ന്യൂയോര്‍ക്ക്: ഓഹരി വിപണിയില്‍ രണ്ട് ട്രില്ല്യന്‍ ഡോളര്‍ നേട്ടവുമായി കുതിച്ച ആപ്പിളിന് കനത്ത തിരിച്ചടി. കഴിഞ്ഞ ദിവസം 180 ബില്ല്യണ്‍ ഡോളറിന്റെ ഇടിവാണ് ഓഹരിവിപണയില്‍ ആപ്പിളിന് നേരിടേണ്ടിവന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ആപ്പിളിന് ഓഹരിവിപണിയില്‍ ഇത്രവലിയ തിരിച്ചടി നേരിടുന്നത്. കഴിഞ്ഞ ദിവസം നേരിട്ട തിരിച്ചടി വിപണിയില്‍ ഇന്നും തുടര്‍ന്നു. അഞ്ചു ശതമാനത്തിന്റെ ഇടിവാണ് ഇന്നുണ്ടായത്. ഇതോടെ രണ്ട് ട്രില്ല്യന്‍ ഡോളര്‍ നേട്ടം ആപ്പിളിന് നഷ്ടമായി.
കഴിഞ്ഞ മാസം ആദ്യത്തോടെ സൗദി അരാംകോയെ മറികടന്ന് ആപ്പിള്‍ കമ്പനി ലോകത്തെ വലിയ കമ്പനിയായിരുന്നു. പാദവാര്‍ഷിക കണക്കുകള്‍ പുറത്തുവന്നതിന് പിന്നാലെ ആപ്പിളിന്റെ ഓഹരി മൂല്യത്തില്‍ 7.1 ശതമാനത്തിന്റെ വര്‍ധനവുണ്ടായിരുന്നു. ഇതാണ് ചരിത്രനേട്ടത്തിലേക്കെത്താന്‍ കമ്പനിയെ സഹായിച്ചത്.
ഓഹരി വിപണിയില്‍ രണ്ട് ട്രില്യന്‍ ഡോളര്‍ ആസ്തി കൈവരിക്കുന്ന ആദ്യ യു എസ് കമ്പനിയാണ് ആപ്പിള്‍. 2018ല്‍ ഒരു ട്രില്ല്യന്‍ ഡോളര്‍ ആസ്തി നേടുന്ന ലോകത്തെ ആദ്യ കമ്പനിയായിരുന്നു ഐ ഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍.
നേരത്തേ രണ്ട് ട്രില്ല്യന്‍ ഡോളര്‍ ആസ്തി നേടിയ ലോകത്തെ ആദ്യ കമ്പനി സൗദി അരാംകോ ആയിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് അരാംകോ ഓഹരി വിപണിയില്‍ പ്രവേശിച്ചത്. എന്നാല്‍ അരാംകോയുടെ ആസ്തി 1.8 ട്രില്യനിലേക്ക് താഴ്ന്നിരുന്നു.
കൊറോണവൈറസ് വ്യാപനം കാരണം ആഗോളതലത്തില്‍ തന്നെ കമ്പനികള്‍ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ഈ വര്‍ഷം 50 ശതമാനത്തിലേറെയാണ് ആപ്പിളിന്റെ ഓഹരികളുടെ മൂല്യം വര്‍ധിച്ചത്. മാര്‍ച്ച് മുതല്‍ ഓഹരി വില ഇരട്ടിയാകുകയാണ് ചെയ്തത്. എന്നാല്‍, കഴിഞ്ഞ ദിവസം മുതലാണ് ആപ്പിളിന്റെ ഓഹരിയില്‍ വന്‍ ഇടിവ് ഉണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: