കാസര്‍കോട്: നിക്ഷേപ തട്ടിപ്പില്‍ മഞ്ചേശ്വരം എം.എല്‍.എ എം.സി കമറുദീന്റെ വീട്ടില്‍ പോലീസ് റെയ്ഡ്. എംഎല്‍എയുടെ പടന്നയിലെ വീട്ടില്‍ ചന്തേര സിഐയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. നിക്ഷേപവുമായി ബന്ധപ്പെട്ട ചില രേഖകള്‍ പിടിച്ചെടുത്തതായി പോലീസ് വ്യക്തമാക്കി. റെയ്ഡ് നടന്ന സമയത്ത് എംഎല്‍എ വീട്ടില്‍ ഉണ്ടായിരുന്നില്ല. പിടിച്ചെടുത്ത രേഖകള്‍ പോലീസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും.
ചന്തേര പൊലീസ് സ്റ്റേഷനില്‍ 81ലക്ഷം രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള ഏഴ് കേസുകളാണ് എംഎല്‍എയ്ക്ക് എതിരെ നിലവിലുള്ളത്. ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തികൊണ്ടിരിക്കുന്ന കേസ് സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് നല്‍കുന്നതിന് മുന്നോടിയായി വിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് പരിശോധന നടന്നത്.
ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണലിന്റെ മാനേജര്‍ പൂക്കോയ തങ്ങളുടെ തൃക്കരിപ്പൂരിലെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: