ഇരുപത്തി നാലാമത് ജന്മാഷ്ടമി പുരസ്കാരം ഇന്ന് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക,് കഥയുടെ തമ്പുരാന് എം.ടി. വാസുദേവന്‍ നായര്‍ അദ്ദേഹത്തിന്റെ വസതിയില്‍ വച്ച് സമര്‍പ്പിക്കുകയാണ്. പാരമ്പര്യ നിഷ്ഠമായ കവിതയുടെ കുലീനമായ കുലധര്‍മത്തെ സിനിമാ ഗാനങ്ങളില്‍ അലിയിച്ച് ചേര്‍ത്ത മഹാവൈഭവത്തിന് കൈതപ്രം ആദരിക്കപ്പെടുകയാണ്. മരുപ്പറമ്പായി മാറിക്കൊണ്ടിരുന്ന മലയാള സിനിമാ ശാഖയില്‍ പുതിയ പ്രവാഹത്തിനുള്ള സാധ്യതകള്‍ തേടിയ ആ വിരുത് വിജയിക്കുകയായിരുന്നു. കൃഷ്ണാര്‍പ്പണമായി അദ്ദേഹം കുറിച്ചിട്ട മനോജ്ഞമായ ശീലുകളും കേരളത്തിന്റെ സ്വച്ഛസ്ഫടിക സമാനമായ കല്പ്പനകളും ആര്‍ഷ വിചാരധാരയില്‍ അകം കുളിര്‍പ്പിച്ച യജ്ഞ സംസ്കാരത്തിന്റെ ഉള്‍പ്പൊരുളുകളും ഇവിടെ ആദരിക്കപ്പെടുകയാണ്. പുരസ്കാരം സമര്‍പ്പിക്കുന്ന എം.ടി. വാസുദേവന്‍ നായര്‍ മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്. കിഴക്ക് പടിഞ്ഞാറിനെ നോക്കി പകര്‍ത്തിയിരുന്ന അപകര്‍ഷതാബോധത്തെ തിരുത്തി പടിഞ്ഞാറ് കിഴക്കിന് മുന്നില്‍ കീഴടങ്ങുന്നുവെന്ന ബോധ്യത്തെ സാക്ഷ്യപ്പെടുത്തുന്ന എഴുത്തു ഗുരുവാണ് എം.ടി. മലയാള നാടിന്റെ പൈതൃകശീലുകളും നാടന്‍ ജീവിതങ്ങളും തന്റെ കഥകളിലൂടെ, തിരക്കഥകളിലൂടെ, സിനിമകളിലൂടെ ആവിഷ്കരിച്ച് വിസ്മയം വിരിയിക്കുകയായിരുന്നു അദ്ദേഹം. ബാലഗോകുലം മുന്നോട്ടുവച്ച പല ആശയങ്ങളേയും അര്‍ഹിക്കുന്ന ഗൗരവത്തോടെ സമാദരിക്കുകയും ആശിര്‍വദിക്കുകയും ചെയ്ത ഋഷിപ്രഭാവനായ എഴുത്തുകാരന്, കാരുണ്യ പുരുഷനായ കാര്വര്ണ്ണന് മാല ചാര്‍ത്തി പുരസ്കാരം സമര്‍പ്പിക്കുകയാണ്.
വിശ്വോദാരമായ പ്രേമ സങ്കല്‍പ്പത്തിന്റെ നിതാന്ത വിസ്മയമാണ് ഭാരതീയന്റെ ഇഹപരങ്ങളില്‍ നിറഞ്ഞ് തുളുമ്പുന്ന കൃഷ്ണദര്‍ശനം. ജീവിതത്തെ മന്ദസ്മിതത്താല്‍ കീഴടക്കാമെന്ന കാലാതിവര്‍ത്തിയായ സന്ദേശം തന്റെ കുഴല്‍ നാദത്താല്‍ ലോകത്തെ അറിയിച്ച ശ്രീകൃഷ്ണന്റെ അഴകാര്‍ന്ന ഭാവം കൂടുതല്‍ കൈവല്യമാകുന്നത് മലയാളികളുടെ മനസ്സിലാണ്. മലയാളികളുടെ ഹൃദയപത്മത്തില്‍ കുടിയിരിക്കുന്ന, മണിച്ചിലങ്ക കെട്ടിയ മണിവര്ണന് കൃഷ്ണഗാഥാ കാവ്യം മുതല്‍ നാം അരുമയായി അനുഭവിക്കുന്ന കമനീയ സങ്കല്‍പ്പമാണ്. കൂട് കൂട്ടാനും, കാട് കാട്ടാനും, ആനന്ദം പങ്കുവയ്ക്കാനും, കണ്ണീര് തുടയ്ക്കാനും, വൈകൃതങ്ങളകറ്റാനും, അര്‍ഹമായ പ്രത്യുത്തരം കൊടുക്കാനും, അങ്ങനെ മനുഷ്യജീവിതം സമ്പൂര്‍ണമാക്കാനും പഠിപ്പിച്ച പരിപൂര്‍ണ മനുഷ്യകുലത്തിന്റെ നേര്‍ദര്‍ശനം കൃഷ്ണനില്‍ കാണുന്നു. താന്‍ അധിവസിക്കുന്ന നാടിനെ സ്വന്തം കുടുംബമാക്കി, അവിടുത്തെ മലയും പുഴയും മരങ്ങളും നാല്ക്കാലികളും കുടുംബക്കാരായി കഴിഞ്ഞ് കൂടുന്ന സമദര്‍ശനത്തിന്റെ ഉദാത്തത ഇന്ന് ലോകം ആവശ്യപ്പെടുന്നു. നേരുള്ള ഈ ദര്‍ശനത്തിന്റെ പ്രായോഗിക പാഠശാല എന്ന നിലയിലാണ് നാലര ദശാബ്ദം മുന്‍പ് കേരളത്തില്‍ ബാലഗോകുലം മൊട്ടിട്ട് സൗരഭ്യം പടര്‍ത്തിയത്.
കേരളത്തിന്റെ സാംസ്കാരികാന്തരീക്ഷം എഴുപതുകളില്‍ ഇന്നത്തെപ്പോലെ നേര്‍രേഖയിലായിരുന്നില്ല. എഴുത്തിലും ജീവിതത്തിലും ആചാരത്തിലും ഇടപെടലുകളിലും വിശ്വാസങ്ങളില്‍പ്പോലും ദുശ്ശാസന സ്വഭാവം പ്രകടമായിരുന്നു. പുരോഗമന പ്രസ്ഥാനങ്ങളും ജീവല്‍ സാഹിത്യപ്രവണതകളും വിപ്ലവത്തിന്റെ ചാടില്‍ കയറി തുള്ളുന്ന ആ അന്തരീക്ഷത്തിലാണ് ബാലഗോകുലം ജന്മമെടുക്കുന്നത്. ശ്രീകൃഷ്ണജയന്തിയിലൂടെ ചുരുങ്ങിയ കാലംകൊണ്ട് ബാലഗോകുലത്തിന് സാംസ്കാരിക പരിവര്‍ത്തനം നടത്താന്‍ കഴിഞ്ഞു. അതൊരു നവോത്ഥാനത്തിന്റെ പാ
ഞ്ചജന്യമായിരുന്നു. പങ്കാളിത്തംകൊണ്ട് ഇത്ര വലിയ ഒരു ജനകീയ ഉത്സവം അന്നോളം കേരളം കണ്ടിരുന്നില്ല. ജന്മാഷ്ടമി ആചരണത്തിന്റെ സാര്‍വ്വജനീനത വിസ്മയകരമായി വളര്‍ന്നു. ആ വളര്‍ച്ചയില്‍ നവോത്ഥാന കേരളത്തിന്റെ; പാരിസ്ഥിതിക കേരളത്തിന്റെ, ആദ്ധ്യാത്മിക കേരളത്തിന്റെ, സാംസ്കാരിക കേരളത്തിന്റെ മൂര്‍ദ്ധന്യദശയിലാണ്, വ്യക്തമായ ദിശാബോധത്തോടെ 1997ല്‍ ആദ്യ ജന്മാഷ്ടമി പുരസ്കാരം പിറക്കുന്നത്. ഏത് കാര്യങ്ങള്‍ക്കും പുരസ്കൃതരാകാന്‍ യോഗ്യരായി മുദ്രകുത്തപ്പെട്ടിട്ടുള്ള ഒരുപിടി ആള്ക്കാര് അരങ്ങേറുന്നത് കേരളത്തില്‍ സ്വാഭാവികമായിരുന്നു. ജന്മാഷ്ടമി പുരസ്കാരത്തോടെ പുതിയ പതിവ് കേരളം കണ്ടു. ശ്രീകൃഷ്ണ ദര്‍ശനത്തിലൂടെയോ മറ്റ് വ്യത്യസ്ത കലാ മാധ്യമങ്ങളിലൂടെയോ ആവിഷ്കരിക്കുന്ന, പാരമ്പര്യത്തെ തള്ളിപ്പറയാത്ത, നമ്മുടെ സംസ്കൃതിയില്‍ തികഞ്ഞ ആദരവുള്ളവരെ ജാതിമത വിഭാഗീയതകള്‍ക്കതീതമായി തെരഞ്ഞ് കണ്ടെത്തി ആദരിക്കുകയാണ് ബാലഗോകുലം-ബാലസംസ്കാര കേന്ദ്രം ചെയ്തു വരുന്നത്. പ്രകൃതിയുടെ മഹിമയുറ്റ സഹജാവബോധത്തെയും രക്ഷകനായി ഈ മണ്ണില്‍ വീണ്ടും വന്നണയേണ്ട മണിച്ചിലങ്ക കെട്ടിയ മണിവര്‍ണനേയും പ്രത്യാശാഭരിതമായ, കുലീനമായ ഭാഷയില്‍ അടയാളപ്പെടുത്തിയ ‘മലയാളത്തിന്റെ ഭക്തമീര’ സുഗതകുമാരിയെയാണ് ഗുരുപവനപുരിയില്‍ എത്തിച്ച് ആദ്യ ജന്മാഷ്ടമി പുരസ്കാരം ചാര്‍ത്തി ആദരിച്ചത്. പുരസ്കാരം സമര്‍പ്പിച്ചതോ ബ്രഹ്മസൂത്രത്തിന് ഭാഷ്യം ചമച്ച, ഉപനിഷത്തുക്കളെ മലയാളികള്‍ക്ക് ചിരപരിചിതമാക്കിക്കൊടുത്ത ശ്രീരാമകൃഷ്ണ പ്രസ്ഥാനത്തിന്റെ വരിഷ്ഠ തപോധനന് ശ്രീമത് മൃഡാനന്ദ സ്വാമികള്‍. വറ്റിവരണ്ട എന്റെ മനസ്സിലേക്ക് കാര്‍മേഘ വര്‍ണന്റെ കാരുണ്യവര്‍ഷമാണ് എനിക്ക് ജന്മാഷ്ടമി പുരസ്കാരമെന്ന സുഗതകുമാരി ടീച്ചറുടെ മറുമൊഴി അക്ഷരാര്‍ത്ഥത്തില്‍ ആവേശംകൊള്ളിച്ചതായിരുന്നു. ആ ആവേശത്തിന്റെ തിരയിളക്കം അല്പ്പവും കെട്ടടങ്ങാതെ അടുത്ത പുരസ്കാരത്തിലും പരിലസിച്ചു. കാരുണ്യമേഘമായ് ഗുരുവായൂരപ്പനെ മനസ്സിലെ മണിപീഠത്തിലിരുത്തി ഉപാസിച്ച് പോന്ന സര്‍ഗ്ഗധനനായ യൂസഫലി കേച്ചേരിയെ ആദരിച്ചുകൊണ്ട് പുരസ്കാരത്തിന്റെ അര്‍ത്ഥവും വ്യാപ്തിയും വര്‍ധിപ്പിച്ചു.
ഇതൊരു പരിവര്‍ത്തനത്തിന്റെ കഥയാണ്. ഒച്ചപ്പാടില്ലാത്ത മന്ദമെങ്കിലും അനുസ്യൂതമായ സംസ്കാരിക ചലനം സൃഷ്ടിക്കുവാന്‍ ബാലഗോകുലത്തിന് കഴിഞ്ഞിട്ടുണ്ട്. ഇവിടെ ചേരിതിരിവോ ആക്രോശങ്ങളോ പക്ഷപാതമോ ഇല്ല. ജന്മാഷ്ടമി പുരസ്കാരം ഏറ്റുവാങ്ങിയവരില്‍ നാല് സംന്യാസിമാര്‍ ഉള്‍പ്പെടുന്നു. കവികളും എഴുത്തുകാരുമായി പതിനാല് പേരും കലാരംഗത്തെ പ്രമുഖരായ നാല് പേരും പരമേശ്വര്‍ജിയെപ്പോലെ നവോത്ഥാന രംഗത്തെ മനീഷികളും പുരസ്കൃതരായവരില്‍ ഉള്‍പ്പെടുന്നു. എം.ടി.വാസുദേവന്‍ നായരാല്‍ സമര്‍പ്പിക്കപ്പെടുന്ന ഇരുപത്തിനാലാമത് പുരസ്കാരം അനിവാര്യമായ നിയോഗത്തിലേക്ക് വിരല്‍ചൂണ്ടുന്നു. കേരളത്തെയും മലയാളഭാഷയും കൊണ്ടാടിയിരുന്ന വിളിപ്പെട്ട പല പ്രവണതകളില്‍ നിന്നു വ്യക്തമായ വ്യതിയാനങ്ങള്‍ക്ക് നേരമായി എന്ന സാക്ഷ്യപ്പെടുത്തല്‍. കേരളം വഴിമാറണം എന്ന ഓര്‍മപ്പെടുത്തല്‍. നല്ല ചിന്തകള്‍ക്കും ശീലുകള്‍ക്കും എന്നും സ്ഥാനമുണ്ട്. ഒരിക്കലും ഒളിമങ്ങാത്ത ആദ്ധ്യാത്മിക സ്പര്‍ശമുള്ള ഒരു പാരമ്പര്യ കേരളം ഉണരണം. വൃന്ദാവന സദൃശമായ ഈ നല്ല ഭൂമിയില്‍ പല നന്മയും പുനര്‍ജനിക്കട്ടെ. അതിന് ഇവിടെ ലക്ഷോപലക്ഷം ഉണ്ണിക്കണ്ണന്മാര് അവതാര നടനം ചെയ്യണം. ഏത് കാരാഗൃഹവും അപ്പോള്‍ നന്ദനോദ്യാനമാകും. അതാണ് ബാലഗോകുലത്തിന്റെ ഇച്ഛയും.
എന്‍. ഹരീന്ദ്രന്‍ മാസ്റ്റര്‍
(ബാലഗോകുലം മുന്‍ സംസ്ഥാന അധ്യക്ഷന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: