പൊന്‍കുന്നം: കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നേട്ടം സ്വപ്നം കണ്ട്, സ്ഥാനങ്ങള്‍ മോഹിച്ച് സംസ്ഥാന രാഷ്ട്രീയം വിട്ട നേതാക്കള്‍ വീണ്ടും തിരികെയെത്തുന്നു. എംപിമാരായ കുഞ്ഞാലിക്കുട്ടിയും ജോസ് കെ. മാണിയുമാണ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെയെത്താന്‍ കച്ചമുറുക്കുന്നത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി മത്സരിച്ചത് കേന്ദ്രമന്ത്രി പദം ലക്ഷ്യമിട്ടായിരുന്നു. എന്നാല്‍, യുപിഎ സഖ്യത്തിന് അധികാരത്തില്‍ എത്താന്‍ സാധിക്കാതെ വന്നതോടെയാണ് കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്താന്‍ കുഞ്ഞാലിക്കുട്ടി ആഗ്രഹം പ്രകടിപ്പിച്ചത്. ദുര്‍ബ്ബലമായ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ ഉടനെ ഒരു സര്‍ക്കാരുണ്ടാക്കാന്‍ കഴിയില്ലെന്ന് മനസ്സിലായതോടെയാണ് കുഞ്ഞാലിക്കുട്ടിയുടെയും ജോസ് കെ. മാണിയുടെയും പിന്മാറ്റം.
എംപി സ്ഥാനം രാജിവയ്ക്കില്ലെന്ന് പറയുന്നുണ്ടെങ്കിലും ആറു മാസം കഴിഞ്ഞ് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കുഞ്ഞാലിക്കുട്ടി തിരികെയെത്തുന്നത്. ഈ തിരിച്ചുവരവില്‍ മുസ്ലിം ലീഗിലെ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. ത്രിതല പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ചുമതലയാണ് ഉന്നതാധികാരസമിതി കുഞ്ഞാലിക്കുട്ടിക്ക് കൈമാറിയത്. ഫലത്തില്‍ പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ കുഞ്ഞാലിക്കുട്ടിയുടെ കൈകളിലെത്തി.
യുഡിഎഫിലെ പൊട്ടിത്തെറി നേട്ടമാക്കിയെടുക്കാനാണ് ലീഗ് ലക്ഷ്യമിടുന്നത്. കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം യുഡിഎഫ് വിടുമെന്ന കാര്യം ഏകദേശം ഉറപ്പായി. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സീറ്റു കുറയുന്ന ഘട്ടം വന്നാല്‍ സമ്മര്‍ദ്ദ ശക്തിയായി നിന്ന് കൂടുതല്‍ സ്ഥാനങ്ങള്‍ ആവശ്യപ്പെടാമെന്നാണ് ലീഗ് കണക്കുകൂട്ടല്‍. വേണ്ടിവന്നാല്‍ താക്കോല്‍ സ്ഥാനം പോലും ലീഗ് ആവശ്യപ്പെട്ടേക്കും. കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവ് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും കൂടുതല്‍ സ്വാധീനം ചെലുത്തും. രമേശ് ചെന്നിത്തലയുടെ മുഖ്യമന്ത്രി മോഹത്തിനുപോലും തിരിച്ചടി നേരിട്ടേക്കാം. ഉമ്മന്‍ചാണ്ടിയോടാണ് ലീഗിന് കൂടുതല്‍ താത്പര്യം.
കേന്ദ്രമന്ത്രിപദം ലക്ഷ്യമിട്ട് രാജ്യസഭയിലൂടെ എത്തിയ ജോസ് കെ. മാണിയും സംസ്ഥാന രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാനുള്ള നീക്കത്തിലാണ്. ഇടതുമുന്നണിയുടെ ഭാഗമായാല്‍ രാജ്യസഭാ സീറ്റ് രാജിവയ്ക്കാന്‍ നീക്കമുണ്ട്. തുടര്‍ന്ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മാണി സി. കാപ്പന് രാജ്യസഭാ സീറ്റ് നല്കിയാല് പാലാ നിയമസഭാ മണ്ഡലത്തില്‍ ജോസ് കെ. മാണിക്ക് മത്സരിക്കാനുള്ള അവസരം ലഭിക്കുമെന്നാണ് ജോസ് വിഭാഗം നേതാക്കളുടെ കണക്കുകൂട്ടല്‍. അതിനുള്ള ചര്‍ച്ചകള്‍ ഇടതു മുന്നണിയുമായി നടക്കുന്നുണ്ടെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: