കേരളം ഇടതുപക്ഷ ഭരണത്തില്‍ എത്രമാത്രം അരക്ഷിതമായിരിക്കുന്നു എന്നതിന്റെ പേടിപ്പെടുത്തുന്ന ചിത്രമാണ് അടൂരിലെ കോവിഡ് ബാധിച്ച പെണ്‍കുട്ടിയെ ആംബുലന്‍സ് ഡ്രൈവര്‍ ലൈംഗികപീഡനത്തിനിരയാക്കിയ സംഭവം വരച്ചുകാട്ടുന്നത്. പത്തൊന്‍പതുകാരിയായ പെണ്‍കുട്ടിയെ വീടിനു തൊട്ടടുത്തുള്ള പന്തളം കോവിഡ് ചികിത്സാകേന്ദ്രത്തില്‍ എത്തിക്കേണ്ടതായിരുന്നു. ഇതു ചെയ്യാതെ കോഴഞ്ചേരിയിലെത്തിക്കേണ്ട കോവിഡ് രോഗിയായ മറ്റൊരു സ്ത്രീക്കൊപ്പം കൊണ്ടുപോയശേഷം മടക്കയാത്രയില്‍ ആറന്മുളയില്വച്ചാണ് പ്രതി പെണ്‍കുട്ടിയെ ബലാല്‍സംഗംചെയ്തത്. വളരെ ആസൂത്രിതമായിരുന്നു ഈ ഹീനകൃത്യമെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. മാരകമായ രോഗം ബാധിച്ച് മാനസികമായും ശാരീരികമായും അവശയായ ഒരു പെണ്‍കുട്ടിയെ അര്‍ധരാത്രിയില്‍ വിജനമായ ഒരിടത്തുവച്ച് ക്രൂരമായി പീഡിപ്പിച്ചത് മനുഷ്യ മനഃസാക്ഷിയെ നടുക്കുന്നതാണ്. ഇതു ചെയ്തവന്റെ മനസ്സ് എത്ര പൈശാചികമാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ആശുപത്രിയിലെത്തിയതോടെ ആംബുലന്‍സില്‍നിന്ന് അലറിക്കരഞ്ഞുകൊണ്ട് ഇറങ്ങിയോടിയ പെണ്‍കുട്ടി പീഡനവിവരം പറയുകയും, പ്രതിയെ അടൂരില്‍നിന്ന് പോലീസ് പിടികൂടുകയുമായിരുന്നു. തിരുവനന്തപുരത്തും കോവിഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അതിക്രൂരമായി പീഡിപ്പിച്ചിരിക്കുന്നു.
കൊലപാതകശ്രമം ഉള്‍പ്പെടെ പത്തിലേറെ ക്രിമിനല്‍ കേസുകളിലുള്‍പ്പെട്ടയാളാണ് പ്രതിയായ നൗഫല്‍. ഇത്തരമൊരു സാമൂഹ്യവിരുദ്ധന് എങ്ങനെ സര്‍ക്കാരിന്റെ ആരോഗ്യസംവിധാനത്തിനുള്ളില് പ്രവര്‍ത്തിക്കുന്ന ആംബുലന്‍സ് സര്‍വീസിന്റെ ഡ്രൈവറായി എന്നതാണ് ആശ്ചര്യകരം. സംഭവിച്ചുപോയി എന്ന തരത്തിലുള്ള ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ വിശദീകരണം ആര്‍ക്കും സ്വീകാര്യമാവില്ല. തീവ്രവാദ സംഘടനയായ എസ്ഡിപിഐയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇയാള്‍ പിന്നീട് ഡിവൈഎഫ്ഐക്കാരനായതാണത്രേ. പോലീസിന്റെ പിടിയിലായ ഇയാളെ ജാമ്യത്തിലിറക്കാനെത്തിയത് സിഐടിയുവിന്റെ സംസ്ഥാന ഭാരവാഹിയായ സിപിഎമ്മുകാരനാണെന്ന് പറയപ്പെടുന്നു. പൗരത്വ നിയമവിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്ത ഇയാളെ സംരക്ഷിക്കണമെന്ന ആവശ്യവുമായി ചില ഇസ്ലാമിക തീവ്രവാദ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. പൈശാചികമായ പ്രവൃത്തി ചെയ്തയാള്‍ക്കും നമ്മുടെ നാട്ടില്‍ രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നുവെന്നതിന്റെ തെളിവാണിത്.
കോവിഡ് പ്രതിരോധ സംവിധാനത്തെ പിണറായി സര്‍ക്കാര്‍ പൂര്‍ണമായും പാര്ട്ടിവല്ക്കരിച്ചിരിക്കുകയാണ്. സാമൂഹ്യ അടുക്കള സംഘടിപ്പിക്കുന്നതിലായാലും, സന്നദ്ധപ്രവര്‍ത്തകരെ തെരഞ്ഞെടുക്കുന്ന കാര്യമായാലും സിപിഎമ്മുകാര്‍ക്കാണ് അര്‍ഹതയും യോഗ്യതയും! ഇതിന്റെ ഫലമാണ് സഹജീവികളോട് എന്ത് ക്രൂരതയും കാണിക്കാന്‍ മടിക്കാത്ത മനുഷ്യമൃഗങ്ങള്‍ ആംബുലന്‍സ് ഡ്രൈവറായും മറ്റും മാറുന്നത്. അടൂരില്‍ പീഡനത്തിനിരയായത് പട്ടികജാതിയില്‍പ്പെടുന്ന പെണ്‍കുട്ടിയാണ്. നീചകൃത്യം ചെയ്ത പ്രതി സംഭവം ആരും അറിയരുതെന്ന് പറഞ്ഞത് പെണ്‍കുട്ടി മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. ഇത് പ്രതിക്കെതിരെ ശക്തമായ തെളിവാകും. പ്രതിക്കെതിരെ പട്ടികജാതി-വര്‍ഗ അതിക്രമനിരോധന നിയമപ്രകാരം കേസെടുക്കണം. പ്രതിയുടെ രാഷ്ട്രീയ ബന്ധം കണക്കിലെടുത്ത് പോലീസ് ഒളിച്ചുകളിക്കരുത്.
കുറ്റാരോപിതരുടെ മതം നോക്കി മന്ത്രിമാരെപ്പോലും സംരക്ഷിച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. സര്‍ക്കാരിനെ നയിക്കുന്ന സിപിഎമ്മിനാണെങ്കില്‍ ലൈംഗിക പീഡനങ്ങള്‍ കുറ്റകൃത്യങ്ങളേയല്ല. ഈ സാഹചര്യത്തില്‍ അടൂരിലെ ഹതഭാഗ്യയായ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യത വളരെയേറെയാണ്. സിപിഎമ്മിന്റെ ചട്ടുകമായി മാറിയിരിക്കുന്ന സംസ്ഥാന വനിതാ കമ്മീഷന് ഉത്തരവാദിത്തം നിറവേറ്റുമെന്ന് വിചാരിക്കുന്നവര്‍ വിഡ്ഢികളാകും. ദേശീയ വനിതാ കമ്മീഷന് അടിയന്തരമായി പ്രശ്നത്തില്‍ ഇടപെടണം. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ നിലവിളി പെണ്മക്കളുള്ള മാതാപിതാക്കളുടെ മനസ്സില്‍ മുഴങ്ങുകയാണ്. സമൂഹത്തിന്റെ മനഃസാക്ഷിയായ സാംസ്കാരിക നായകന്മാര് ഒറ്റക്കെട്ടായി ഇതിനോട് പ്രതികരിക്കണം. കേരളത്തിന് ലോകത്തിനു മുന്നില്‍ തലകുനിക്കേണ്ടിവരുന്ന ഇതുപോലുള്ള സംഭവം ഇനിയൊരിക്കലും ആവര്‍ത്തിച്ചുകൂടാ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: