ആധുനിക ഇന്ത്യന്‍ എഴുത്തുകാരില്‍ ഒന്നാം നിരയിലാണ് മുംബൈക്കാരനായ അമീഷ് ത്രിപാഠിയുടെ സ്ഥാനം. ദ ഇമ്മോര്‍ട്ടല്‍സ് ഓഫ് മെലൂഹ എന്ന പുസ്തകത്തിലൂടെ വായനക്കാര്‍ക്കിടയിലേക്കു വന്ന ത്രിപാഠി ആസ്വാദകരുടെ പ്രിയങ്കരനായി മാറിയത് വളരെ പെട്ടെന്നാണ്. പുരാണേതിഹാസങ്ങള്‍ക്കും മിത്തുകള്‍ക്കും പുതുവ്യാഖ്യാനങ്ങള്‍ ചമയ്ക്കുന്ന ഈ ഐഐഎം ബിരുദധാരി ബാങ്ക് ഉദ്യോഗം വേണ്ടെന്നുവച്ചാണ് എഴുത്തിന് സ്വയം സമര്‍പ്പിക്കപ്പെട്ടത്. വായനയും യാത്രയും ഇഷ്ടപ്പെടുന്ന അമീഷിനെ അടുത്തറിയുമ്പോള്‍…
ചുവന്ന കണ്ണുകള്‍, കൂര്‍ത്ത പല്ലുകള്‍, തടിച്ച ചുണ്ടുകള്‍. പത്തു തലകള്‍, ഇരുപത് കൈകള്‍. വിവിധയിനം പാമ്പുകള്‍ വസിക്കുന്ന മന്ദരപര്‍വതം പോലെ ഭീമാകാരനും ഭയാനകനുമായ രാക്ഷസന്. വാല്മീകി രാവണനെ വര്‍ണിക്കുന്നത് ഇങ്ങനെയാണ്. മൂക്കും മുലകളും ഛേദിക്കപ്പെട്ട് വിവശയായിപ്പോയ ശൂര്‍പ്പണഖ സഹോദരനായ രാവണന്റെ സമീപം ചെന്ന് രാമലക്ഷ്മണന്മാരോട് പകരം വീട്ടാന്‍ ആവശ്യപ്പെടുന്നു. ഒപ്പം രാമപത്നിയായ സീതയുടെ സൗന്ദര്യത്തെക്കുറിച്ചും വിവരിക്കുന്നുണ്ട്. കാമാര്‍ത്തനായ സഹോദരന് സീതയെക്കുറിച്ച് കേട്ടാല്‍ പിന്നെ സന്ദേഹമേതുമില്ലാതെ പുറപ്പെട്ടുകൊള്ളുമെന്ന് ശൂര്‍പ്പണഖയ്ക്കും അറിയാം. രാവണന് പിന്നെ ഒട്ടും വൈകിയില്ല. സീതാപഹരണത്തിലൂടെ രാവണന്റെ രാക്ഷസീയതയ്ക്ക് പുതിയ മാനവും കൈവരുന്നു. ലങ്കാധിപനായ രാജാവായി വാഴുമ്പോഴും രാവണന് അതിക്രൂരനാണ്, മൃഗീയവാസനകളുടെ വിളനിലമാണ്. അക്രമാസക്തനും നിര്‍ദയനുമായ ഭരണാധികാരിയായ രാവണന് ഇരുളിന്റെ പ്രതീകമാണ്. രാജ്യാതിര്വരമ്പുകള് കടന്ന് രാമായണങ്ങള്‍ പടര്‍ന്നപ്പോഴും രാവണന്റെ കാളിമയ്ക്ക് നിറം കുറഞ്ഞില്ല.
സമകാലിക സാഹിത്യഭാഷയില്‍ വില്ലന്‍ എന്ന വിശേഷണത്തിന് തികച്ചും അര്‍ഹനായ ഈ ഇതിഹാസ കഥാപാത്രം രാമശരമേറ്റ് മരണം വരിക്കുമ്പോഴും അവശേഷിപ്പിക്കുന്ന ഒന്നു രണ്ട് ചോദ്യങ്ങളുണ്ട്.
യഥാര്‍ഥത്തില്‍ രാവണന് മേല്‍പ്പറഞ്ഞ എല്ലാ അധമവാസനകളുടെയും മൂര്ത്തീരൂപമായിരുന്നോ? ഇനി ആണെങ്കില്‍ത്തന്നെ ഇരുളില്ലെങ്കില്‍ വെളിച്ചത്തിന് പ്രസക്തിയുണ്ടോ? രാമന്റെ അയനം അഥവാ രാമന്റെ യാത്ര തന്നെ ഒരുതരത്തില്‍ പറഞ്ഞാല്‍ രാവണന് നിമിത്തമായിരുന്നില്ലേ. ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം തേടുകയാണ് വിശ്രുത എഴുത്തുകാരന് അമീഷ് ത്രിപാഠി. രാവണന് ആര്യാവര്ത്തത്തിന്റെ ശത്രു എന്ന അമീഷിന്റെ ഏറ്റവും പുതിയ പുസ്തകം രാമചന്ദ്ര ശ്രേണിയില്‍പ്പെട്ട പുസ്തകത്തിലെ മൂന്നാമത്തേതാണ്.
നാം കേട്ടറിഞ്ഞ, വായിച്ചറിഞ്ഞ രാവണിലെ വ്യത്യസ്തത തിരയുകയാണ് അമീഷ്. രാവണനെ മഹത്വവല്‍ക്കരിക്കാനുള്ള ശ്രമമാണ് ഇതിലെന്ന് അതിനര്‍ഥമില്ല. ഇതിഹാസങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന ജീവിതദര്‍ശനങ്ങള്‍ കാലാതിവര്‍ത്തിയാണല്ലോ. അപ്പോള്‍ വര്‍ത്തമാനകാലത്തിന്റെ സൂക്ഷ്മദര്‍ശിനിയിലൂടെ രാവണനെയും അദ്ദേഹത്തിന്റെ മനോവ്യാപാരങ്ങളെയും നോക്കിക്കാണാനുള്ള ശ്രമമാണ് ഈ പുസ്തകം എന്നു പറയാം. ഈ സൂക്ഷ്മദര്ശിനിയില് തെളിയുന്ന രാവണന് നാഗവംശത്തില്‍ പിറക്കുന്ന കുട്ടിയാണ്. രാവണനില്‍ പാണ്ഡിത്യവും മൃഗീയമായ അക്രമവാസനയും ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. പ്രതിഫലമിച്ഛിക്കാതെ പ്രണയിക്കുന്നവനും, പശ്ചാത്താപമില്ലാതെ കൊല്ലുന്നവനുമാണ് രാവണന്. മണ്ഡോദരിയോട് പ്രണയം തോന്നുമ്പോഴും നിനക്ക് എന്നെക്കുറിച്ച് എന്തറിയാം, ഞാനൊരു രാക്ഷസനാണെന്ന് തുറന്നു പറയുന്നുണ്ട് രാവണന്. (മണ്ഡോദരിയുടെ ജന്മദേശമെന്ന് വിശ്വസിക്കപ്പെടുന്ന മധ്യപ്രദേശിലെ മണ്ഡാസുര് എന്ന സ്ഥലത്ത് രാവണന് ഇപ്പോഴും ആരാധിക്കപ്പെടുന്നുണ്ട്. കല്യാണക്കുറി അച്ചടിച്ചുകിട്ടിയാല്‍ മറ്റുള്ളവര്‍ക്ക് കൊടുക്കുന്നതിന് മുന്‍പേ ഒരെണ്ണം രാവണന് ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്ന ആചാരം പോലും ചില വിഭാഗങ്ങള്‍ക്കിടിയില്‍ നിലനില്ക്കുന്നു. ദര്ശനസായുജ്യത്തിന് രാമക്ഷേത്രദര്ശനത്തൊടൊപ്പം രാവണക്ഷേത്രദര്ശനവും ഒഴിവാക്കാന്‍ പാടില്ലെന്ന് അവിടുത്തുകാര്‍ വിശ്വസിക്കുന്നു). പുഷ്പകവിമാനം പറത്തുന്നതിനോടൊപ്പം വിദഗ്ദ്ധനായ ഒരു നാവികനായും രാവണനെ അമീഷ് ത്രിപാഠി കാണുന്നുണ്ട്. നാവികന് മാത്രമല്ല, കടല്ക്കൊള്ളക്കാരന് കൂടിയാണ്. കപ്പലോട്ടത്തിന്റെ മര്‍മമറിഞ്ഞ രാവണന് കുബേരന്റെ ലങ്ക കീഴടക്കി അവിടം തന്റെ സാമ്രാജ്യമാക്കുന്നു.
അമ്പും വില്ലും മറ്റ് ആയുധങ്ങളും മാത്രമല്ല സംഗീതോപകരണങ്ങളും അനായാസം വഴങ്ങുന്ന രാവണനെയാണ് നമുക്ക് ഈ കൃതിയില്‍ കാണാനാവുക. നല്ലൊരു ഗായകനും ചിത്രകാരനും കവിയുമായ രാവണനെക്കുറിച്ച് നാം അധികമൊന്നും കേട്ടിട്ടുണ്ടാകില്ല. എന്നാല്‍ നാമറിയുന്നതിനപ്പുറം രാവണനില്‍ ഈ വ്യക്തിത്വങ്ങളും ഉണ്ടായിരുന്നുവെന്നാണ് അമീഷ് പറഞ്ഞുവയ്ക്കുന്നത്.
അമീഷ് ത്രിപാഠിയുടെ രാവണ്‍: എനിമി ഓഫ് ആര്യവര്‍ത്ത എന്ന പുസ്തകം രാവണന് ആര്യാവര്ത്തത്തിന്റെ ശത്രു എന്ന പേരില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് കബനി. സി ആണ്. ഏക- വെസ്റ്റ്ലാന്റ് ആണ് പ്രസാധകര്. ശിവസങ്കല്പത്തെ ആധാരമാക്കി രചിച്ച ‘ദ ഇമ്മോര്‍ട്ടല്‍സ് ഓഫ് മെലുഹ’ എന്ന പുസ്തകശ്രേണിയിലൂടെയാണ് അമീഷ് മുന്‍നിര എഴുത്തുകാരുടെ ഇടയിലേക്ക് ഉയര്‍ന്നുവന്നത്. പുരാണങ്ങള്‍ക്കും ഇതിഹാസങ്ങള്‍ക്കും മിത്തുകള്‍ക്കും പുതുവ്യാഖ്യാനങ്ങള്‍ ചമയ്ക്കുന്ന എഴുത്തുകാരനെന്ന നിലയില്‍ അമീഷിനെ വായനക്കാര്‍ ഏറെ ഇഷ്ടപ്പെട്ടുതുടങ്ങിയത് ചുരുങ്ങിയ കാലംകൊണ്ടാണ്. മുംബൈ സ്വദേശിയായ അമീഷ് ഐഐഎമ്മില്‍ നിന്നാണ് ബിരുദം നേടിയത്. ബാങ്ക് ഉദ്യോഗം രാജിവച്ച് മുഴുവന്‍ സമയം എഴുത്തിനായി മാറ്റിവെച്ചിരിക്കുന്നു.
പുസ്തകം:
രാവണന് : ആര്യാവര്ത്തത്തിന്റെ ശത്രു
പി. ഹരികൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: