തലശ്ശേരി: തലശ്ശേരി പൊന്ന്യം ചൂളയിലെ സിപിഎം കേന്ദ്രത്തില്‍ കഴിഞ്ഞദിവസം ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ കൂടുതല്‍പേര്‍ക്ക് പങ്കുള്ളതായി സൂചന. ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അഴിയൂര്‍ സ്വദേശി റമീഷ്, അഴിയൂര്‍ കെഒ ഹൗസില്‍ ധീരജ്, ചുണ്ടങ്ങാപൊയില്‍ സ്വദേശി കെ.വി. സജിലേഷ് എന്നിവരാണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രയില്‍ ചികിത്സയിലുള്ളത്. ബോംബ് നിര്‍മ്മാണത്തിന് സഹായം ചെയ്ത് കൊടുത്ത പൊന്ന്യത്തെ സിപിഎം പ്രവര്ത്തകന് അശ്വന്തിനെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സി.ഒ.ടി. നസീര്‍ വധശ്രമക്കേസിലെ പ്രതിയാണ് അശ്വന്ത്.
സ്ഥിരമായി ബോംബ് നിര്‍മ്മാണം നടക്കുന്ന സ്ഥലത്താണ് സ്ഫോടനം നടന്നതെന്ന് പോലീസിന് കൃത്യമായ സൂചന ലഭിച്ചിട്ടുണ്ട്. നേതൃത്വത്തിന്റെ സഹായം ലഭിക്കാതെ ഇത്തരത്തില്‍ പുറത്ത് നിന്നുള്ളവര്‍ക്ക് സ്ഥിരമായി ഇവിടെയെത്തി ബോംബ് നിര്‍മ്മാണം നടത്തി വിവിധ കേന്ദ്രങ്ങളിലെത്തിക്കാനാവില്ല. അതുകൊണ്ട്തന്നെ പാര്‍ട്ടി ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് ബോംബ് നിര്‍മ്മാണം നടന്നതെന്ന് വ്യക്തമാണ്. സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന് സ്ഫോടനത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അന്വേഷണം സിപിഎം നേതൃത്വത്തിലേക്ക് എത്താതിരിക്കാന്‍ പാര്‍ട്ടിയുടെ പ്രമുഖനായ ഒരു എംഎല്‍എ തന്നെ രംഗത്തിറങ്ങിയിട്ടുണ്ട്.
പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ വിവരം ആശുപത്രി അധികൃതരും പോലീസും രഹസ്യമായി വെക്കുന്നതിലും ദുരൂഹതയുണ്ട്. സംഭവം നടന്ന് പരിക്കേറ്റവരെ സ്ഥലത്ത് നിന്ന് മാറ്റി തെളിവ് നശിപ്പിച്ചതിന് ശേഷമാണ് പോലീസ് സംഭവ സ്ഥലത്തെത്തിയത്. സിപിഎം ശക്തി കേന്ദ്രങ്ങളില്‍ നേരത്തെയും സ്ഫോടനം നടന്ന സമയങ്ങളില്‍ ഇത്തരം നിലപാട് തന്നെയാണ് നേതൃത്വം സ്വീകരിച്ചത്. പോലീസിലെ ഒരു വിഭാഗം ഇത്തരം നീക്കങ്ങള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. അന്വേഷണം നേതൃതലത്തിലെത്താതിരിക്കാന്‍ അന്വേഷണ സംഘത്തെയുള്‍പ്പടെ ഭീഷണിപ്പെടുത്തുകയാണ് സിപിഎം ശൈലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: