തൊടുപുഴ: മങ്ങാട്ടുകവല നഗരസഭ ബസ് സ്റ്റാന്‍ഡിലെ തണല്‍മരങ്ങള്‍ വെട്ടിനീക്കി. നഗരസഭ പുതുതായി നിര്‍മിക്കുന്ന ഷോപ്പിങ് കോംപ്ലക്‌സിന് സമീപം നിന്നിരുന്ന തണല്‍മരങ്ങളാണ് ഇന്നലെ രാവിലെ വെട്ടിനീക്കിയത്. ഇവിടുത്തെ ഷോപ്പിങ് കോംപ്ലക്‌സിന്റെ നിര്‍മാണ ജോലികള്‍ അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തിലാണ് മരങ്ങള്‍ വെട്ടിനീക്കിയത്. ഈ ആഴ്ച തന്നെ കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്താനും നീക്കം നടക്കുന്നുണ്ട്.
എന്നാല്‍ തണല്‍മരങ്ങള്‍ വെട്ടിനീക്കിയത് വേനല്‍ക്കാലത്ത് കടുത്ത ദുരിതത്തിന് കാരണമാകുമെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രദേശത്തെവിടെയും മറ്റ് വലിയ മരങ്ങളില്ല. ചുട്ടുപൊള്ളുന്ന ചൂടില്‍ നിന്ന് യാത്രക്കാര്‍ക്കും ഇവിടുത്തെ തൊഴിലാളികള്‍ക്കും ആശ്വാസമായിരുന്നു ഈ മരങ്ങള്‍. മരങ്ങള്‍ ചുവടോടെ വെട്ടിയില്ലെങ്കിലും ശിഖരങ്ങളെല്ലാം മുറിച്ച് ഉയരം പാതിയാക്കി നിര്‍ത്തിയിരിക്കുകയാണ്. അപകട സാധ്യതയുള്ള മരങ്ങള്‍ മുറിക്കാന്‍ കളക്ടര്‍ നല്‍കിയ അനുമതിയുടെ മറവിലാണ് ഈ നീക്കം.
അതേ സമയം മങ്ങാട്ടുകവല ബസ് സ്റ്റാന്റില്‍ എത്തുന്ന ബസുകള്‍ക്കും യാത്രക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിച്ച് ഇവിടെ നിക്ഷേപിച്ചിരിക്കുന്ന മണ്ണ് നീക്കം ചെയ്യാന്‍ അധികൃതര്‍ തയാറായിട്ടുമില്ല. മുതലക്കോടം ഭാഗത്ത് പാടം നികത്തിയ മണ്ണാണ് ആര്‍ഡിഒയുടെ ഉത്തരവിനെ തുടര്‍ന്ന് കോരിക്കൊണ്ടുവന്ന് ഇവിടെ നിക്ഷേപിച്ചത്. മാസങ്ങള്‍ പിന്നിട്ടിട്ടും മണ്ണ് നീക്കം ചെയ്യാതായതോടെ പുല്ലുവളര്‍ന്ന് കാടുപിടിച്ചുകിടക്കുകയാണ്. ഇതോടെ ഇവിടെ മാലിന്യനിക്ഷേപവും നടക്കുന്നുണ്ട്. പുതിയ ഷോപ്പിങ് കോംപ്ലക്‌സിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മണ്ണ് നീക്കം ചെയ്യുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. ഉദ്ഘാടനം സംബന്ധിച്ച് ഇന്ന് വാര്‍ഡ് കൗണ്‍സിലര്‍മാരുടെ യോഗവും ചേരുന്നുണ്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: