ചെന്നൈ: കളിച്ച സീസണുകളിലെല്ലാം പ്ലേ ഓഫിലെത്തിയ, ലീഗിലെ ഏറ്റവും സ്ഥിരതയാര്‍ന്ന ടീമാണ് ചെന്നൈ സൂപ്പര്‍ കിങ്സ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച നായകന് എം.എസ്. ധോണിയുടെ സാന്നിധ്യമാണ് ടീമിന്റെ പ്രചോദനം. സൂപ്പര്‍ താരങ്ങള്‍ നിറഞ്ഞ ടീമില്‍ ഷെയ്ന് വാട്സണ്, ഡ്വെയ്ന്‍ ബ്രാവോ, മിച്ചല്‍ സാന്റ്നര്‍, അമ്പാട്ടി റായിഡു എന്നീ പരിചയസമ്പന്നര്‍ അണിനിരക്കും. ധോണിയടക്കമുള്ള പലരുടെയും അവസാന ഐപിഎല്ലുകൂടിയാകും ഇതെന്ന സൂചനയും പുറത്തുവരുന്നുണ്ട്.
മൂന്ന് തവണ ചാമ്പ്യന്മാരായ ചെന്നൈയുടെ ശക്തി ഓള്‍റൗണ്ടര്‍മാരുടെ സാന്നിധ്യമാണ്. രവീന്ദ്ര ജഡേജ, കേദാര്‍ ജാദവ്, മിച്ചല്‍ സാന്റ്നര്‍, ഡ്വെയ്ന്‍ ബ്രാവോ, ഷെയ്നന് വാട്സണ് എന്നിവര്‍ ആദ്യ പതിനൊന്നില്‍ കളിക്കാന്‍ സാധ്യതയുള്ളവരാണ്. ചെന്നൈയുടെ എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരനായ സുരേഷ് റെയ്നയുടെ അഭാവം ടീമിനെ എത്രത്തോളം ബാധിക്കുമെന്ന് കണ്ടറിയണം. വ്യക്തിപരമായ കാരണത്താലാണ് റെയ്ന നാട്ടിലേക്ക് മടങ്ങിയത്.
പരിചയസമ്പന്നനായ സ്പിന്നര്‍ ഹര്ഭജന് സിങ്ങും ഇത്തവണ കളിക്കില്ല. യുഎഇയിലെ പിച്ചുകളില്‍ ഹര്‍ഭജന്റെ സേവനം ചെന്നൈക്ക് കരുത്തേകിയേനെ. പിയൂഷ് ചൗള, ഇമ്രാന് താഹിര്‍, മിച്ചല്‍ സാന്റ്നര്‍ എന്നീ സ്പിന്നര്‍മാര്‍ ടീമിന്റെ കരുത്താണ്. റെയ്നയുടെ അഭാവത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡുപ്ലസിസാകും മൂന്നാം നമ്പറില്‍ കളിക്കുക. നാലാമതായി നായകന് ധോണി കളിക്കുമോയെന്നും കണ്ടറിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: