കണ്ണാടിയില്ലത്തെ വേദ മന്ത്രങ്ങളുടെയും, ഏഴു സ്വരങ്ങളുടെയും കൈപിടിച്ച് വളര്‍ന്ന കൈതപ്രത്തെ ബാല്യം കടന്ന്, ദേവീദേവന്മാരുടെ കാതുകളോട് ചേര്‍ന്നിരുന്ന് സങ്കടമുണര്‍ത്തിച്ച്, കവിളുകളെ തഴുകിയിറങ്ങിയ കണ്ണീര്‍പ്പൂക്കളാല്‍ അവരുടെ കാല് കഴുകിച്ച കാലം. ഒരു നാള് ദേവദുന്ദുഭി നാദം കേട്ടു. ദേവാങ്കണങ്ങളുടെ മംഗളങ്ങളേറ്റുവാങ്ങി ദേശാടനത്തിനിറങ്ങി.
‘പാടുവാന്‍ ഓര്‍മ്മകളില്‍ പദങ്ങള്‍
തേടുകയായിരുന്നു
മൂളുമീ മോഹങ്ങള്‍ സ്വരങ്ങള്‍
തേടുകയായിരുന്നു….’
അരങ്ങുകള്‍ വയലുകളായി, അക്ഷരങ്ങള്‍ വിത്തുകളായി,
കാവ്യ സംഗീത നടനകലകള്‍ സതീര്‍ത്ഥ്യരായി. ചൈത്രവേണുവൂതുന്ന കുയിലുകള്‍ കളിവീടിനെ എന്നുമെന്നും ഉണര്‍ത്തി…
ബ്രഹ്മകമലം ശ്രീലകമാക്കിയ വീണാധാരി അക്ഷര നിവേദ്യങ്ങളില്‍ അന്നപൂര്‍ണ്ണയായി പ്രസാദിച്ചു.
നിത്യവുമാ ചേതനയില്‍ ദേവിയുടെ കാരുണ്യം മലയമാരുതമായൊഴുകി.
ചന്ദ്രകാന്തം കൊണ്ടുള്ളഭാവനയുടെ നാലുകെട്ടിന് പുറത്തുള്ള ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാലാടി ദേവസഭാതലത്തെ വരെ സംഗീത രാജാങ്കണമാക്കി, ജോണ്സണ്-രവീന്ദ്ര സ്പര്‍ശനാലിംഗനങ്ങളാല്‍. പുന്നമടക്കായലില്‍ വെണ്ണിലാവിന്റെ ചന്ദനക്കിണ്ണം കോരിയെടുക്കുന്ന നിഷ്കളങ്കത, പുലരേ പൂങ്കോടിയില്‍ പെരുമീന്‍ വെള്ളാട്ടം കണ്ട ധ്യാനധന്യത, ശ്രോതാക്കളുടെ വിചാരക്കടലിലെ വികാര നൗകയുടെ അമരത്തിരുന്ന് നിയന്ത്രിച്ച ധീരത, സ്നേഹ രാമായണത്തിലെ സൗമ്യത, തീച്ചാമുണ്ഡിയുടെ രൗദ്രത… എല്ലാമെല്ലാം വാക്കുകളായി വേവിച്ച്, സംഗീതരുചിയോടെ പാടിയഭിനയിച്ച് വിളമ്പി ഈ ദാമോദര തിരുമനസ്.
നിന്‍മണിച്ചില്ലകള്‍ പൂത്തു വിരിഞ്ഞത് ഞങ്ങള്‍ക്കിരിക്കുവാനായിരുന്നു. അതിലിരുത്തി അങ്ങ് താരാട്ടെഴുതിയത് നല്ല സ്വപ്നങ്ങള്‍ കണ്ട് ഞങ്ങള്‍ക്കുറങ്ങുവാനായിരുന്നു. അമ്പോറ്റി, കല്‍ക്കണ്ടക്കുന്ന്, അമ്പിളി തമ്പ്രാന്റെ കോവിലകം, പാല്‍ക്കാവടി, പായസപ്പുഴ… കിളി പോലെ മൃദുലമായി പാടി കാത്തിരിക്കുന്ന അമ്മ…ഒക്കെ ഞങ്ങള്‍ക്കു വേണ്ടിയങ്ങൊരുക്കിയ നന്മ വിഭവങ്ങളായിരുന്നു. കാത്തിരിപ്പോടെയിരുന്ന അമ്മയുടെ കിളിപ്പാട്ട് മൊഴികള്‍ ആറ്റു നോറ്റുണ്ടായ, കുഞ്ഞുങ്ങളായ ഞങ്ങള്‍ക്കുള്ള ഉറക്കുപാട്ടല്ലായിരുന്നു.
‘നീലാഞ്ജനപ്പൂവിന്‍ താലാട്ടൂഞ്ഞാലില്‍
തേവാരം നല്കിയ തങ്കക്കൈനീട്ടങ്ങളായി അമ്മമാര്‍ക്ക് കിട്ടിയ ഞങ്ങളില്‍ സൂര്യനും,ചന്ദ്രനും, പുലരിയും താരവുമൊക്കെ ചേരുന്ന, ദ്വാപരയുഗത്തിന്റെ കണ്ണന്റെ കൊഞ്ചല് കണിയായിരുന്നു. അവന്റെ കറുപ്പിന് അടുപ്പുകളില്‍ നിന്ന് പുരണ്ട മാതൃ വാത്സല്യത്തിന്റെ ശ്രീവത്സഭംഗിയാണെന്നും, പിന്നെയതില്‍ ഗോപികമാരുടെ അനുരാഗക്കുശുമ്പിന്റെ ഏഴു നിറങ്ങളുടെ മുകിലഴകാണെന്നും, അവന്റെ സാരഥ്യം പഠിപ്പിച്ചത് അറിയാതെയെങ്കിലും ഒരു പാപകര്‍മ്മവും അരുതെന്ന പാഠമാണെന്നും, പൈതൃകത്തെ ധന്യമാക്കണമെന്ന പാഞ്ചജന്യ ഗീതയാണെന്നുമങ്ങെഴുതി ബോധിപ്പിച്ചു.
അങ്ങയുടെ പാട്ടോര്‍മ്മകളില്‍ ആദിതാളച്ചോടുവച്ച ലീലാമാനസത്തെ ഞങ്ങള്‍ നമിക്കുന്നു. അതിലിന്ദുകാന്ത കല്ലുവെച്ച മായാമാധവത്തെ ഞങ്ങള്‍ പ്രണമിക്കുന്നു.
മായാമാധവനായ കണ്ണന്റെ പേരിലുള്ള ഇരുപത്തിനാലാമത്തെ ഈ ജന്മാഷ്ടമി പുരസ്കാരം ബാലഗോകുലം ബാലസംസ്കാര കേന്ദ്രം അങ്ങയുടെ കൈയിലുള്ള വെണ്ണിലാചന്ദനക്കിണ്ണത്തിലേയ്ക്ക് കണ്ണന്റെ വെണ്ണ പോലെ നല്കുമ്പോള് മനസ്സ് പാടുന്നു
‘സുഖമാണീ നിലാവ്,എന്ത്സുഖമാണീ കാറ്റ്…അരികില്‍ നീ വരുമ്പോള്‍ എന്ത് രസമാണീ സന്ധ്യ.
ജീവിതരേഖ
കൈതപ്രം ദാമോദരന്‍ നമ്പൂതിരി, സംഗീതവും സാഹിത്യവും പുണര്‍ന്ന അസാധാരണ പ്രതിഭകളിലൊരാള്‍. കൈതപ്രത്തെ കണ്ണാടിയില്ലത്ത് ജനിച്ചതിനാല്‍ സംഗീതം ജന്മസിദ്ധമായി. സംഗീത സ്വരൂപമായിരുന്ന ചെമ്പൈയുടെ ശിഷ്യന്, കണ്ണൂര്‍ കൈതപ്രം ഗ്രാമത്തില്‍ കണ്ണാടിയില്ലത്ത് കേശവന് നമ്പൂതിരിയുടെയും (കണ്ണാടി ഭാഗവതരുടെ)അദിതി അന്തര്‍ജനത്തിന്റെയും മകന് സംഗീതം പൈതൃക സ്വത്തായി. ഒന്നിച്ചു വാഴില്ലെന്ന് ആരോ പതം പറഞ്ഞത് ദാമോദരന്‍ തിരുത്തി; സാഹിത്യത്തെയും സംഗീതത്തിനൊപ്പമിരുത്തി. മൂകാംബികാ ഭക്തനായി, 41 ദിവസം മൂകാംബികാ ഭജനം നടത്തിയ ദാമോദരന്‍ നമ്പൂതിരിക്ക് സരസ്വതീദേവി പൊന്‍ നാരായം കൊണ്ട് നാവിലെഴുതിയെന്നു തന്നെ പറയണം. കുടുംബത്തില്‍ മറ്റാര്‍ക്കും അതുവരെ ഇല്ലാതിരുന്ന സര്‍ഗ സാഹിത്യ സമ്പത്ത് അദ്ദേഹത്തിന് വശമായി. മൂകാംബികാ ഭജനമാണ് എഴുത്തുകാരനാക്കിയതെന്ന് കൈതപ്രം ആവര്‍ത്തിച്ച് പറഞ്ഞിട്ടുമുണ്ട്.
1950-ല്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനൊപ്പം കര്‍ണാടക സംഗീതവും പഴശ്ശിത്തമ്പുരാന്, കെ.പി. പണിക്കര്‍, പൂഞ്ഞാര്‍ കോവിലകത്തെ ഭവാനിത്തമ്പുരാട്ടി, എസ്വിഎസ് നാരായണന് എന്നിവരുടെ ശിക്ഷണത്തില്‍ അഭ്യസിച്ചു.
എസ്വിഎസ് നാരായണന്റെ ശിഷ്യനായിരിക്കെ തിരുവനന്തപുരത്ത് ‘തിരുവരങ്ങ്’ എന്ന നാടക സമിതിയുമായി ബന്ധപ്പെട്ടു. 1970-കളില്‍ കവിത-ഗാന രംഗത്തേക്കു കടന്നു. നരേന്ദ്രപ്രസാദിന്റെ ‘നാട്യഗൃഹ’ത്തില്‍ നടനും സംഗീതസംവിധായകനും ഗായകനുമായി. 1980-ല്‍ മാതൃഭൂമിയില്‍ പ്രൂഫ് റീഡറായി ജോലിയില്‍ പ്രവേശിച്ചു. 1985-ല്‍ ഫാസില്‍ സംവിധാനം ചെയ്ത എന്നെന്നും കണ്ണേട്ടന്റെ എന്ന ചിത്രമാണ് കൈതപ്രം ഗാനരചന നടത്തിയ ആദ്യചിത്രം. ഇതിലെ ദേവദുന്ദുഭി സാന്ദ്രലയം എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടു. 300-ല്‍ അധികം ചിത്രങ്ങള്‍ക്കു ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. കുടുംബപുരാണം എന്ന ചിത്രത്തിലൂടെ കൂടുതല്‍ ശ്രദ്ധേയനായി. സോപാനം ചിത്രത്തിനുവേണ്ടി തിരക്കഥയും എഴുതി. സ്വാതിതിരുനാള്‍, ആര്യന്, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, ദേശാടനം തുടങ്ങി 20-ല്‍പ്പരം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്.
വയലാര്‍ ശരത്ചന്ദ്ര വര്‍മ
പ്രതികരിക്കാൻ ഇവിടെ എഴുതുക: