തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പിലേക്ക് തിരുകി കയറ്റിയത് നിരവധി ക്രിമിനലുകളെ. താത്കാലിക ജീവനക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയ ലേബലുകളില്‍ സിപിഎം ഗുണ്ടകളെ ആരോഗ്യ വിഭാഗത്തിലേക്ക് തിരുകികയറ്റുകയായിരുന്നു. യുവജനക്ഷേമ ബോര്‍ഡടക്കം നല്‍കിയിട്ടുള്ള വോളണ്ടിയര്‍മാരുടെ പട്ടികയില്‍ സിപിഎം അനുഭാവികളെ മാത്രം ഉള്‍ക്കൊള്ളിച്ചത് നേരത്തെ വിവാദമായിരുന്നു.
കൊറോണ വൈറസ് പടരുന്നതിന് മുന്നേ തന്നെ നിരവധി പേരാണ് താത്കാലിക ജീവനക്കാരായി ആരോഗ്യ വകുപ്പില്‍ കടന്നുകൂടിയത്. ശുചീകരണ തൊഴിലാളികള്‍ മുതല്‍ ടെക്നീഷ്യന്മാരെ വരെ തിരുകി കയറ്റിയിട്ടുണ്ട്. താത്കാലികമായി കയറിയാല്‍ പിന്നെ ആജീവനാന്തം കരാര്‍ പുതുക്കി നല്‍കുകയാണ് പതിവ്. മെഡിക്കല്‍ കോളേജുകളില്‍ അടക്കം ഇത്തരത്തില്‍ നിരവധി നിയമനങ്ങളാണ് നടന്നത്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി നിയന്ത്രണമില്ലാതെ പലരേയും സന്നദ്ധ സേവനത്തിന്റെ മറവില്‍ തിരുകിക്കയറ്റിയിട്ടുണ്ട്. സമൂഹ അടുക്കളയിലടക്കം സംഘര്‍ഷം ഉണ്ടായി. സിപിഎം ബ്രാഞ്ചുകളുടെ നിര്‍ദേശ പ്രകാരം എത്തിയതിനാല്‍ പശ്ചാത്തലം പരിശോധിക്കാന്‍ പോലും തയാറായിട്ടില്ല.
നാലേകാല്‍ ലക്ഷം സന്നദ്ധ പ്രവര്‍ത്തകരുടെ ലിസ്റ്റാണ് സര്‍ക്കാരിന്റ കൈയിലുള്ളത്. യുവജനക്ഷേമ ബോര്‍ഡ് തയാറാക്കി നല്കിയ രണ്ട് ലക്ഷത്തോളം പേരുടെ പട്ടികയില്‍ 90 ശതമാനവും ഡിവൈഎഫ്ഐക്കാരാണ്. അതില്‍ അധികവും ക്രിമിനല്‍ കേസുകളിലടക്കം പ്രതികളായവര്‍ ഉണ്ടെന്ന വിവരവും പുറത്ത് വരുന്നുണ്ട്. പട്ടികയില്‍ പാര്‍ട്ടി നിര്‍ദേശപ്രകാരം ഉള്ളവരെ മാത്രം ഉള്‍പ്പെടുത്തിയാണ് ലിസ്റ്റ് തയാറാക്കിയതെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. അതിന് പിന്നാലെ സന്നദ്ധ സേവനത്തിന്റെ മറവില്‍ എത്തിയവര്‍ക്ക് വേതനം നല്‍കാനുള്ള തീരുമാനവും സര്‍ക്കാര്‍ എടുത്തിട്ടുണ്ട്.
പത്തനംതിട്ടയില്‍ 108 കനിവ് ആംബുലന്‍സ് ഡ്രൈവര്‍ കൊറോണ ബാധിതയെ പീഡിപ്പിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സന്നദ്ധ സേവന പട്ടികയിലുള്ളവരുടെ പശ്ചാത്തലം പരിശോധിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
സൂചനകള്‍ ലഭിച്ചിട്ടും നടപടിയെടുക്കാതെ സര്‍ക്കാര്‍
സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍മാരില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ കടന്നുകൂടുന്നുവെന്നതിന് തെളിവായി മുമ്പും നിരവധി സംഭവങ്ങള്‍. 2014-2015ല്‍ ആലപ്പുഴ ജില്ലയില്‍ 108 ആംബുലന്‍സില്‍ ജോലി ചെയ്തിരുന്ന ആളായിരുന്നു പത്തനംതിട്ട പീഡനക്കേസിലെ പ്രതി നൗഫല്‍.
ഈ മുന്‍പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഉടന്‍ ഹാജരാക്കാം എന്ന ഉറപ്പിന്മേല് നൗഫലിന് ജോലി നല്‍കിയത് എന്നാണ് കനിവ് ആംബുലന്‍സ് ഏജന്‍സിയായ ജിവികെഇഎംആര്‍ഐയുടെ വാദം. കൊറോണ കൂടി പടര്‍ന്നതോടെ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ സാവകാശം നല്‍കുകയായിരുന്നു എന്നുമാണ് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.
സര്‍ക്കാര്‍ നിര്‍ദേശപ്രകാരം നിരവധി പേര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്ലാതെ ഏജന്‍സി നിയമനം നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ ശുപാര്‍ശയിലൂടെ നഴ്സുമാരും കനിവ് ആംബുലന്‍സില്‍ ജോലി നേടിയിട്ടുണ്ട്. ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ നിന്നടക്കം ശുപാര്‍ശയോടെ നിരവധി പേര് ജോലിയിലുണ്ട്. അക്കൂട്ടത്തില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരും കടന്നുകൂടിയിട്ടുണ്ട്.
തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ മാരകായുധങ്ങളുമായി തമ്മിലടിച്ച സംഭവം ഉണ്ടായി. ചില തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ മുഖം മിനുക്കാന്‍ സജ്ജീകരിച്ചിരിക്കുന്ന സാന്ത്വന ആംബുലന്‍സുകളിലെ ജീവനക്കാരെക്കുറിച്ച് അന്വേഷിക്കണമെന്ന സ്പെഷ്യല്‍ ബ്രാഞ്ചും രഹസ്യാന്വേഷണ ഏജന്‍സികളും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതും സര്‍ക്കാര്‍ അന്വേഷിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: