ന്യൂദല്‍ഹി : കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് നവംബറില്‍ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്. ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ഒപ്പമാകും കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുക. കൊറോണ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരിക്കും നടപടി.
ഒഴിവ് വന്നിട്ടുള്ള ചവറ, കുട്ടനാട് എന്നീ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് നീണ്ട് പോയത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിലാണ് രാജ്യത്തെ ഉപതിരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച് തീരുമാനമുണ്ടായത്.
ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം രാജ്യത്തെ 65 നിയമസഭാ മണ്ഡലങ്ങളിലേക്കും ഉപതെരഞ്ഞെടുപ്പ് നടത്തുന്നതാണ്. എന്നാല്‍ തിയതികള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നും കമ്മിഷന് വ്യക്തമാക്കി. കൊറോണ വൈറസ് ഭീതി നിലനില്‍ക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്ത ശേഷം നടപടി സ്വീകരിക്കും.
തോമസ് ചാണ്ടിയുടേയും വിജയന്‍പിള്ളയുടേയും മരണത്തോടെയാണ് കുട്ടനാട് ചവറ മണ്ഡലങ്ങളില്‍ ഒഴിവ് വന്നത്. തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പിനായി ചര്‍ച്ചകള്‍ ആരംഭിക്കുകയും സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് തീരുമാനം എടുക്കുന്നതിനിടയിലാണ് കൊറോണ വൈറസ് വ്യാപകമാകുന്നത്.
എന്നാല്‍ നിലവിലെ സാഹചര്യങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടന്നേക്കില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന് സൂചന നല്‍കിയത്. കൊറോണ മാനദണ്ഡങ്ങള്‍ അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്തുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷനോട് നേരത്തെ വ്യക്തമാക്കിയിരുന്നു. നവംബര്‍ 29ന് മുന്‍പായി നടക്കുന്ന രീതിയില്‍ തിരഞ്ഞെടുപ്പ് ക്രമീകരിക്കാനാണ് സാധ്യതയെന്നും ടിക്കാറാം മീണ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: