മങ്കൊമ്പ്: മാധ്യമങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ നിറയുമ്പോഴും കുട്ടനാട്ടില്‍ ആവേശം ഉയരുന്നില്ല. കൊറോണ മാത്രമല്ല, വെള്ളപ്പൊക്കകെടുതിയില്‍ നിന്ന് പൂര്‍ണമായും കരകയറാത്ത പ്രദേശങ്ങള്‍ ഇവിടെ നിരവധിയാണ്. ജലനിരപ്പ് താഴാത്തതിനാല്‍ കൈനകരിയില്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ തന്നെ ജനങ്ങള്‍ക്ക് ഉപതെരഞ്ഞെടുപ്പിനോട് താല്‍പ്പര്യം തീരെയില്ല എന്നതാണ് സ്ഥിതി. എന്നാല്‍ മുന്നണികള്‍ പതിവുപോലെ ചര്‍ച്ചകളും പ്രഖ്യാപനങ്ങളുമായി കളം നിറയാനുള്ള ശ്രമം തുടങ്ങി.
എല്‍ഡിഎഫില്‍ എന്‍സിപിക്കു തന്നെ ആയിരിക്കും സ്ഥാനാര്‍ത്ഥിത്വമെന്ന് ഉറപ്പിച്ച് കഴിഞ്ഞു. എംഎല്‍എ ആയിരുന്ന തോമസ് ചാണ്ടിയുടെ സഹോദരന് തോമസ് കെ. തോമസ് സ്ഥാനാര്‍ത്ഥി ആകുമെന്ന് മന്ത്രി ശശീന്ദ്രന് വ്യക്തമാക്കി. തോമസ് കെ. തോമസിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് തോമസ് ചാണ്ടിയുടെ കുടുംബം രേഖാമൂലം തന്നെ സിപിഎമ്മിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ എന്‍സിപിയിലെ മറ്റു സ്ഥാനാര്‍ത്ഥി മോഹകള്‍ പുറന്തള്ളപ്പെട്ടു.
യുഡിഎഫിലാണ് സ്ഥാനാര്‍ഥി നിര്‍ണയം ഏറ്റവുമധികം തലവേദന സൃഷ്ടിക്കുന്നത്. കഴിഞ്ഞ തവണ കുട്ടനാട്ടില്‍ മത്സരിച്ച യുഡിഎഫിലെ ഘടകകക്ഷിയായിരുന്ന കേരളാ കോണ്‍ഗ്രസ്-എമ്മിലാണ് പോരു മുറുകുന്നത്. ജോസ് പക്ഷത്തിലേയും, ജോസഫ് വിഭാഗത്തിലേയും നേതാക്കള്‍ അവകാശപ്രഖ്യാപനവും വെല്ലുവിളികളുമായി രംഗത്തിറങ്ങിക്കഴിഞ്ഞു. പാര്‍ട്ടി ചിഹ്നമായിരുന്ന രണ്ടില ജോസ് വിഭാഗത്തിന് അനുവദിച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പു കമ്മീഷന്റെ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെ ജോസ് പക്ഷത്തിന് സീറ്റ് നല്‍കണമെന്നാണ് യുഡിഎഫിലെ ഭൂരിപക്ഷത്തിനും താല്‍പ്പര്യമെന്ന് അറിയിന്നു. എന്നാല്‍ സീറ്റ് വിട്ടുനല്‍കില്ലെന്നാണ് ജോസഫ് പക്ഷത്തിന്റെ നിലപാട്. കഴിഞ്ഞ തവണത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജേക്കബ് എബ്രഹാം, ജോസഫിനൊപ്പമാണ് നിലയുറപ്പിച്ചിട്ടുള്ളത്.
എന്‍ഡിഎയിലാകട്ടെ കഴിഞ്ഞതവണ ബിഡിജെഎസിനു വേണ്ടി സുഭാഷ് വാസുവായിരുന്നു രംഗത്ത്. ഇക്കുറി സുഭാഷ് വാസുവും തുഷാര്‍ വെള്ളാപ്പള്ളിയും വിരുദ്ധ ചേരിയിലാണ്. ബിഡിജെഎസ് ആയിരിക്കും ഇത്തവണയും മത്സരിക്കുക എന്ന് പാര്‍ട്ടി പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു.
തോമസ് ചാണ്ടി (എന്‍സിപി)-50114
ജേക്കബ് എബ്രഹാം (കേരള കോണ്‍ഗ്രസ്)-45223
സുഭാഷ് വാസു (ബിഡിജെഎസ്.)-33044 എന്നിങ്ങനെയാണ് 2016ലെ വോട്ടുനില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: