മൂന്നാര്‍: പെട്ടിമുടി ദുരന്തം നടന്ന് ഒരുമാസം പിന്നിടുമ്പോള്‍ ഒപ്പമുണ്ടായിരുന്നവര്‍ വേര്‍പിരിഞ്ഞ ദുഖത്തിലും പ്രദേശത്തെ തൊഴിലാളികള്‍ ജോലിക്കായി വീണ്ടും തോട്ടങ്ങളിലെത്തി. ഏറെ കഷ്ടപ്പാട് നിറഞ്ഞ ജീവിതം തള്ളി നീക്കാന്‍ കൊളുന്ത് നുള്ളുന്ന ജോലികളാണ് ഇവര്‍ തുടരുന്നത്.
വിശേഷങ്ങളും വര്‍ത്തമാനങ്ങളും പങ്കുവച്ച് ഒപ്പമുണ്ടായിരുന്നവര്‍ ദുരന്തത്തില്‍ നഷ്ടപ്പെട്ടതിന്റെ ഓര്‍മകള്‍ ഇവരെ സാരമായി തന്നെ അലട്ടുന്നുണ്ട്. മഴയുടെ നനവ് മുഖത്ത് പടരുമ്പോളും പ്രിയപ്പെട്ടവരുടെ ഓര്കള് പൊള്ളിക്കുന്ന കണ്ണുനീര് ഒലിച്ചിറങ്ങുന്നത് അവര്‍ക്ക് തടയാനാകുന്നില്ല. തേയിലക്കൊളുന്ത് നിറഞ്ഞ തോളിലെ സഞ്ചിയെക്കാളേറെ ഭാരമുണ്ട് ഹൃദയത്തിലെ പ്രിയപ്പെട്ടവരുടെ ഓര്‍മകള്‍ക്ക്.
തൊഴിലാളികളായ ആദിലക്ഷ്മിയും ഇന്ദിരയും അന്യസംസ്ഥാന തൊഴിലാളിയായ ഒഡീഷ സ്വദേശി വിഷ്ണു പ്രിയയുമെല്ലാം കൊളുന്തെടുക്കുന്നത് പ്രിയപ്പെട്ടവരുടെ വിങ്ങുന്ന ഓര്മകളുമായായാണ്. പണിക്കിടയില്‍ അവരെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ദുഖം അണപൊട്ടിയൊഴുകുമ്പോള്‍ പരസ്പരം ആശ്വസിപ്പിച്ച് പണി തുടരുകയാണ് ഇവര്‍.
ഇന്ദിരയുടെ സഹോദരിയുടെ മകള്‍ ദുരന്തത്തില്‍ മരിച്ചിരുന്നു. ആദിലക്ഷ്മിയുടെയും ബന്ധുക്കള്‍ ദുരന്തത്തില്‍ ഇല്ലാതായി. അന്യ സംസ്ഥാനത്ത് നിന്ന് എത്തിയതാണെങ്കിലും യാതൊരു വിധ വേര്‍തിരിവുകളും ഇല്ലാതെ ഒപ്പം കൂട്ടിയവര്‍ ഇല്ലാതായതിന്റെ വേദനയിലാണ് വിഷ്ണുപ്രിയയും. പ്രിയപ്പെട്ടവരുടെ വേര്‍പാട് മനസില്‍ വേദന നിറയ്ക്കുമ്പോഴും അടത്തിയെടുക്കാനുള്ള തളിരിട്ട കൊളുന്തില തിരയുകാണ് മൂവരും. ഒരുമാസമായി തൊഴിലാളികള്‍ എത്താത്തിനെ തുടര്‍ന്ന് തേയിലച്ചെടികള്‍ നല്ല രീതിയില്‍ തളിരിട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: