കൃഷ്ണനില്‍ നിന്നാവാം എന്റെ കവിത ജനിച്ചത്.
കൃഷ്ണാനുഭവമാണെഴുതിയത്. അതു തന്നെയല്ലേ
ഈ തിരുനാളില്‍ ചെയ്യാവുന്ന കാണിക്ക.
കൃഷ്ണാര്‍പ്പണം..
ക്ഷീരോദാര്‍ണവ സംഭൂത
എന്നു തുടങ്ങുന്ന മന്ത്രങ്ങള്‍..
ഗൃഹാണാര്‍ഘ്യം
മയാദത്തം
രോഹിണ്യാസ്സഹിതോ ഹരേ-എന്നും
ദേവക്യാസ്സഹിതോ ഹരേ എന്നും
ഇദംവോ അര്‍ഘ്യം എന്നും
അഷ്ടമിരോഹിണി ദിവസം അര്‍ധരാത്രിയില്‍ അരയുറക്കത്തില് സമാവര്‍ത്തനം കഴിഞ്ഞ എന്റെ ഉണ്ണിക്കൈ പിടിച്ച് മുത്തശ്ശന് ഭഗവാന്റെ തിടമ്പില്‍ അഭിഷേകം ചെയ്യിക്കുന്ന ആ മുഹൂര്‍ത്തം. അലൗകികം. അവാച്യം. അവതാര കൃഷ്ണന് എന്റെ പാലഭിഷേകം സഹിച്ചു നില്ക്കുന്ന കുൡൂറുന്ന കാഴ്ച
മാറി നില്ക്ക നീ
ബാഷ്പപൂരമേ
കാണട്ടെ ഞാനെന്‍
കണ്ണനെ…
എന്ന വള്ളത്തോള്‍ കവിത ഓര്‍മവരും, അന്നും ഇന്നും എന്നും
ഗുരുവായൂരപ്പന്റെ നടയിലെത്തിയാല്‍ ഞാന്‍ ഉള്ളില്‍ കെട്ടിപ്പൊക്കിയ യൂക്തിചിന്തയൊക്കെ ഇടയ്ക്കയിലെ ‘തീരു’ പോലെ തകരും. കണ്ണീരുറവപൊട്ടും. ഇതാണോ ഭക്തി. എങ്കില്‍ ഞാനും അക്കാര്യത്തില്‍ മോശമല്ലെന്നു രണ്ടു കൈയുമുയര്‍ത്തി
പ്രഖ്യാപിക്കാന്‍ തോന്നും.
1974ല്‍ ഒരു മണ്ഡലം മുഴുവന്‍ ഗുരുവായൂര്‍ നിര്‍മ്മാല്യം തൊഴാനുള്ള ഭാഗ്യമുണ്ടായി. എന്റെ ഗുരുനാഥന് എസ്.വി.എസ്.
നാരായണന് സാറിന് പക്ഷാഘാതത്തി
നുള്ള പരിഹാരത്തിന് എത്തുമ്പോള്‍
പരിചരണത്തിന് എന്നെയാണ് അദ്ദേഹം കൂട്ടിയത്. ആള്ത്തിരക്കിനിടെയായാലും അദ്ദേഹം എന്നെ പാട്ടുപഠിപ്പിക്കും തിരക്കു തീരെയില്ലാത്ത ആ കാലത്ത് സുഖമായി പൂജകള്‍ തൊഴാം. ആസ്വദിച്ച് കാണാം കേള്‍ക്കാം. അന്നത്തെ ഡയറിക്കുറിപ്പുകള്‍ മറിച്ചു നോക്കി ആസ്വദിക്കാറുണ്ട് ഞാന്‍. എല്ലാം കൃഷ്ണമയം. നാമമയം.
അന്നുകണ്ടതെല്ലാം
ഇന്നുമുണ്ടുകണ്ണില്
അന്നു കേട്ടതെല്ലാം
ഇന്നുമുണ്ട് കാതില്‍
മറക്കുവതെങ്ങനെ
ആ മലര്‍വസന്തം….
എന്നു ഒരു പാട്ടില്‍ എഴുതിയ
തോര്‍ക്കുന്നു. കൃഷ്ണനില്‍ നിന്നാവാം എന്റെ കവിത ജനിച്ചത്. ഹരിഹരന് സാര്‍ ഒരിക്കല്‍ പറഞ്ഞതോര്‍ക്കുന്നു. ”ഗുരുവായൂര്‍ നിര്‍മ്മാല്യത്തിന്റെ സൗഭാഗ്യമാണ് തന്റെ വളര്‍ച്ചയുടെ മൂലകാരണം” എന്ന്.
ശ്രീമദ് ഭാഗവതം എന്ന മഹാപുരാണശ്രവണം എന്നും മതിയാവാറില്ല. ഭഗവന്മയം! സ്വയം ഞാനാരാണെങ്കിലും ദുന്ധുകാരിയല്ല, ഗോകര്ണനാണ് ഞാന്‍. വിവാഹിതനായി അല്പദിവസമേ ആയുള്ളൂ. ‘ശ്രീരാഗം’ വീട്ടില്‍ ഭാര്യ ദേവിയെ നിര്‍ത്തി ഞാന്‍ ഞങ്ങളുടെ തമ്പിലേക്കൊന്നു പോയതാണ്. കാവാലം ശ്രീ അവിടെയുണ്ടായിരുന്നു. നെടുമുടിയുടെ അഘോര എന്നചിത്രത്തിന് വേണ്ടി പാടിയ അഷ്ടപദി (ഇളയരാജ സംഗീതം) സഖീഹേ കേശിമഥനം.. ഉദാരം.. ശ്രീ പാടി.
ആ ഉദാരം എന്ന പദം എന്റെ നെഞ്ചില്‍ കയറി… കണ്ണു നിറഞ്ഞു. നേരെ വീട്ടിലേക്കു നടന്നു. കാത്തിരിക്കുന്ന ദേവിക്ക് എന്റെ കണ്ണു നിറഞ്ഞൊഴുകുന്നതിന്റെ കാരണം മനസ്സിലായില്ല. ഞാന്‍ പറഞ്ഞു. ”മോളേ… നിനക്കെന്നെ മനസ്സിലാവുമ്പോള്‍ ഈ പ്രാന്ത് മനസ്സിലാവും.’
”ഉദാരം” എന്ന വാക്കിലെ ഭഗവാന്റെ ഉദാരത… അവിടേക്ക് നമസ്കാരം ഈ അഷ്ടമിരോഹിണിപിറന്നാളില്.. ജോണ്സണ് ‘കാപ്പി’ രാഗത്തില്‍ ഒരു ട്യൂണുണ്ടാക്കി കേള്‍പ്പിച്ചു. എന്നെ ഏല്‍പ്പിച്ചു. പെട്ടെന്നുണ്ടായ വികാരവായ്പില്‍, ഞാന്‍ എഴുതി.
താമരക്കണ്ണനെ കണ്ടോ എന്റെ രാസവിലോലനെ കണ്ടോ
അതേ മൂഡില്‍ പാട്ടുപൂര്ത്തിയാക്കി.
പിന്നെയാണ് സംവിധായകന് ആ രംഗത്തിന്റെ വികാരം ഭക്തിയല്ല എന്നു പറഞ്ഞത്. അതേ ഇരുപ്പില്‍ അതേ ഈണം വേറൊരു പ്രണയഗാനമാക്കി.
ജോണ്സണ് വിട്ടില്ല. രണ്ടും ദാസേട്ടനെക്കൊണ്ടു പാടിച്ചു. അഞ്ജനക്കണ്ണന്റെ അനുഗ്രഹം.
കൃഷ്ണനെപ്പറ്റി എഴുതാന്‍ പറഞ്ഞു. കൃഷ്ണാനുഭവമാണെഴുതിയത്. അതു തന്നെയല്ലേ. ഈ തിരുനാളില്‍ ചെയ്യാവുന്ന കാണിക്ക. കൃഷ്ണാര്‍പ്പണം..
കൈതപ്രം
പ്രതികരിക്കാൻ ഇവിടെ എഴുതുക: