ബെംഗളൂരു: ബെംഗളൂരു ലഹരിക്കടത്ത് കേസില്‍ 12 പേര്‍ക്കെതിരെ ബെംഗളൂരു പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ശിവപ്രകാശാ (ചിപ്പി)ണ് പ്രധാന പ്രതി. രാഗിണി ദ്വിവേദിയും വീരന്‍ ഖന്നയും രണ്ടും മൂന്നും പ്രതികളാണ്. രാഗിണിയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രകാശ് രങ്ക, വൈഭവ് ജയിന്‍, ആദിത്യ അല്‍വ, ലൂം പെപ്പര്‍ സാംബ, പ്രശാന്ത് രാജു, അശ്വിന്‍ (ബൂജി), അഭിസ്വാമി, രാഹുല്‍ ടോണ്‍സ്, വിനയ് എന്നിവരാണ് മറ്റു പ്രതികള്‍. നൈജീരിയന്‍ സ്വദേശി ലൂം പെപ്പര്‍ സാംബയെ സിസിബി അറസ്റ്റു ചെയ്തു. ഇയാളാണ് സെലിബ്രിറ്റികള്‍ക്കും അവരുടെ സഹായികള്‍ക്കും മയക്കുമരുന്ന് വിതരണം ചെയ്തിരുന്നത്.
ക്രിമിനല്‍ ഗൂഢാലോചന, മയക്കുമരുന്ന് കൈവശം വയ്‌ക്കുക, വാങ്ങുക, ഉപയോഗിക്കുക, കുറ്റവാളികളെ പാര്‍പ്പിക്കുക തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. രാഗിണിയും സുഹൃത്ത് രവിശങ്കറും മയക്കുമരുന്ന് വാങ്ങി പാര്‍ട്ടികളില്‍ വിതരണം ചെയ്തിരുന്നതായി എഫ്‌ഐആറിലുണ്ട്.
ബെംഗളൂരുവില്‍ ഉന്നതര്‍ക്കായി പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന ആളാണ് വീരന്‍ ഖന്ന. ഇയാള്‍ ബെംഗളൂരുവില്‍ നടത്തുന്ന എക്പാറ്റ് ക്ലബില്‍ മൂവായിരത്തോളം മെമ്പര്‍മാരുണ്ട്. അംഗങ്ങള്‍ക്കായി പാര്‍ട്ടികള്‍ നടത്തുന്നതും പതിവായിരുന്നു. സിസിബി പ്രത്യേക സംഘം ന്യൂദല്‍ഹിയില്‍ നിന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്.
അതേസമയം, സിസിബി അറസ്റ്റു ചെയ്ത രവിശങ്കര്‍, രാഹുല്‍ ഷെട്ടി എന്നിവരുടെ പേരുകള്‍ എഫ്‌ഐആറില്‍ ഇല്ല. രവിശങ്കര്‍, രാഗിണി ദ്വിവേദിയുടെയും രാഹുല്‍, കന്നട നടി സഞ്ജന ഗല്‍റാണിയുടെയും സുഹൃത്താണ്. രവിശങ്കറെ വ്യാഴാഴ്ചയും രാഹുലിനെ വെള്ളിയാഴ്ചയുമാണ് അറസ്റ്റു ചെയ്തത്.
2018ല്‍ ഒന്നരകോടി രൂപയുടെ മയക്കുമരുന്നു പിടിച്ചെടുത്ത കേസിലാണ് രവിശങ്കറെ ഇപ്പോള്‍ പ്രതിചേര്‍ത്തിരിക്കുന്നത്. ഈ കേസില്‍ നേരത്തെ, മൂന്നു നൈജീരിയല്‍ സ്വദേശികളും ബെംഗളൂരു സ്വദേശി പ്രകാശ് ഷെട്ടിയും അറസ്റ്റിലായിരുന്നു.
പ്രകാശ് ഷെട്ടിയില്‍ നിന്ന് രവിശങ്കര്‍ മയക്കുമരുന്നുകള്‍ വാങ്ങിയിരുന്നു. ഇതിലാണിപ്പോള്‍ രവിശങ്കറിനെതിരെ കേസെടുത്തിരിക്കുന്നത്. പോലീസ് കസ്റ്റഡിയിലുള്ള രവിശങ്കറെ തിരികെ കോടതിയില്‍ ഹാരാക്കുന്നതിനു മുമ്പ് ബെംഗളൂരു മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുമെന്ന് സിസിബി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: