ആലപ്പുഴ: മതിയായ സൗകര്യങ്ങളൊരുക്കാതെ കൊവിഡ് ഫസ്റ്റ് ലൈന്‍ സെന്ററുകള്‍ തുടങ്ങുന്നത് രോഗവ്യാപനത്തിന് ഇടയാക്കുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ ഇവിടങ്ങളില്‍ നിന്ന് രോഗം പകരുന്നെന്നാണ് പരാതി.
രോഗവ്യാപനം വര്‍ധിച്ചതോടെയാണ് തദ്ദേശസ്ഥാപനങ്ങളുടെയും ജില്ലാ ഭരണകൂടങ്ങളുടെയും മേല്‍നോട്ടത്തില്‍ ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകള്‍ തുടങ്ങിയത്. ഓഡിറ്റോറിയങ്ങള്‍ ഏറ്റെടുത്ത് ബെഡുകള്‍ നിരത്തുന്നതില്‍ ഒതുങ്ങുകയാണ് സെന്ററുകളിലെ സൗകര്യങ്ങള്‍. ജീവനക്കാര്‍ക്കും, രോഗികള്‍ക്കും മതിയായ ശുചിമുറി സൗകര്യം പോലും പലയിടങ്ങളിലുമില്ല.
ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ആലപ്പുഴ നഗരസഭ ശക്തി ഓഡിറ്റോറിയത്തില്‍ പ്രവര്‍ത്തിപ്പിച്ചിരുന്ന കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ അടച്ചു. ഇതോടെ ഇവിടെയുണ്ടായിരുന്ന കൊവിഡ് ബാധിതരെ സമീപത്തെ ഫസ്റ്റ് ലൈന്‍ സെന്ററുകളിലേക്ക് മാറ്റി. ഒരു ഡോക്ടര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതിനു മുന്‍പ് ഇവിടത്തെ മൂന്നു ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
അണുനശീകരണം യഥാസമയം നടത്തുന്നതിലും മറ്റുമുണ്ടായ വീഴ്ചയാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ രോഗം പടരാനിടയാക്കിയത്. മാത്രമല്ല മതിയായ ശുചീകരണത്തൊഴിലാളികളെ നിയോഗിക്കാത്തതിനാല്‍ ഇത്തരം സെന്ററുകളില്‍ മാലിന്യം കുമിഞ്ഞു കൂടുകയാണെന്നും പരാതിയുണ്ട്. പത്ത് രോഗികള്‍ക്ക് ഒരു ശുചീകരണ തൊഴിലാളി എന്ന നിലയില്‍ നിയോഗിക്കണമെന്നാണ് വ്യാവസ്ഥയെങ്കിലും നൂറുകണക്കിന് രോഗികള്‍ ഉള്ളയിടങ്ങളില്‍ പോലും രണ്ടോ, മൂന്നോ ശുചീകരണ തൊഴിലാളികളെയാണ് നിയോഗിച്ചിട്ടുള്ളത്. മാലിന്യങ്ങള്‍ യഥാസമയം സംസ്കരിക്കുന്നതിനും നടപടിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: