ബെംഗളൂരു: ബെംഗളൂരു കെജെ ഹള്ളി, ഡിജെ ഹള്ളി പ്രദേശങ്ങളില്‍ ആഗസ്റ്റ് 11നു രാത്രി എസ്ഡിപിഐ നടത്തിയ ആക്രമണത്തെക്കുറിച്ച് സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി എന്ന സംഘടനയുടെ വസ്തുതാപരിശോധനാ പാനല്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയ്‌ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
മുന്‍ ചീഫ് സെക്രട്ടറി മദന്‍ ഗോപാല്‍, മുന്‍ ജില്ലാ ജഡ്ജ് ശ്രീകാന്ത് ഡി, മുന്‍ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ ആര്‍. രാജു തുടങ്ങിയവരാണ് പരിശോധനയ്‌ക്ക് നേതൃത്വം നല്‍കിയത്. 300ലധികം അറസ്റ്റുകള്‍ രേഖപ്പെടുത്തിയ ആക്രമണക്കേസില്‍ വിശദമായ അന്വേഷണം നടത്തിയതിനു ശേഷമാണ് അന്തിമ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചതെന്ന് മദന്‍ ഗോപാല്‍ പറഞ്ഞു.
ആക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും സംസ്ഥാനത്തോടും സര്‍ക്കാരിനോടും ജനങ്ങള്‍ക്കുള്ള വിശ്വാസം തകര്‍ക്കുകയായിരുന്നു ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാഷ്‌ട്രീയമായോ വ്യക്തിപരമായോ യാതൊരുവിധ പക്ഷപാതവും കാണിക്കാതെ സത്യം മാത്രമാണ് റിപ്പോര്‍ട്ടിലൂടെ പുറത്തു കൊണ്ടുവന്നതെന്ന് പാനല്‍ അംഗങ്ങള്‍ പറഞ്ഞു.
36 സര്‍ക്കാര്‍ വാഹനങ്ങള്‍, 300ഓളം സ്വകാര്യ വാഹനങ്ങള്‍, നിരവധി വീടുകള്‍ തുടങ്ങിയവ ആക്രമണത്തില്‍ ഭാഗികമായോ പൂര്‍ണമായോ തകര്‍ന്നു. ഏകദേശം 15 കോടി രൂപയുടെ നാശനഷ്ടങ്ങളുണ്ടായി. നാശനഷ്ടങ്ങളുടെ കൃത്യമായ കണക്ക് ക്ലെയിം കമ്മീഷണര്‍ ജസ്റ്റിസ് കെമ്പന്ന പിന്നീട് ഹൈക്കോടതിക്കു സമര്‍പ്പിക്കും. സംഭവ ദിവസം രാത്രി പുറത്ത് നിന്നു വന്നവരെ കൂടാതെ പ്രദേശവാസികളില്‍ ചിലരുടെ സഹായം കൂടി അക്രമികള്‍ക്ക് ലഭിച്ചു. പ്രദേശത്തെ ചിലര്‍ക്കെങ്കിലും ഇത്തരമൊരു ആക്രമണത്തെകുറിച്ച് മുന്‍കൂട്ടി സൂചന ലഭിച്ചിരുന്നു.
ആക്രമണം വെറും രാഷ്‌ട്രീയപ്രേരിതം മാത്രമായി കണക്കാക്കാനാകില്ല. നാശനഷ്ടം സംഭവിച്ച കണക്കുകള്‍ വിശകലനം ചെയ്താല്‍ ഹിന്ദു വിഭാഗത്തെയാണ് ആക്രമികള്‍ ലക്ഷ്യം വച്ചത്. അറസ്റ്റിലായവരില്‍ ഭൂരിഭാഗവും എസ്ഡിപിഐ, പിഎഫ്ഐ സംഘടനയില്‍പ്പെട്ടവരാണ്. ഇവരില്‍ ചിലര്‍ക്ക് നിരോധിത തീവ്രവാദ സംഘടനകളുമായും ബന്ധമുണ്ടെന്ന് പോലീസ് നേരത്തെ തന്നെ പറഞ്ഞിട്ടുമുണ്ട്.
കോണ്‍ഗ്രസ് എംഎല്‍എയുടെ സഹോദരീ പുത്രന്‍ നവീന്‍, പ്രവാചകനെതിരെ ഫേസ്ബുക്ക് പോസ്റ്റ് പങ്കിട്ട ദിവസം തന്നെ ആക്രമണത്തിനു തെരഞ്ഞെടുത്തത് അക്രമത്തിന്റെ പിന്നിലുള്ള യഥാര്‍ഥ ഉദ്ദേശ്യം മറച്ചുവയ്‌ക്കുന്നതിനാണെന്നും റിപ്പോര്‍ട്ടിലുണ്ട്. പോസ്റ്റ് കാരണം മാത്രമാണ് ആക്രമണമെങ്കില്‍ ഒരു മതവിഭാഗം മാത്രം ആക്രമിക്കപ്പെടില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: