ഭഗവദ്ഗീതയുടെ ധാരാളം പതിപ്പുകള്‍ വായിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. ഞാന്‍ പഠനം തുടങ്ങിയപ്പോള്‍ രാജ്യം ഭരിച്ചത് ബ്രിട്ടീഷുകാരും തിരുവിതാംകൂര്‍ സംസ്ഥാനം രാജാവുമായിരുന്നു. ഹിന്ദു രാജാവായിരുന്നു ഭരണമെങ്കിലും പാഠ്യപദ്ധതി ബ്രിട്ടീഷ് നയങ്ങള്‍ക്കനുസൃതമായിരുന്നു. രാജ്യം ഹിന്ദു ഭരണത്തില്‍തന്നെ. രാജ്യത്തിന്റെ ധര്‍മദൈവം ശ്രീപത്മനാഭ സ്വാമിയും രാജാവ് ശ്രീപത്മനാഭ ദാസനുമായിരുന്നു. എന്നാലും ഞങ്ങള്‍ക്ക് പാഠ്യവിഷയമായി ഭഗവദ്ഗീതയിലെ ശ്ലോകങ്ങള്‍ ഉണ്ടായിരുന്നില്ല. എഴുത്തച്ഛന്റെയും ചെറുശ്ശേരിയുടെയും രാമപുരത്തുവാര്യരുടെയും മറ്റും ചില കവിതാഭാഗങ്ങള്‍ ഉണ്ടായിരുന്നു. ഇംഗ്ലീഷ് പാഠങ്ങള്‍ ക്രൈസ്തവോന്മുഖമായിരുന്നു താനും. ബൈബിളില്‍നിന്ന് ഒരു ഭാഗമെങ്കിലും കാണുമായിരുന്നു. അന്നൊന്നും ഭഗവദ്ഗീതയില്‍ നിന്ന് ഒരു ശ്ലോകം പോലും ഉണ്ടായിരുന്നില്ല. അതേസമയം ക്ഷേത്രങ്ങളില്‍ ഭാഗവത സപ്താഹം നടത്തപ്പെടുമായിരുന്നു. ഗീതാശ്ലോകങ്ങള്‍ തന്റെ പ്രാര്‍ത്ഥനാ യോഗങ്ങളിലും മറ്റും മഹാത്മാഗാന്ധി ചൊല്ലാറുണ്ടായിരുന്നു എന്നു കേട്ടിട്ടുണ്ട്. ഗാന്ധിജി അന്തരിച്ചശേഷം നടത്തപ്പെട്ട അനുസ്മരണ യോഗങ്ങളിലും വിലാപയാത്രകളിലും മറ്റുമാണ് ആദ്യമായി ഗീതാ ശ്ലോകങ്ങള്‍ ചൊല്ലുന്നതു കേട്ടു തുടങ്ങിയത്. പല അധ്യാപകരും മലയാളം മുന്‍ഷിമാരും ശ്ലോകങ്ങള്‍ പഠിപ്പിച്ചും അര്‍ത്ഥം പറഞ്ഞു തന്നും ഞങ്ങളെ പ്രബുദ്ധരാക്കിയിരുന്നു.
ഹൈസ്‌കൂള്‍ ക്ലാസ്സുകളില്‍ എത്തിയപ്പോള്‍ ഹിന്ദി നിര്‍ബന്ധമാക്കപ്പെട്ടു. അതിനാല്‍ നാഗരി ലിപിപഠിച്ചു. അതോടെ സംസ്‌കൃതം വായിക്കാന്‍ ശീലിച്ചു. കോളജില്‍ ചേര്‍ന്നപ്പോള്‍ ദേവസ്വം ബോര്‍ഡിന്റെ സ്‌കോളര്‍ഷിപ്പ് പരീക്ഷയെഴുതാനായി പ്രൊഫ. ബാലകൃഷ്ണന്‍ നായര്‍ അല്‍പ്പം സംസ്‌കൃതം പഠിപ്പിക്കാന്‍ സന്മനസ്സ് കാണിച്ചു. ശ്രീനാരായണ കൃതികള്‍ വ്യാഖ്യാനിക്കുകയും, വിവേകാനന്ദ സാഹിത്യം മലയാളികള്‍ക്ക് പരിചയപ്പെടുത്താന്‍ ഉത്സാഹിക്കുകയും ചെയ്ത ബാലകൃഷ്ണന്‍ നായര്‍ സാറിന്റെ പാല്‍ക്കുളങ്ങരയിലെ വീട്ടില്‍ ചെന്നു കണ്ട് ഒരു മണിക്കൂര്‍ വീതം ഏതാനും ദിവസംകൊണ്ട് ഗീത പതിനാറാം അധ്യായം പഠിച്ചു. അതായിരുന്നു ഗീത പഠിക്കാനുള്ള പ്രഥമ ശ്രമം. പിന്നെ അതു തുടര്‍ന്നില്ല എന്നതാണ് സത്യം.
മുസലിയത്ത് മുകുന്ദന്‍ മാസ്റ്റര്‍ സരളമായി വ്യാഖ്യാനിച്ച ശ്രീമദ് ഭഗവദ്ഗീതാഖ്യാനം കഴിഞ്ഞയാഴ്ച കയ്യിലെത്തിയത് അവിടെയും ഇവിടെയും മറിച്ചു നോക്കിയതിനുശേഷമാണ് ഇതെഴുന്നത്. ബാലകൃഷ്ണന്‍ നായര്‍ സാറിന്റെ ശിഷ്യത്വം നേടി വര്‍ഷം 69 കഴിഞ്ഞു. ഒരിക്കലും ആ മഹാഗ്രന്ഥം, ഉപനിഷദ് ഗോവിനെ കറന്നെടുത്ത ദുഗ്‌ദ്ധത്തിന്റെ മധുരം അനുഭവിച്ചാസ്വദിക്കാന്‍ എനിക്കു കഴിഞ്ഞിട്ടില്ല. മുകുന്ദന്‍ മാസ്റ്ററെ അരനൂറ്റാണ്ടുകാലമായി അറിയാം. കടമ്പഴിപ്പുറം ശാഖയിലെ സ്വയംസേവകനും, അവിടത്തെ മുതിര്‍ന്ന അദ്ധ്യാപകനും അതും സര്‍വാഭൃതനായ അധ്യാപകനുമായ അദ്ദേഹം സംഘത്തിന്റെ പ്രാന്തീയ കുടുംബ പ്രബോധന്റെ പ്രമുഖ് കൂടിയാണ്.
ഗീതയുടെ ഏതാനും ശ്ലോകങ്ങള്‍ എനിക്കു കാണാതെ പഠിക്കാന്‍ അവസരം ലഭിച്ചത് 1956 ല്‍ സംഘശിക്ഷാവര്‍ഗില്‍ പോയപ്പോഴായിരുന്നു. അവിടെ ഭോജനമന്ത്രം പന്ത്രണ്ടാമധ്യായത്തിലെ 13 മുതല്‍ 20 വരെ ശ്ലോകങ്ങളായിരുന്നു. അദ്വേഷ്ടാ സര്‍വഭൂതാനാം എന്നു തുടങ്ങുന്നവയായിരുന്നു ആദ്യം പഠിച്ചവയെന്നു പറയാം. മംഗലാപുരത്തു പ്രചാരകനായിരുന്ന ഭയ്യാകാണേ ആയിരുന്നു പാടിത്തന്നത്. തോളില്‍ ബ്യുൂഗിളു(ശംഖ്)മായയല്ലാതെ അദ്ദേഹത്തെ കാണാന്‍ കഴിയില്ല. അക്ഷരസ്ഫുടതയോടെ ഭോജനശാല മുഴുവന്‍ മുഴങ്ങുന്ന സ്വരം ഇന്നും മറക്കാന്‍ കഴിഞ്ഞിട്ടില്ല. അവയുടെ അര്‍ത്ഥം ബൗദ്ധിക്കിന്റെ സമയത്ത് പറഞ്ഞുതന്നതു പരമേശ്വര്‍ജിയും ശേഷാദ്രിജിയും ചേര്‍ന്നായിരുന്നു. പിന്നീട് ഓരോ സംഘശിക്ഷാവര്‍ഗിലും പുതിയ എട്ട് ശ്ലോകങ്ങള്‍ പഠിക്കാന്‍ അവസരമുണ്ടായി.
ചിന്മയാനന്ദ സ്വാമികള്‍, പൂര്‍ണാനന്ദ സരസ്വതി, ദയാനന്ദ സരസ്വതി, ജ്ഞാനാനന്ദ സരസ്വതി മുതലായ കേരളത്തില്‍ പ്രഭാഷണത്തിനെത്തിയ ആചാര്യന്മാരുടെയെല്ലാം പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്. ഗാന്ധിജിയുടെയും വിനോബാജിയുടെയും ലോകമാന്യ തിലകന്റെയും മഹര്‍ഷി അരവിന്ദന്റെയും പ്രബന്ധങ്ങള്‍ വായിക്കാനും അവസരം ലഭിച്ചു. വിവേകാനന്ദ സ്വാമികളുടെ ഏതാനും ലേഖനങ്ങളും വായിക്കാന്‍ കഴിഞ്ഞു. എത്ര വായിച്ചാലും മതിവരാത്തൊരു തത്വസാരമാണ് അതെന്നല്ലാതെ ഒന്നും പറയാനില്ല.
മുകുന്ദന്‍ മാസ്റ്റര്‍ തയ്യാറാക്കിയ ഗീതാ സാരം ഇതില്‍നിന്നൊക്കെ വ്യത്യസ്തമാണെന്ന് തുടക്കത്തില്‍ തന്നെ മനസ്സിലായി. അദ്ദേഹത്തിന് സംഘത്തില്‍ നല്‍കപ്പെട്ട ചുമതല കുടുംബ പ്രബോധനമാണെന്നു നേരത്തെ സൂചിപ്പിച്ചുവല്ലൊ. കുടുംബങ്ങള്‍ ഹൈന്ദവ സംസ്‌കാര സമ്പന്നമായി വളരണമെന്ന ലക്ഷ്യത്തോടെയാണല്ലൊ കുടുംബ പ്രബോധന്‍ എന്ന പ്രക്രിയ നടക്കുന്നത്. കുടുംബത്തില്‍ വന്നുകൂടുന്ന അനാരോഗ്യവല്‍ക്കരണത്തിന് ആരോഗ്യകരമായി തടയിടുകയാണ് കുടുംബ പ്രബോധനം ലക്ഷ്യമിടുന്നത്. ഭഗവദ്ഗീതയുടെ സന്ദേശം ശരിയായ രീതിയില്‍ നല്‍കിയാല്‍ അതിനു വലിയ സഹായമാകും. സംഘത്തില്‍നിന്ന് ദശകങ്ങളായി സ്വീകരിക്കുകയും നല്‍കുകയും ചെയ്തുവരുന്ന പര്യാവരണമാണ് അതിന്റെ മാര്‍ഗം. മുകുന്ദന്‍മാസ്റ്റര്‍ ഗീതയുടെ സന്ദേശങ്ങള്‍ ചെറുചെറു അംശങ്ങളായി ഗ്രാമഭവനങ്ങളില്‍ എത്തിക്കാന്‍ വേണ്ടി തയ്യാറാക്കിയ കുറിപ്പുകള്‍. അതിനു അടിസ്ഥാനമായി ഗ്രാമീണ ക്ഷേത്രങ്ങളിലും മാസ്റ്റര്‍ ഗീതാ പ്രഭാഷണങ്ങള്‍ നടത്തിവന്നു.
ഗീതാശ്ലോകങ്ങളുടെ വിശദീകരണം വളരെ ലഘുവും തികച്ചും സ്വാഭാവികവുമാണ്. ഗീതാ പ്രഭാഷണങ്ങളും വ്യാഖ്യാനങ്ങളും പലപ്പോഴും കടുകട്ടി വേദാന്ത തത്വങ്ങള്‍ കൂടി ചേര്‍ത്ത് കൂടുതല്‍ സങ്കീര്‍ണമായിത്തീരുന്നുവെന്നതാണെന്നനുഭവം. ഇവിടെ ദാര്‍ശനിക സങ്കീര്‍ണകളില്ലാത്ത ലളിത ഭാഷയില്‍ സുപരിചിതമായ ശൈലിയില്‍ വിശദീകരിച്ചതു കാണാം. ഞാന്‍ ഗ്രന്ഥം മുഴുവന്‍ നിഷ്‌കര്‍ഷയോടെ വായിച്ചില്ല. ഇടയ്‌ക്ക് ഒന്നു വായിച്ച മാസ്റ്ററുടെ വിശദീകരണം നോക്കിയത് ഇങ്ങനെയായിരുന്നു.
അസംശയം മഹാബാഹോ
മനോദുര്‍നിഗ്രഹം ചലം
അഭ്യാസേനതു കൗന്തേയ
വൈരാഗ്യേണ ച ഗുഹ്യതേ
ഹേ കര്‍മവീരാ ചഞ്ചലമായ മനസ്സിനെ അടക്കുകയെന്നത് ദുര്‍വഹമാണെന്നതു തര്‍ക്കമറ്റതാണ്. എങ്കിലും ഹേ കുന്തീ പുത്രാ! അഭ്യാസംകൊണ്ടും വൈരാഗ്യംകൊണ്ടും അതു നേടാനാവും.
പൂര്‍വപക്ഷത്തെ (വിപരീതാശയമുള്ള ചോദ്യത്തെ) അംഗീകരിച്ചുകൊണ്ടും അതേസമയം ഒരു ‘പക്ഷേ’യും ചേര്‍ത്ത് മറുപടി പറയാന്‍ തുടങ്ങുന്നത് താര്‍ക്കികന്റെ രീതിയാണ്. ശിഷ്യനെ നിരുത്സാഹപ്പെടുത്തി തിരിച്ചയയ്‌ക്കുക അഥവാ വായടപ്പിക്കുക എന്നതല്ല ഉത്തമ ഗുരുവിന്റെ രീതി.
പഠനത്തില്‍ വളരെ പുറകിലായി ‘മൂന്നാം കൊല്ല’ക്കാരനായി ക്ലാസ്സിലിരിക്കുന്ന ഒരു കുട്ടിയുടെ അനുഭവമുണ്ട്. മൂന്നാം കൊല്ലക്കാരന്‍ നാലാം കൊല്ലത്തിലേക്ക് പ്രവേശിക്കാതിരിക്കാന്‍ ഗുരു മനഃപൂര്‍വം പാദവാര്‍ഷിക പരീക്ഷയില്‍ അനര്‍ഹമായതാണെങ്കിലും തോല്‍വിയുടെ ‘കടമ്പ’കടത്തി വിട്ടു. അര്‍ദ്ധവാര്‍ഷിക പരീക്ഷയിലും സ്വല്‍പ്പം ‘കൈക്രിയ’യിലൂടെ വീണ്ടും ‘ജയിപ്പിച്ചു’വിട്ടു. വാര്‍ഷിക പരീക്ഷയില്‍ ആ വിദ്യാര്‍ത്ഥി കൃത്യമായും ഉത്തരമെഴുതി വിജയശ്രീലാളിതനായി. ഇവിടെ മുസലിയത്തു മുകുന്ദനിലെ മുകുന്ദന്‍ മാസ്റ്ററെയാണ് കാണുന്നത്.
12-ാം അധ്യായത്തിലെ 14-ാം ശ്ലോകത്തെ വിശദീകരിക്കുമ്പോള്‍
”സന്തുഷ്ടസ്സനതംയോഗീയതാത്മാദസ്ഥനിശ്ചയഃ
മയ്യര്‍പിത മനോബുദ്ധിര്‍യോമദ് ഭക്തഃ സ മേപ്രിയ”
എന്നതില്‍ സന്തുഷ്ട എന്ന ഭാവം വിശദീകരിക്കുന്നതു ഇരുത്തം വന്ന സ്ഥിതപ്രജ്ഞനായ കാര്യകര്‍ത്താവായിട്ടാണ്.
ഒരു സദസ്സില്‍ ഒരാള്‍ ഉണ്ടാക്കുന്ന ക്ഷോഭം മുഴുവന്‍ സാമാജികരുടെയും മനസ്സില്‍ അസ്വസ്ഥത ഉണ്ടാക്കും. നേരെ മറിച്ച് നേതൃത്വത്തിന്റെ അക്ഷോഭ്യത മുഴുവന്‍ സഭയെയും ശാന്തമാക്കുന്നു. അടിയന്തരാവസ്ഥക്കാലത്തെ ഒരു സംഭവം ഇതിലേക്കു വെളിച്ചം വീശുന്നുണ്ട്.
അടിയന്തരാവസ്ഥയില്‍ പല പൊതു പ്രവര്‍ത്തനങ്ങളും നിരോധിക്കപ്പെടുകയുണ്ടായി. അതിലെ ഒരു പ്രമുഖ സംഘടനയുടെ കാര്യകര്‍ത്താക്കളുടെ പ്രഥമ യോഗം ചേര്‍ന്നു. മുന്‍ അനുഭവ പരിചയമില്ലാത്തതിനാല്‍ ‘നിരോധനം’ എല്ലാവരിലും ഭീതിയും ആശങ്കയും പരത്തിയിരുന്നു. പരസ്പ്പരം കുശല പ്രശ്‌നം പോലും ആരും ആരായാന്‍ തയ്യാറായില്ല. സര്‍വത്ര മൂകമായ അന്തരീക്ഷം. ഭാസ്‌കര്‍ റാവു എന്നൊരു മഹദ് വ്യക്തിയായിരുന്നു വക്താവായി എത്തിയിരുന്നത്. വന്നിരുന്നവരില്‍ പലരും ധരിച്ചിരുന്ന മഞ്ഞ ബനിയന്‍ അദ്ദേഹം ശ്രദ്ധിച്ചു. ആ ബനിയന്റെ വിലയും അതിന്റെ ബോംബെ മാര്‍ക്കറ്റിലെ വിലയും ചര്‍ച്ചാ വിഷയമായി. രണ്ടു മിനിട്ടുകൊണ്ട് മൂകരായവരെല്ലാം വാചാലരായി. അടിയന്തരാവസ്ഥയും നിരോധനവും വിസ്മൃതിയിലായി. നേതൃത്വത്തിന്റെ അക്ഷോഭ്യത, പ്രസന്നത അലകള്‍ സൃഷ്ടിക്കാന്‍ ശക്തമാണ്.
ഇവിടെ കാണുന്നത് ഒരു സംഘകാര്യകര്‍ത്താവിനെയാണ്. മുകുന്ദന്‍ മാസ്റ്റര്‍ തയ്യാറാക്കിയ ഗീതാവ്യാഖ്യാനം അന്യാദൃശം തന്നെയാണ്. അതിന്റെ ലക്ഷ്യം ഉദ്ധരേദാദ്മനാത്മാനം എന്നാണെന്ന് പ്രവേശികയില്‍ മാസ്റ്റര്‍ തന്നെ പ്രഖ്യാപിച്ചിരിക്കുന്നു.
പുസ്തകത്തില്‍ വ്യാഖ്യാതാവിനെപ്പറ്റി ഒരു വിവരവുമില്ലാത്തത് ഒരു നോട്ടപ്പിശകാണ്. വായനക്കാരുടെ ആ അവകാശം നിഷേധിക്കരുതായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: