ന്യൂഡല്‍ഹി: ഫോറിന് ഏജന്റസ് റജിസ്ട്രേഷന് ആക്ട് (ഫറ) പ്രകാരം യുഎസില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യ രാഷ്ട്രീയ പാര്‍ട്ടിയായി ബിജെപി മാറി. ഹിന്ദുസ്ഥാന്‍ ടൈസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഓവര്‍സീസ് ഫ്രന്റ്സ് ഓഫ് ബിജെപി (ഒഫ്ബിജെപി) എന്ന പേരിലാണ് 1938 ലെ ഫോറിന് ഏജന്റസ് റജിസ്ട്രേഷന് നിയമ പ്രകാരം യുഎസ് ഡിപാര്‍ട്ടമെന്റ് ഓഫ് ജസ്റ്റിസില്‍ പാര്‍ട്ടിയുടെ രജിസ്ട്രേഷന്. ഓഗസ്റ്റ് 27 നായിരുന്നു ഓവര്‍സീസ് ഫ്രന്റ്സ് ഓഫ് ബിജെപി രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
യുഎസ് രാഷ്ട്രീയത്തില്‍ വിദേശശക്തികളുടെ താല്‍പ്പര്യങ്ങളെ പ്രതിനിധീകരിക്കുന്നതരത്തില്‍ പ്രവര്‍ത്തിക്കാന്‍ സംഘടനകളെ അനുവദിക്കുന്നതാണ് ഫറ നിയമം. ഫറ നിയമപ്രകാരം യുഎസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍ സംഘടനയ്ക്ക് ഇനിമുതല്‍ ബിജെപിയെ ഔദ്യോഗികമായി യുഎസില്‍ പ്രതിനിധീകരിക്കാന്‍ സാധിക്കും. ഇക്കാര്യം വിദേശരാജ്യങ്ങളില്‍ ബിജെപി പാര്‍ട്ടിയുടെ ചുമതലയുള്ള വിജയ് ചൗത്വാലെയും വ്യക്തമാക്കി. അതേസമയം ബിജെപിക്കും ഒഫ്ബിജെപിക്കും സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരിക്കില്ല. കൂടാതെ ‘ സന്നദ്ധപ്രവര്‍ത്തനം’ എന്ന നിലയിലായിരുന്നു ഒബിജെപിയുടെ മീറ്റിംഗുകളും പ്രവര്‍ത്തനങ്ങളും.
യുഎസിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണത്തില്‍ പാര്‍ട്ടിയുടെ പേരോ ചിഹ്നമോ ഉപയോഗിക്കരുതെന്നാണ് ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബി.ജെ.പി അംഗങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള നിര്‍ദേശം. സംഘടനയുടെ അംഗങ്ങള്‍ക്ക് തിരഞ്ഞെടുപ്പില്‍ സ്വന്തം താല്പര്യത്തിന് അനുസൃതമായി പ്രവര്‍ത്തിക്കാം. തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുക്കാമെന്നും, ആര്‍ക്ക് വേണമെങ്കിലും വോട്ട് ചെയ്യാമെന്നും നേതൃത്വം വ്യക്തമാക്കുന്നു. എന്നാല്‍ പ്രചാരണ പരിപാടികളില്‍ ഉള്‍പ്പെടെ ബിജെപി ചിഹ്നമോ, ബിജെപി, ഒഎഫ്ബിജെപി പേരോ ഉപയോഗിക്കരുതെന്നും വിജയ് ചൗതൈവാലെ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: