‘നമ്പി ആരെന്നു ചോദിച്ചു നമ്പിയാരെന്നു ചൊല്ലിനേന്‍, നമ്പി കേട്ടഥ കോപിച്ചു, തമ്പുരാനേ പൊറുക്കണം’. അന്ന് ശ്രീപത്മനാഭ ക്ഷേത്രത്തില്‍ അത്രയേ സംഭവിച്ചുള്ളൂയെന്നാണ് കുഞ്ചന്‍ നമ്പ്യാര്‍ പറഞ്ഞത്. കാലം മാറി. ഇന്ന് കേരളത്തിന് കൂടുതല്‍ പരിചയം, വല്ല്യമ്പിയാരെ ഇല്ലാതാക്കിയശേഷം അരങ്ങു വാഴുന്ന കൊച്ചമ്പ്യാരുടെ കാലത്ത് മൂള്ളന്‍ കൊല്ലിയിലെ വേലായുധനോട് (‘നരന്’ എന്ന സിനിമയിലെ മോഹന്‍ലാല്‍ കഥാപാത്രം) കാട്ടുന്ന കൊള്ളരുതായികകളുടെ കഥയാണ്. എകെജിയെ പോലുള്ള ‘വല്ല്യമ്പിയാര്മാര്’ അരങ്ങൊഴിഞ്ഞ് കോടിയേരി ബാലകൃഷ്ണനെ പോലുള്ള ‘കൊച്ചമ്പ്യാര്മാരും’ പിണറായി വിജയനെ പോലുള്ള കാര്യസ്ഥന്മാരും വാഴുന്നതാണിന്നത്തെ കമ്യൂണിസ്റ്റ് മാക്സിസ്റ്റ് പാര്‍ട്ടി.
പിണറായിയുടെ ഭരണത്തണലില്‍ സംസ്ഥാനത്ത് സ്വര്‍ണവും മയക്കുമരുന്നും കള്ളക്കടത്തും അഴിമതിയും ദുര്‍ഭരണവും അസഹ്യമായപ്പോള്‍ നെഞ്ചുവിരിച്ച് തല ഉയര്‍ത്തി ‘ജനം ടിവി’ പ്രതിരോധത്തിനിറങ്ങിയതാണ് കസ്റ്റംസിലെ കമ്യൂണിസ്റ്റു നമ്പിമാരെ ഭയപ്പെടുത്തിയത്. ‘ജനം’ ഉണര്‍ന്നാല്‍, ശബ്ദം ഉയര്‍ത്തിയാല്‍, സ്വപ്നയ്ക്കൊപ്പം കള്ളക്കടത്തിനിറങ്ങിയ’ അവതാരങ്ങള്‍’ മുതല്‍ കേരള കസ്റ്റംസിലെ കമ്യൂണിസ്റ്റ് ഫ്രാക്ഷന് വരെയുള്ളവര്‍ തിന്ന ഉപ്പിനു വെള്ളം കുടിക്കുമെന്ന് ഉറപ്പായതോടെയാണ് സ്വപ്നയുടെ മുപ്പതിലധികം പേജുകളുള്ള മൊഴിയിലെ ഒന്നോ രണ്ടോ പേജ് പുറത്തുവിട്ടത്. തീയില്ലാത്ത പുകകൊണ്ടൊരു മറയുണ്ടാക്കാനാണ് കമ്യൂണിസ്റ്റ് നമ്പിമാരുടെ കുടിലബുദ്ധി വഴിവിട്ട പണി നോക്കിയത്. അത്തരം പണിചെയ്ത കസ്റ്റംസിലെ കമ്യൂണിസ്റ്റ് നമ്പിയാരായാലും തിരുത്തപ്പെടണം. കൊല്ലാനും കൊലവിളിക്കാനും’പാടത്തേ വേലയ്ക്ക് വരമ്പത്ത് കൂലി’ കൊടുക്കാനും അധികാരമുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ കൊച്ചമ്പ്യാര്മാര് തങ്ങളെ രക്ഷിക്കുമെന്ന തോന്നല്‍ വെറുതെയാണെന്നവര് തിരിച്ചറിയട്ടെ.
ഭാരതം കമ്യൂണിസ്റ്റു ചൈനയുടെ സാമ്രാജ്യത്വ അധിനിവേശത്തിനും പാക്കിസ്ഥാന്റെ ജിഹാദി നുഴഞ്ഞു കയറ്റത്തിനും പ്രതിരോധം തീര്‍ക്കുമ്പോള്‍ രാജ്യത്തിനുള്ളില്‍ ശത്രുപക്ഷത്തിന്റെ മിത്രപക്ഷം തീര്‍ക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആരോപണ മുനയില്‍ നില്ക്കുന്ന സ്വര്‍ണ കള്ളക്കടത്തിന്റെയും മയക്കുമരുന്നു വ്യാപാരത്തിന്റെയും പ്രഭവകേന്ദ്രങ്ങളില്‍ പിടിമുറുക്കേണ്ടത് രാജ്യസുരക്ഷയ്ക്കും സാമ്പത്തിക ഭദ്രതയ്ക്കും അനിവാര്യമാണ്. കസ്റ്റംസുള്പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളില്‍ കയറിക്കൂടിയ സഖാക്കളെ ഉപയോഗിച്ച് ചിലര്‍ തടസ്സങ്ങളൊരുക്കുകയാണ്. 2014ല്‍ ദേശീയതയുടെ രാഷ്ട്രീയം ഭാരതത്തിന്റെ ഭരണസിരാകേന്ദ്രത്തില്‍ ഇടം പിടിച്ചതോടെ അന്നുവരെ തങ്ങള്‍ അനുഭവിച്ച അധികാരസ്വാധീനം നഷ്ടപ്പെട്ട ഹിന്ദുവിരുദ്ധ വര്‍ഗീയശക്തികളും കമ്യൂണിസ്റ്റ് രാഷ്ട്രവിരുദ്ധശക്തികളും കൂട്ടുചേര്‍ന്ന് പോര്‍ക്കളം ഒരുക്കാന്‍ വഴി തെരയുന്നു.
വസ്തുനിഷ്ഠമായി വിശകലനം നടത്തിയാല്‍ മാത്രമേ കമ്യൂണിസ്റ്റു പ്രത്യയശാസ്ത്രത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത സംഘടിത മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ചില ജീവനക്കാരും കസ്റ്റംസുപോലുള്ള ഭരണസംവിധാനങ്ങളില്‍ കമ്യൂണിസ്റ്റു സഹയാത്രികരോടൊപ്പം കരുനീക്കങ്ങള്‍ നടത്തുന്നെന്ന രഹസ്യം വെളിപ്പെടൂ. അത്തരമൊരു അവസരവാദ കൂട്ടായ്മയുടെ രസതന്ത്രം പ്രായോഗികമാക്കാന്‍ കമ്യൂണിസ്റ്റ് പക്ഷം വര്‍ഗസമരത്തിന്റെ പ്രത്യയശാസ്ത്രം വഴിയിലുപേക്ഷിച്ച് ന്യൂനപക്ഷവര്‍ഗീയതയുടെ കൊടി പിടിച്ചിട്ടുമുണ്ട്. നരേന്ദ്രമോദി അധികാരത്തില്‍ വന്ന ദിവസം തന്റെ ഫേസ്ബുക് പേജില്‍ കറുത്ത നിറം കൊടുത്ത കസ്റ്റംസ് ജോയിന്റ് കമ്മീഷണറും, വിലയും നിലവാരവുമില്ലാത്ത പോസ്റ്റുകളും പരാമര്‍ശങ്ങളും നടത്തി വര്‍ഗീയതയും രാഷ്ട്ര വിരുദ്ധതയും നാട്ടിലാകെ പരത്തുന്നവരുമൊക്കെ ആ കൂട്ടായ്മയുടെ ‘പോരാളി ഷാജിമാരാണ്’. അവര്‍ കൊറോണ പോലുള്ള ദുരന്തങ്ങളെ നേരിടാന്‍ രാജ്യം ഒന്നായി നില്‍ക്കേണ്ട സന്ദര്‍ഭങ്ങളില്‍ പോലും കേന്ദ്ര സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ക്ക് മുഖം തിരിച്ചുനില്‍ക്കാന്‍ നിര്‍ബന്ധം പിടിച്ചവരാണ്. അവരുടെ രാഷ്ട്രീയത്തിന്റെ പിടിയിലമര്‍ന്ന ജീവനക്കാരുടെ കരുതല്‍ മൂലധനത്തില്‍ നിന്ന് ലക്ഷങ്ങള്‍ വകമാറ്റി മുഖ്യമന്തിയുടെ ‘ദുരിതാശ്വാസ’ നിധിയിലേക്കൊഴുക്കിയെന്നും പറഞ്ഞു കേള്‍ക്കുന്നു. നിയമവിധേയമാണെങ്കില്‍ മുഖ്യമന്തിക്ക് നല്‍കിയതില്‍ ആരും തെറ്റുപറയില്ല.
സ്വപ്നയും കൂട്ടരും നടത്തിയ സ്വര്‍ണ കള്ളക്കടത്തില്‍ പൊതു സമൂഹം ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കേണ്ട മറ്റൊരു തലം കൂടിയുണ്ട്. സ്വര്‍ണക്കള്ളക്കടത്തിലെ മൂന്നു രീതികള്‍ കണക്കിലെടുക്കുക: 1) കള്ളക്കടത്തു നടത്തി നികുതിവെട്ടിച്ച് ലാഭം കൊയ്യുക. 2) അഴിമതിയിലൂടെ സമ്പാദിച്ച പണം വിദേശത്തെത്തിച്ച് സ്വര്‍ണരൂപത്തില്‍ തിരിച്ചു നാട്ടിലേക്ക് കൊണ്ടുവരിക 3) ഭാരതത്തില്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കായി പണമെത്തിക്കാന്‍ ഇസ്ലാമിക തീവ്രവാദികളുടെ എളുപ്പ മാര്‍ഗമെന്ന നിലയില്‍ സ്വര്‍ണകള്ളക്കടത്തു നടത്തുക. ഇതില്‍ മൂന്നാമത്തെ പ്രവര്‍ത്തി നടത്തുന്നവര്‍ക്ക് നാട്ടില്‍ നിന്ന് പണം സ്വരൂപിച്ച് വിദേശത്തെത്തിക്കേണ്ട കാര്യമില്ല. പക്ഷേ പിണറായിയും കെ.ടി. ജലീലും ആരോപണ വിധേയരായ സ്വര്‍ണകള്ളക്കടത്ത് കേസ്, ദേശീയ സുരക്ഷാ ഏജന്‍സി ഏറ്റെടുത്തതോടെ വളരെ പഴയ കേസുകളിലെ പ്രതികള്‍ പോലും വരി നിന്ന് കസ്റ്റംസിനു മുന്നില്‍ കീഴടങ്ങുന്നത് കേരളം കണ്ടു. ദേശീയ സുരക്ഷാ ഏജന്‍സിയുടെ കുരുക്കില്‍ പെടാതിരിക്കാനുള്ള അടവുമാത്രമല്ല അവരുടെ പ്രവര്‍ത്തി. തങ്ങള്‍ പണം സ്വരൂപിച്ച് വിദേശത്തു നിന്നും സ്വര്‍ണം വാങ്ങി കള്ളക്കടത്തു നടത്തിയതാണെന്ന് കഥ മെനഞ്ഞ് ഈ കള്ളക്കടത്തു പരമ്പരയെയും അതിലുള്പെടുത്താനുള്ള നീക്കമാകാനാണ് സാധ്യത. അങ്ങനെ സംഭവിച്ചാല്‍ പിണറായുടെയും കെ.ടി. ജലീലിന്റെയും പേരുകള്‍ ആരോപിക്കപ്പെട്ട കേസുകളില്‍, അന്വേഷിച്ച് സത്യം കണ്ടെത്തുന്നതില്‍ പരാജയപ്പെടും. അത്തരമൊരു വഴിത്തിരിവിന് ഇട വരുത്താന്‍ കസ്റ്റംസ് അന്വേഷണ സംഘത്തിലെ സ്ഥാപിത താത്പര്യമുള്ള ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുണ്ടോയെന്നും ഗൗരവപൂര്‍വം അന്വേഷിക്കേണ്ടതുണ്ട്.
കസ്റ്റംസ് സംവിധാനത്തില്‍ ഇന്ന് പ്രകടമാകുന്ന കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെയും ന്യൂനപക്ഷ വര്‍ഗീയതയുടെയും കൂട്ടായ്മകളെ കാണുമ്പോള്‍ ആ വക പ്രസ്ഥാനങ്ങളുടെ ചരിത്രം പൂര്‍ണമായും അവഗണിക്കാനുമാകില്ല. അടിസ്ഥാന വര്‍ഗ പശ്ചാത്തലത്തില്‍ അവരോടൊപ്പം ദുരിതങ്ങള്‍ പങ്കുവച്ച്, അവര്‍ക്കായി പൊരുതിയ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരെ മറക്കരുത്. എന്നാല്‍ ആദ്യ കാലത്ത് അവരെ കാത്തിരുന്നത് നെഹ്റുവും ഇന്ദിരയും രാജീവുമൊക്കെ ഭരിച്ചപ്പോള്‍ ഉയര്‍ന്നുവന്ന വെല്ലുവിളികളാണ്. ബ്യൂറോക്രസിയുടെ ഉന്നത ശ്രേണിയിലിരുന്നവരും അവരുടെ രാഷ്ട്രീയ യജമാനന്മാരും തൊഴിലാളികളുടെ അവകാശങ്ങളും അവസരങ്ങളും നിഷേധിച്ചിപ്പോള്‍ പോരാട്ടത്തിന്റെ പാത തുറക്കാനാണ് കസ്റ്റംസിലും സെന്‍ട്രല്‍ എക്സൈസിലുമുള്ളവര് ശ്രമിച്ചത്. തോല്ക്കാന് ഞങ്ങള്‍ക്ക് മനസ്സില്ലെന്ന് പറഞ്ഞവര്‍ക്കൊപ്പം കാറല്‍ മാക്സിന്റെ കാഴ്ചപ്പാടുകളെ ഹൃദയത്തിലേറ്റിയവരുമുണ്ടായിരുന്നു. സമൂഹത്തിലെ അടിസ്ഥാനവര്‍ഗത്തിന്റെ അവകാശ പോരാട്ടങ്ങളുടെ സക്രിയ പ്രതിഫലനമായിരുന്നു സര്‍ക്കാര്‍ ജീവനക്കാരുടെയുള്ളില്‍ ഉയര്‍ന്ന ചെറുത്തുനില്‍പ്പിന്റെ ശബ്ദവും. പക്ഷേ കാലം മാറി. ജീവനക്കാരുടെ സംഘടിത ശക്തിയുടെ തലപ്പത്തുള്ളവര്‍ക്ക് ലക്ഷ്യം കമ്യൂണിസ്റ്റ് കക്ഷിരാഷ്ട്രീയത്തിന്റെയും ന്യൂനപക്ഷവര്‍ഗീയതയുടെയും താത്പര്യ സംരക്ഷണം മാത്രമായി അധഃപതിച്ചിരിക്കുന്നു. അതുപോലെ തന്നെയാണ് ജീവനക്കാരുടെ സഹകരണ സംഘവും. കിട്ടുന്ന ശമ്പളം കൊണ്ട് കുടുംബപ്രാരാബ്ധങ്ങള്‍ പരിഹരിക്കാനാകാതെ വന്നപ്പോള്‍ ഇല്ലാത്തവരും വയ്യാത്തവരും കൈകോര്‍ത്ത് പരിഹാരം തേടിയിടത്താണ് ജീവനക്കാരുടെ സഹകരണ പ്രസ്ഥാനം രൂപമെടുത്തത്. വളഞ്ഞ വഴിയില്‍ വരുമാനം നേടിയവരുടെ കള്ളമുതല്‍ ഒതുക്കാനുംവളര്ത്താനുമുള്ള സങ്കേതമായി സഹകരണസംഘത്തെയും മാറ്റി.
രാജ്യത്തോട് പ്രതിബദ്ധതയുള്ള ജനസമൂഹവും ഉത്തരവാദിത്വമുള്ള ഭരണകൂടവും നിര്‍ണായകമായ ഇടപെടലുകള്‍ നടത്തേണ്ട ഘട്ടത്തിലേക്കാണ് ചില സ്ഥാപിത താത്പര്യക്കാരായ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ കൊണ്ടെത്തിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള ആളുകളെ ഒഴിച്ചാല്‍ രാജ്യത്തോട് പ്രതിബദ്ധതയും സ്വന്തം തൊഴിലിനോട് ആത്മാര്‍ത്ഥതയുമുള്ളവരാണ് ഏറെയും. ആ നിശ്ശബ്ദഭൂരിപക്ഷത്തില് ഹിന്ദുവും കൃസ്ത്യാനിയും ഇസ്ലാമുമെല്ലാം അടങ്ങുമ്പോഴാണ് സര്‍വ്വധര്‍മ്മ സമഭാവനയുടെ വിശാലത ഉള്‍ക്കൊള്ളാനാകുന്നത്. സര്‍വീസ് സംഘടനകളും സഹകരണ സംഘവും അവസരത്തിനൊത്ത് ഉയരണം. ഒറ്റുകാരെ ഒറ്റപ്പെടുത്തി തിരുത്തുകയോ ഒഴിവാക്കുകയോ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: