തിരുവനന്തപുരം: നിലവിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താല്‍ ഇപ്പോള്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തിയാല്‍ മണ്ണാങ്കട്ടയും കരിയിലയും കാശിക്കു പോയ അനുഭവമാകും എല്‍ഡിഎഫിനും യുഡിഎഫിനും സംഭവിക്കുക എന്ന് ബിജെപി. അതിനാലാണ് തെരഞ്ഞെടുപ്പ് നീട്ടാന്‍ ശ്രമിക്കുന്നത്. നാല് മാസക്കാലം മാത്രം കാലാവധി അവശേഷിക്കെ നിയമസഭാ ഉപതിരഞ്ഞെടുപ്പുകള്‍ അനാവശ്യമണ് എന്നുള്ള കാര്യത്തില്‍ ബിജെപിക്കും വിരുദ്ധാഭിപ്രായം ഇല്ലെന്നും ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി. വാര്യര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
പോസ്റ്റിന്റെ പൂര്‍ണരൂപം-
ഇപ്പോള്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടന്നാല്‍ എല്‍ഡിഎഫിന് കനത്ത തോല്‍വി സംഭവിക്കും. യുഡിഎഫ് ആവട്ടെ ശക്തി ക്ഷയിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പിന്റെ ഒരു മുന്നൊരുക്കവും നടത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല.
സ്വര്‍ണകള്ളക്കടത്ത് വിഷയത്തില്‍ നിന്ന് എങ്ങനെയെങ്കിലും തലയൂരാന്‍ പിണറായിയെ ആത്മാര്‍ത്ഥമായി സഹായിക്കുന്നത് രമേശ് ചെന്നിത്തലയാണ്. ഒരിക്കലും പാസാവില്ല എന്നുറപ്പുള്ള അവിശ്വാസ പ്രമേയം നിയമസഭയില്‍ കൊണ്ടുവന്നത് പോലും ഈ അഡ്ജസ്റ്റ്മെന്റിന്റെ ഭാഗമാണ്. എന്നാല്‍ ബംഗളൂരുവിലെ മയക്കുമരുന്ന് കേസുകൂടി പുറത്തുവന്നതോടെ തലയില്‍ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയിലാണ് പിണറായി വിജയന് . മഞ്ചേശ്വരം എംഎല്‍എയുടെ കോടികളുടെ തട്ടിപ്പ് യുഡിഎഫിനെയും വലിയ പ്രതിസന്ധിയിലാക്കുന്നു.
ഈ അവസ്ഥയില്‍ ജനങ്ങളെ അഭിമുഖീകരിച്ചാല്‍ മണ്ണാങ്കട്ടയും കരിയിലയും കാശിക്കു പോയ അനുഭവമാകും ഇരുകൂട്ടര്‍ക്കും സംഭവിക്കുക. നാല് മാസക്കാലം മാത്രം കാലാവധി അവശേഷിക്കെ നിയമസഭാ ഉപതിരഞ്ഞെടുപ്പുകള്‍ അനാവശ്യമാണ് എന്നുള്ള കാര്യത്തില്‍ ബിജെപിക്കും വിരുദ്ധാഭിപ്രായം ഇല്ല.
എന്നാല്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നത് ജനാധിപത്യ വിരുദ്ധവും താഴെ തലത്തില്‍ നടക്കേണ്ട വികസന പദ്ധതികളെയും സാമൂഹ്യ ക്ഷേമ പദ്ധതികളെയും തുരങ്കം വയ്ക്കുന്നതും ആണ് . രണ്ടുമാസക്കാലത്തിനപ്പുറം കോവിഡ് ഭീതിയില്ലാതെ തെരഞ്ഞെടുപ്പ് നടത്താനാവും എന്നുള്ള കാര്യത്തില്‍ എന്തുറപ്പാണ് ഉള്ളത് ? അതുകൊണ്ട് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് തന്നെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൃത്യസമയത്ത് നടത്തണം എന്നതാണ് ബിജെപിയുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: