ആലപ്പുഴ: സംസ്ഥാനത്ത് മയക്കുമരുന്നു കേസുകള്‍ വര്‍ദ്ധിക്കുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 24,132 മയക്കുമരുന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വര്‍ഷം അയ്യായിരത്തിലേറെ കേസുകള്‍. തൊട്ടുമുന്‍പുള്ള അഞ്ചു വര്‍ഷം ആകെ 4,100 മയക്കുമരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിടത്താണിത്. 700 ശതമാനത്തോളം വര്‍ദ്ധന. എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനാണ് ഞെട്ടിപ്പിക്കുന്ന സ്ഥിതിവിവരകണക്കുകള്‍ പുറത്തുവിട്ടത്.
മുന്‍ സര്‍ക്കാര്‍ 65,117 അബ്കാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ 65,229 അബ്കാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 6,042 കോട്പ കേസുകള്‍ മാത്രം രജിസ്റ്റര്‍ ചെയ്ത മുന്‍ സര്‍ക്കാര്‍ കാലത്തെയപേക്ഷിച്ച് ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 2,77,614 കോട്പ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ചേര്‍ത്തല എക്സൈസ് സര്‍ക്കിള്‍ ഓഫീസിനും, റേഞ്ച് ഓഫീസിനുമായി നിര്‍മ്മിച്ച എക്സൈസ് കേംപ്ലക്സ് ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ലഹരിമാഫിയയ്ക്കെതിരെ എന്‍ഫോഴ്സ്മെന്റ് വഴി കേസുകളുടെ എണ്ണത്തിലും പിടിച്ചെടുക്കുന്ന അനധികൃത ലഹരിവസ്തുക്കളുടെ അളവിലും നാലു വര്‍ഷത്തിനിടയില്‍ വലിയ വര്‍ധനയുണ്ടായി. എക്സൈസ് സേനയുടെ അംഗബലം ഉയര്‍ത്താന്‍ നടപടി സ്വീകരിക്കുന്നു. 15 എക്സൈസ് ഇന്‍സ്പെക്ടര്‍മാരുടെയും 159 സിവില്‍ എക്സൈസ് ഓഫീസര്‍മാരുടെയും മൂന്ന് വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരുടെയും ഓണ്‍ലൈന്‍ പരിശീലനത്തിന് ജൂലൈ അവസാനം തുടക്കം കുറിച്ചതായും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയ പിടിമുറുക്കിയെന്ന വാര്‍ത്ത ശരിവയ്ക്കുന്നതാണ് കേസുകളിലുണ്ടായ വര്‍ദ്ധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: