വിവിധ ദിവസങ്ങളില്‍ ഗോപൂജ, വൃക്ഷപൂജ, തുളസീവന്ദനം തുടങ്ങിയ പരിപാടികളും വീടുകളില്‍ കൃഷ്ണഭജനകളും ഉണ്ടായി. താലൂക്കുകള്‍ കേന്ദ്രീകരിച്ച് കൃഷ്ണലീല കലോത്സവം, സാംസ്‌കാരിക സമ്മേളനം എന്നിവയും നവമാധ്യമങ്ങളിലൂടെ സംഘടിപ്പിച്ചു. ബാലഗോകുലം തൃശൂര്‍ മേഖലാ ആഘോഷസമിതി സംയോജക് പി.ജി ഷമ്മി, മേഖലാ അധ്യക്ഷ അഡ്വ.ആനന്ദവല്ലി, സെക്രട്ടറി യു.പ്രഭാകരന്‍, ഉപാധ്യക്ഷന്‍ പി.ഗോപകുമാര്‍, ട്രഷറര്‍ വി.എന്‍ ഹരി, എം.ആര്‍ രതീഷ്, ഭഗിനിപ്രമുഖ പ്രീതാചന്ദ്രന്‍ എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
വടക്കാഞ്ചേരിയുടെ വിവിധ മേഖലകളില്‍ നടന്ന പരിപാടികള്‍ക്ക് ബാലഗോകുലം താലൂക്ക് ആഘോഷ പ്രമുഖ് കെ.സി ശ്രീദാസ്, ഗുരുവായൂര്‍ ജില്ലാ ഭഗിനിപ്രമുഖ ജ്യോതി ശശികുമാര്‍,രഘുനാഥ്,ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കൊടുങ്ങല്ലൂര്‍: തൃക്കണ്ണാമതിലകം താലൂക്കില്‍പെട്ട ചെന്ത്രാപ്പിന്നി ഈസ്റ്റ് അമ്പാടി ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു. ഗോകുല പ്രാര്‍ത്ഥന,ഭഗവത്ഗീത – ജ്ഞാനപ്പാന പാരായണം,ചിത്രരചന, കൃഷ്ണവേഷം എന്നീ മത്സരങ്ങള്‍ ഉണ്ടായി. വീടുകളില്‍ കൃഷ്ണകുടിരങ്ങള്‍ നിര്‍മ്മിച്ചും മത്സരങ്ങള്‍ നടത്തി. ബാലഗോകുലം ഭഗിനി പ്രമുഖ് അപര്‍ണ്ണ സലീഷ്,രക്ഷാധികാരി രമ്യ സുവീഷ്,ഗ്രീഷ്മവിജയന്‍, കെ.പി സുവീഷ്,പി.കെവിജയന്‍, വി.എം മനീഷ്,എം.വി വിജോയ് എന്നിവര്‍ നേതൃത്വം നല്‍കി.
തിരുവള്ളൂര്‍,ശാസ്താവിടം,പറമ്പിക്കുളങ്ങര,വിനായകപുരം,മയൂരേശ്വരപുരം, ശ്രീകൃഷ്ണപുരം,എടവിലങ്ങ് ശിവകൃഷ്ണപുരം,എറിയാട്,കോതപറമ്പ് ആല തുടങ്ങിയ സ്ഥലങ്ങളില്‍ വീടുകളില്‍ ആഘോഷങ്ങള്‍ നടന്നു. ഗോപൂജ,ശ്രീകൃഷ്ണവേഷം,കൃഷ്ണകുടീരം നിര്‍മ്മിക്കല്‍,ഭഗവദ്ഗീത പാരായണം എന്നിവ വിവിധ സ്ഥലങ്ങളില്‍ ഉണ്ടായി. വൈകീട്ട് ദീപകാഴ്ചയുമൊരുക്കി.
തൃപ്രയാര്‍: യോഗിനിമാതാ ബാലികാസദനത്തില്‍ ശ്രീകൃഷ്ണ ജന്മഷ്ടമി മക്കളും അമ്മമാരും ചേര്‍ന്ന് ആഘോഷിച്ചു. ആഘോഷങ്ങളോടനുബന്ധിച്ച് ഗോപൂജയും നടത്തി. ഗോപികാനൃത്തം, യോഗ്ചാപ്, കൃഷ്ണ-കുചേല നൃത്തം എന്നിവ കുട്ടികള്‍ അവതരിപ്പിച്ചു. സേവാകേന്ദ്രം സെക്രട്ടറി എന്‍.എസ് സജീവ്,മാതൃ സമിതി അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: