കണ്ണൂര്‍: കണ്ണവത്തെ എസ്ഡിപിഐക്കാരന്റെ മരണവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കൊലവിളി മുദ്രാവാക്യവുമായി ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ എസ്ഡിപിഐയുടെ പ്രകടനം. ആര്‍എസ്എസ് പ്രവര്‍ത്തകരെ ശാഖയില്‍ കയറി വെട്ടുമെന്നും അശ്വനികുമാറിനെ വെട്ടിക്കൊന്നത് പോലെ കൊല്ലുമെന്നുമാണ് എസ്ഡിപിഐയുടെ ഭീഷണി. എസ്ഡിപിഐക്കാര് കൊലപ്പെടുത്തിയ കണ്ണവത്തെ ശ്യാമപ്രസാദിന്റെ കുടുംബം താമസിക്കുന്ന വീടിന് സമീപത്തും കൊലവിളി ഉയര്‍ത്തി പ്രകടനം നടത്തി. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയും ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെ ഭീഷണിയുയരുന്നുണ്ട്.
ജില്ലയുടെ വിവിധ മേഖലകളില്‍ എസ്ഡിപിഐക്കാര് അക്രമം നടത്തി. ശിവപുരത്ത് സേവാകേന്ദ്രം തകര്‍ത്ത എസ്ഡിപിഐക്കാര് തലശ്ശേരി ടൗണില്‍ ബിഎംഎസ് കൊടിമരവും പതാകകളും നശിപ്പിച്ചു. ധര്‍മ്മടം ശിവജി നഗര്‍ ബസ്സ് വെയിറ്റിങ് ഷെല്‍ട്ടര്‍ തകര്‍ത്തു. കൂടാതെ ശ്രീകൃഷ്ണ ജയന്തിയുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളിലുയര്‍ത്തിയ പതാകകളും ബോര്‍ഡുകളും തകര്‍ത്തു.
കൊലപാതകത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമാകുന്നതിന് മുമ്പ് സംഘപരിവാര്‍ സംഘടനകളെ പ്രതിക്കൂട്ടിലാക്കി കൊലവിളി നടത്തിയതിലൂടെ ജില്ലയില്‍ വ്യാപക അക്രമത്തിനുള്ള നീക്കമാണ് എസ്ഡിപിഐ നടത്തുന്നത്. കൊലപാതകത്തില്‍ ഇപ്പോഴും ദുരൂഹത നിലനില്‍ക്കുകയാണ്. മരിച്ച എസ്ഡിപിഐക്കാരന്റെ പിതാവ് പാവപ്പെട്ടവര്‍ക്ക് വീട് വച്ച് നല്‍കാനെന്ന പേരില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ നൂറുകണക്കിനാളുകളില്‍ നിന്നായി കോടിക്കണക്കിന് രൂപ വാങ്ങി വഞ്ചിച്ചതായി ആക്ഷേപമുണ്ടായിരുന്നു. ഇതില്‍ കണ്ണവത്തെ ഇയാളുടെ സ്ഥാപനത്തിന് മുന്നില്‍ ഉപരോധമുള്‍പ്പെടെ നടന്നിരുന്നു. സലാഹുദ്ദീന്റെ കൊലപാതകത്തിന് പിന്നില്‍ ഈ സംഭവമാണെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.
കൊലപാതകത്തില്‍ പരസ്പര വിരുദ്ധമായ വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. രണ്ടുപേര്‍ ബൈക്കിലെത്തി സലാഹുദ്ദീന് സഞ്ചരിച്ച വാഹനത്തിലിടിക്കുകയും ഇവര്‍ കൃത്യം നിര്‍വഹിക്കുകയായിരുന്നുവെന്നുമാണ് പോലീസ് വ്യക്തമാക്കിയിരുന്നത്. അതേസമയം, കാറിലെത്തിയ ഒരു സംഘമാണ് കൃത്യം നിര്‍വഹിച്ചതെന്നാണ് ഇന്നലെ പോലീസിന്റെ പുതിയ ഭാഷ്യം. രണ്ടുപേരെയുള്ളൂവെന്ന് പറഞ്ഞത് മാറ്റി പന്ത്രണ്ടോളം പേരാണ് സംഭവത്തിലുണ്ടായിരുന്നതെന്നും പോലീസ് പറയുന്നു. എസ്ഡിപിഐ നേതൃത്വം വിശദീകരിക്കുന്ന കാര്യങ്ങളാണ് പോലീസ് വ്യാഖ്യാനമായി പുറത്തുവരുന്നതെന്ന ആരോപണവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: