ന്യൂദല്‍ഹി: കോണ്‍ഗ്രസിലെ നെഹ്രു കുടുംബത്തിന്റെ അധിപത്യം ചോദ്യം ചെയ്ത തിരുവനന്തപുരം എംപി ശശി തരൂരിനെ പാര്‍ട്ടി വേദികളില്‍ നിന്ന് ഒഴിവാക്കി ദേശീയ നേതൃത്വം. കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാറ്റം വേണമെന്നാവശ്യപ്പെട്ട് തരൂര്‍ അടക്കമുള്ള 23 പേര് ദേശീയ നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. ഇത് സോണിയയെയും രാഹുലിനെയും ചൊടിപ്പിച്ചിരുന്നു. ഇതോടെയാണ് ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി നയരൂപീകരണ സമിതി യോഗത്തില്‍ ശശി തരൂരിനെ മാറ്റി നിര്‍ത്തിയത്. അംഗങ്ങളല്ലാത്ത പലരെയും ക്ഷണിച്ചപ്പോഴാണ് തരൂരിനെ നേതൃത്വം പങ്കെടുപ്പിക്കാതിരുന്നത്.
കത്തില്‍ ഒപ്പുവെച്ച ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ്മ തുടങ്ങിയ നേതാക്കളും യോഗത്തില്‍ പങ്കെടുത്തപ്പോഴാണ് തരൂരിനെ മാറ്റി നിര്‍ത്തിയത്. സോണിയയ്ക്കും മകന് രാഹുല്‍ ഗാന്ധിക്കും തരൂര്‍ ഭീഷണിയാകുമെന്ന് കണ്ടാണ് ഈ ഒഴിവാക്കലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. തരൂരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച കൊടിക്കുന്നില്‍ സുരേഷിനെ യോഗത്തില്‍ പങ്കെടുപ്പിച്ചുകൊണ്ട് വ്യക്തമായ സന്ദേശമാണ് ദേശീയ നേതൃത്വം നല്‍കിയിരിക്കുന്നത്.
കോണ്‍ഗ്രസില്‍ കുടുംബവാഴ്ചയാണെന്നും പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ദയനീയമാണെന്നും ആരോപിച്ച് കത്തെഴുതിയ നേതാക്കളെ ഒതുക്കി തീര്‍ക്കാനാണ് സോണിയയും രാഹുല്‍ ഗാന്ധിയും നിലവില്‍ ശ്രമിക്കുന്നത്. വിമത സംഘത്തിലെ പ്രമുഖരായ രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്, ഉപനേതാവ് ആനന്ദ് ശര്‍മ്മ എന്നിവരെ പാര്‍ട്ടിക്കുള്ളില്‍ ഒതുക്കി തീര്‍ക്കാന്‍ നീക്കം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി രാജ്യസഭയില്‍ ചീഫ് വിപ്പായി ജയ്റാം രമേഷിനെയും രാഷ്ട്രീയ ഉപദേശകരായി അഹമ്മദ് പട്ടേല്‍, പുതുതായി തിരഞ്ഞെടുക്കപ്പെട്ട കെ.സി. വേണുഗോപാല്‍ എന്നിവരെയും നിയമിച്ചു കഴിഞ്ഞു.
കോണ്‍ഗ്രസ്സില്‍ കുടുംബവാഴ്ചയാണെന്നും രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞശേഷം സോണിയ താത്കാലിക പ്രസിഡന്റായാണ് ഈ പദവിയിലേക്ക് എത്തിയത്. എന്നാല്‍ ഇത് കൂടാതെ സ്ഥിരം സംവിധാനം കൊണ്ടുവരണം. പാര്‍ട്ടിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ ദയനീയമാണെന്നും ഇവര്‍ അയച്ച കത്തില്‍ പ്രതിപാദിക്കുന്നുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് പ്രവര്‍ത്തകരുടെ മൂന്ന് കത്തുകളാണ് സോണിയഗാന്ധിക്ക് കൈമാറിയിട്ടുള്ളത്.
അതേസമയം ലോക്സഭയില്‍ ഉപനേതാവായി ഗൗരവ് ഗൊഗോയിയെയും വിപ്പായി പഞ്ചാബില്‍നിന്നുള്ള രണ്‍വീത് സിങ് ബിട്ടുവിനെയും നിയമിച്ചു. ഇരുവരും ഗാന്ധികുടുംബവുമായി ഏറെ അടുപ്പമുള്ളവരാണ്. ഗൗരവ് ഗൊഗോയിയും മാണിക്കം ടാഗോറുമായിരുന്നു ലോക്സഭയിലെ വിപ്പുമാര്‍. ഗൊഗോയിയെ ഉപനേതാവാക്കിയതോടെ ബിട്ടു വിപ്പായി.
കഴിഞ്ഞ ലോക്സഭയില്‍ അംഗവും ലോക്സഭാ ഉപനേതാവുമായിരുന്ന അമരീന്ദര്‍ സിങ് പഞ്ചാബ് മുഖ്യമന്ത്രി ആയതുമുതല്‍ ലോക്സഭയില്‍ ഉപനേതൃത്വസ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. വേണുഗോപാല്‍ രാജ്യസഭയില്‍ പുതുമുഖമാണെങ്കിലും ലോക്സഭയില്‍ നേരത്തേ ഡെപ്യൂട്ടി വിപ്പായിരുന്നു. നേതൃത്വത്തോട് വളരെ അടുപ്പംപുലര്‍ത്തുന്ന അധീര്‍ രഞ്ജന്‍ ചൗധരിയെ കക്ഷിനേതാവായും കൊടിക്കുന്നില്‍ സുരേഷിനെ ചീഫ് വിപ്പായും ലോക്സഭയില്‍ നിലനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ കത്ത് നല്‍കിയതില്‍ ഉള്‍പ്പെട്ട മനീഷ് തിവാരി, ശശി തരൂര്‍ എന്നിവര്‍ക്ക് ഇനി അവസരം ലഭിക്കാനും സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: