കാസര്‍കോട്: ഭരണഘടനയുടെ അടിസ്ഥാനഘടനയില്‍ മാറ്റംവരുത്താന്‍ പാര്‍ലമെന്റിന് പോലും കഴിയില്ലെന്ന സുപ്രീംകോടതിയുടെ സുപ്രധാന വിധിക്ക് കാരണക്കാരനായ സംന്യാസിയായിരുന്നു എടനീര്‍ മഠാധിപതി കേശവാനന്ദ ഭാരതി ശ്രീപദ ഗല്‍വരു. ഈ വിധി നേടിയ കേശവാനന്ദ ഭാരതി കേസ് രാജ്യത്ത് ഏറെ ചര്‍ച്ചയായിരുന്നു. കേശവാനന്ദ ഭാരതി-സ്റ്റെയ്റ്റ് ഓഫ് കേരള എന്നറിയപ്പെടുന്ന കേസിലാണ് സുപ്രീംകോടതിയുടെ ഈ സുപ്രധാന വിധി.
രാജ്യം കണ്ട ഏറ്റവും ചരിത്രപരമായ കേസുകളില്‍ ഒന്നായിരുന്നു മൗലികാവകാശ സംരക്ഷണത്തിന് കേശവാനന്ദയുടെ നേതൃത്വത്തില്‍ സുപ്രീംകോടതിയില്‍ നടന്നത്. 1971ലെ 29-ാമത് ഭരണഘടനാ ഭേദഗതി നിയമവും 1969ലെ കേരള ഭൂപരിഷ്കരണ നിയമവും 1971ലെ കേരളാ ഭൂപരിഷ്കരണ ഭേദഗതി നിയമവുമാണ് സ്വാമി റിട്ട് ഹര്‍ജിയിലൂടെ ചോദ്യം ചെയ്തത്. കേരള സര്‍ക്കാരിനെയും മറ്റും എതിര്‍കക്ഷിയാക്കി 1970 മാര്‍ച്ച് 21നാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. പിന്നീട് ഈ കേസ് പരാമര്‍ശിച്ച് ഒട്ടേറെ വിധികളുണ്ടായി.
1970ല്‍ 21-ാം വയസിലാണ് കേശവാനന്ദ ഭാരതി കേരള സര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നത്. ക്ഷേത്രങ്ങള്‍ക്കും മഠങ്ങള്‍ക്കും ഇളവ് നല്‍കുന്നതിന് ഇതിടയാക്കിയെങ്കിലും സ്വകാര്യ-വ്യക്തിഗത സ്വത്തിന് നിയന്ത്രണമുണ്ടായി. മഠത്തിന്റെ സ്വത്തുക്കള്‍ ഭൂപരിഷ്കരണ നിയമപ്രകാരം ഏറ്റെടുക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. കേസില്‍ തോറ്റെങ്കിലും സുപ്രധാനമായ ഒരു ഭരണഘടന പ്രശ്നം ഉയര്‍ത്തിക്കൊണ്ടുവരാന്‍ കേശവാനന്ദ ഭാരതിയുടെ അഭിഭാഷകന് നാനി പാല്‍ഖിവാലയ്ക്ക് സാധിച്ചു.
ഭരണഘടന ഭേദഗതി ചെയ്യാനുള്ള പാര്‍ലമെന്റിന്റെ അധികാരം അനിയന്ത്രിതവും പരിധികളില്ലാത്തതുമാണോ എന്ന ചോദ്യമാണ് ഉന്നയിക്കപ്പെട്ടത്. ഭരണഘടനാ ഭേദഗതിക്ക് പാര്‍ലമെന്റിന് അധികാരം നല്‍കുന്നത് 368-ാം അനുച്ഛേദമാണ്. ഇതില്‍ പാര്‍ലമെന്റിന്റെ അധികാരത്തിന് പരിധികളുള്ളതായി പറയുന്നില്ല. അതിനര്‍ത്ഥം മൗലികാവകാശങ്ങളുള്‍പ്പെടെ ഭരണഘടനയിലെ സുപ്രധാന സ്വഭാവങ്ങള്‍ തിരുത്താന്‍ പാര്‍മെന്റിന് അധികാരമുണ്ട് എന്നതാണോ എന്നായിരുന്നു കേശവാനന്ദ ഭാരതി കേസുയര്‍ത്തിയ പ്രധാന ചോദ്യം. അന്നത്തെ ചീഫ് ജസ്റ്റിസ് എസ്.എം സിക്രിയുടെ നേതൃത്വത്തിലുള്ള പതിമൂന്നംഗ ബെഞ്ചിന് മുന്‍പാകെയാണ് ഈ ചോദ്യങ്ങളെത്തിയത്. ഭരണഘടനയില്‍ പറയുന്ന മൗലികാവകാശങ്ങള്‍ എടുത്ത് കളയുന്ന ഭേദഗതികള്‍ കൊണ്ടുവരാന്‍ പാര്‍ലമെന്റിന് അധികാരമില്ലെന്ന് ഗൊലക്നാഥ് കേസില്‍ സുപ്രീംകോടതിയുടെ പതിനൊന്നംഗ ബെഞ്ച് വിധിച്ചിരുന്നു. ഈ വിധിയുടെ പുനപ്പരിശോധനകൂടി ലക്ഷ്യമിട്ടാണ് പതിമൂന്നംഗ ബെഞ്ച് നിശ്ചയിച്ചത്.
68 ദിവസത്തെ വാദത്തിനൊടുവില്‍ 1973 ഏപ്രില്‍ 24ന് സുപ്രീംകോടതി ചരിത്രവിധി പുറപ്പെടുവിച്ചു. ഭരണഘടനയുടെ അടിസ്ഥാന ഘടന മാറ്റിമറിക്കുന്ന ഭേദഗതികള്‍ കൊണ്ടുവരാന്‍ പാര്‍ലമെന്റിന് അധികാരമില്ലെന്ന് 6/7 ഭൂരിപക്ഷത്തിന് കോടതി ചരിത്രവിധി എഴുതി. പിന്നീട് ചീഫ് ജസ്റ്റിസായ എ.എന്‍. റേയുള്‍പ്പെടെയുള്ള ആറ് പേര് പാര്‍ലമെന്റിന്റെ അധികാരം പരിധികളില്ലാത്തതാണെന്ന ന്യൂനപക്ഷ വിധിയുമെഴുതി. ഇന്ദിരാഗാന്ധി സര്‍ക്കാര്‍ അവതരിപ്പിച്ച 24,26,29 ഭരണഘടനാ ഭേദഗതികളാണ് ഈ കേസിലൂടെ ചോദ്യം ചെയ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: