കണ്‍സള്‍ട്ടന്‍സി ഭരണത്തിന് ഒരു കാപ്സ്യൂള്‍ മുഖ്യമന്ത്രി കൂടി അവതാരമെടുത്തിരിക്കുന്നു. ജഡ്ജിമാരെ ശുംഭന്മാരെന്ന് വിളിച്ച് പെട്ടപ്പോള്‍ ശുംഭന് പുതിയ അര്‍ത്ഥം നല്കിയ കമ്മ്യൂണിസ്റ്റ് ഭാഷാ വിദഗ്ധനാണ് കാപ്സ്യൂള്‍ മുഖ്യനായി വേഷം കെട്ടുന്നത്. അല്ലെങ്കില്‍തന്നെ സാക്ഷാല്‍ മുഖ്യനൊന്നും അറിയില്ലെന്നാണല്ലോ ഇപ്പോല്‍ വൈകുന്നേരം കേള്‍ക്കുന്ന കുമ്പസാരം. ഒപ്പിടാന്‍ പോലും കണ്‍സള്‍ട്ടന്‍സിയെ വയ്ക്കുന്ന അപൂര്‍വ ഇനം കമ്മ്യൂണിസ്റ്റാണ് വിജയനെന്നാണ് ആരോപണം. അപ്പോള്‍പിന്നെ ആര്‍ക്കും കയറി ആ കസേരയുടെ ബലത്തില്‍ ഞെളിയാം. പണ്ടൊരിക്കല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ മാനസികരോഗമുള്ള ഒരാള്‍ അദ്ദേഹത്തിന്റെ കസേരയില്‍ കയറിയിരുന്നത് വാര്‍ത്തയായിട്ടുണ്ട്. ഇപ്പോഴും അക്കാര്യത്തില്‍ മാത്രം മാറ്റമൊന്നുമില്ലെന്നാണ് പരിഹാസം.
വെഞ്ഞാറമൂട്ടിലെ വടിവാള്‍ വിപ്ലവം മുതല്‍ അമേരിക്കയില്‍ നിന്ന് കൈയെത്തിച്ചിട്ട് ഇടുന്ന ഡിജിറ്റല്‍ സിഗ്നേച്ചര്‍ വരെ കണ്ണില്‍കണ്ടതെല്ലാമെടുത്ത് പൊരുതുകയാണ് പാര്‍ട്ടി സഖാക്കള്‍. അടപടലം എരിഞ്ഞുതീരുന്ന തരത്തിലാണ് പാര്‍ട്ടിയില്‍ കാര്യങ്ങളുടെ പോക്ക്.
മാര്‍ക്സിസ്റ്റ് ഡിക്ഷ്ണറിയുടെ ഉപജ്ഞാതാവ് സഖാവ് എം.വി. ജയരാജന്റെ ലാടവൈദ്യം കൊണ്ട് പാര്‍ട്ടിക്കും പിണറായിക്കും രക്ഷയുണ്ടാകണമെന്നേ ലക്ഷ്യമുള്ളൂ. എന്ത് തോന്നിവാസം ചെയ്താലും പറഞ്ഞുനില്ക്കാനുള്ള കാപ്സ്യൂള്‍ വൈദ്യരുണ്ടാക്കി തരും. അത് സേവിക്കുക. ചാനല്‍ ക്യാമറകള്‍ക്കുമുന്നിലും സോഷ്യല്‍മീഡിയകളിലും ഛര്‍ദ്ദിക്കുക. ആരെന്ത് പറഞ്ഞാലും അതിനെല്ലാം മീതെ ഓരിയിട്ട് അലമ്പാക്കുക. ചോദ്യം ചോദിക്കുന്നവരുടെ മെക്കിട്ടുകയറുക. വാര്‍ത്താവതാരകരുടെ കുടുംബത്തെയടക്കം അധിക്ഷേപിക്കുക. സംഗതി ശുംഭത്തരമാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ ജയരാജന് വൈദ്യരെ ചൂണ്ടിക്കാണിച്ചാല്‍ മതി. അദ്ദേഹത്തിന് ശുംഭത്തരം എന്നൊക്കെ പറഞ്ഞാല്‍ വലിയ മഹത്തരമായ കാര്യമാണ്. കുറേക്കാലമായി മുഖ്യമന്ത്രിയുടെ ഓഫീസ് ഇത്രമാത്രം പ്രകാശമാനമായിരിക്കാന് കാര്യം തന്നെ ജയരാജന്റെ സാന്നിധ്യമാണ്. കനകസിംഹാസനത്തില്‍ കയറിയിരിക്കുന്നത് ശുംഭനോ ശുനകനോ എന്നൊക്കെ പണ്ടുള്ളവര്‍ പാടുമ്പോള്‍ മലയാളികള്‍ ഇത്രയ്ക്ക് കരുതിയിരുന്നില്ല. ശുനകനില്ലെങ്കില് ശുംഭനുണ്ടെന്ന് ഉറപ്പ്. അല്ലെങ്കില്‍ എങ്ങനെയാണ് മുഖ്യമന്ത്രി പിണറായി വിജയനിങ്ങനെ ‘സ്വര്‍ണ’പ്രഭയില്‍ തിളങ്ങി നില്ക്കാന് സാധിക്കുന്നത്.
പെരളശ്ശേരിക്കാരന്‍ ജയരാജന് കണ്ണൂരില്‍ നിന്ന് വിട്ട് ഒപ്പം കൂടിയതിന് ശേഷം വിജയന് വെച്ചടി വെച്ചടി കയറ്റമാണ്. ബ്രണ്ണന്‍ കോളേജും വടിവാളിനിടയിലൂടെയുമുള്ള നടത്തവുമൊക്കെ കഴിഞ്ഞ് വിജയന് തള്ളിക്കയറിയങ്ങ് ഇന്റര്‍നാഷണലായത് ജയരാജന് തുനിഞ്ഞിറങ്ങിയതിന് ശേഷമാണ്. വിജയന് വിവരമില്ലെന്നും ഒപ്പിടണമെങ്കില്‍ താന്‍ പറയണമെന്നുമൊക്കെ സെക്രട്ടേറിയറ്റിലെ വലിയവിചാരിപ്പുകാരനും ആക്ടിങ് വിജയനുമൊക്കെയായ ശിവശങ്കര്‍ കുടിപ്പാര്‍ട്ടിക്കിടെ കൂവിയാര്‍ത്തിട്ടും ഉളുപ്പ് ലവലേശമില്ലാതെ മുഖ്യന് സീരിയല്‍ പത്രസമ്മേളനത്തിനെത്തുന്നത് പെരളശ്ശേരിക്കാരന്റെ ബലത്തിലാണ് പോലും.
വൈകുന്നേരം വൈകുന്നേരം മരിച്ചവരുടെ കണക്ക് വിളിച്ചുപറഞ്ഞ് മാലോകരെ പേടിപ്പിച്ചും പീഡിപ്പിച്ചും വിജയന് ക്ലിഫ്ഹൗസിലേക്ക് ഊളിയിട്ട് കഴിഞ്ഞാല്‍ പിന്നെ പെരളശ്ശേരിക്കാരന്‍ കാപ്സ്യൂള്‍ നിര്‍മ്മാണത്തിലേക്ക് തിരിയും. സൈബര്സഖാക്കള്ക്കാണ് കൂടുതലായും ഈ കാപ്സ്യൂളുകള്‍ വിതരണം ചെയ്യുന്നത്. പ്രതിപക്ഷത്തിന്റെ പിആര്‍ വര്‍ക്കിനെ പൊളിച്ചടുക്കാനുള്ള കാപ്സ്യൂളുകളാണ് ജയരാജന് സഖാവ് തയാറാക്കി വിതരണം ചെയ്യുന്നത്. പിഎസ്സി താന്തോന്നിത്തം മൂലം ഒരു പാവം ചെറുപ്പക്കാരന് ആത്മഹത്യ ചെയ്യേണ്ടിവന്നപ്പോള്‍ അതിനെതിരെ ഉയര്‍ന്ന ജനരോഷമായിരുന്നു പെരളശ്ശേരിക്കാരന്റെ കാപ്സ്യൂള്‍ പ്രതിരോധത്തിന് കാരണം. നിയമനനിഷേധം മൂലം ആയിരക്കണക്കിന് ചെറുപ്പക്കാര്‍ പെരുവഴിയിലായതിന് സര്‍ക്കാര്‍ നല്കുന്ന മറുപടിയാണ് ഇതെന്ന് ഓര്‍ക്കണം. ജീവനൊടുക്കിയ അനു തിരുവോണപ്പുലരിയില്‍ കേരളത്തിന്റെ കണ്ണീരായി മാറിയത് ഒരു ദിവസത്തെ വാര്‍ത്തയില്‍ ഒതുങ്ങുകയും മായുകയും ചെയ്യുമെന്ന അഹന്തയാണ് ഇത്തരം കാപ്സ്യൂള്‍ കമന്റുകള്‍ക്ക് പാര്‍ട്ടിയിലെ ആസ്ഥാന ശുംഭന്മാരെ പ്രേരിപ്പിക്കുന്നത്.
രാപ്പകല്‍ പഠിച്ച് പരീക്ഷയെഴുതി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും ജോലി ലഭിക്കാതെ ആത്മഹത്യയിലേക്ക് നീങ്ങുന്ന ചെറുപ്പക്കാര്‍ ചോദ്യചിഹ്നമായി നില്‍ക്കുമ്പോഴാണ് സ്വപ്നയും വിജയനുമൊക്കെ മലയാളിയുടെ പൊതുബോധത്തെ കൊഞ്ഞനംകുത്തുന്നത്. ആരും ഇതൊന്നും ചോദ്യം ചെയ്യരുത്. ചോദ്യം ചോദിക്കുന്നവനെതിരെ കാപ്സ്യൂള്‍ കമന്റിട്ട് പാര്‍ട്ടി ഔദ്യോഗികമായിത്തന്നെ വേട്ടയാടും. അതാണ് നയം. വിജയനും
ജയരാജന്മാരും പോരാഞ്ഞ് തൊമ്മനും മക്കളുമൊക്കെയായി കണ്ണൂരിസ്റ്റുകളുടെ സകല മണ്ടത്തരങ്ങള്‍ക്കും ഇരയായി പാര്‍ട്ടി തന്നെ ഇപ്പോള്‍ കാപ്സ്യൂള്‍ പരുവത്തിലാണ്. അപ്പോള്‍ പിന്നെ അവര്‍ക്ക് ജയരാജന് മുഖ്യമന്ത്രിയായാലും ധാരാളം. വിജയനിരിക്കേണ്ടിടത്ത് വിജയനിരുന്നില്ലെങ്കില് പിന്നെ ജയരാജന് കയറിയിരുന്നാലും അതിശയിക്കാനില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: