തിരുവനന്തപുരം: സെക്രട്ടേറിയേറ്റില്‍ സ്വപ്‌ന സുരേഷും സംഘവുമെത്തിയ ദൃശ്യങ്ങള്‍ എന്‍ഐഎയുടെ പരിശോധനയില്‍ കണ്ടെത്തി. സ്വപ്‌ന സുരേഷ് നിരവധി തവണ മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന നോര്‍ത്ത് ബ്ലോക്കില്‍ എത്തിയെന്ന് ദൃശ്യങ്ങളില്‍ നിന്നു വ്യക്തമായി.
മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി, മന്ത്രി കെ.ടി. ജലീല്‍ എന്നിവരുടെ ഓഫീസ്, സെക്രട്ടേറിയേറ്റ് അനക്‌സിലെ ദൃശ്യങ്ങള്‍ എന്നിവയാണ് എന്‍ഐഎ പരിശോധിച്ചത്. സ്വപ്‌ന സുരേഷ് നിരവധി തവണ സെക്രട്ടേറിയേറ്റില്‍ എത്തുന്ന ദൃശ്യങ്ങള്‍ പരിശോധനയില്‍ കണ്ടെത്തി. കെ.ടി. ജലീലിന്റെ ഓഫീസില്‍ സ്വപ്‌ന എത്തിയെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് കെ.ടി. ജലീലിന്റെ ഓഫീസിലേയും ദൃശ്യങ്ങള്‍ ശേഖരിച്ചത്.
സെക്രട്ടേറിയറ്റ് അനക്‌സിലെ ദൃശ്യങ്ങളും പരിശോധിച്ചു. ഇതിലെല്ലാം സ്വപ്‌ന സുരേഷ് വന്നുപോകുന്നുവെന്ന് അന്വേഷണ സംഘം കണ്ടത്തി. സ്വപ്‌നയ്‌ക്കൊപ്പം മറ്റുചിലരുമുള്ളതായും ദൃശ്യങ്ങളിലുണ്ട്. യുഎഇ കോണ്‍സുലേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള നീക്കവും അന്വേഷണ സംഘം ആരംഭിച്ചു. കൂടാതെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പങ്കെടുത്ത സന്ദീപ് നായരുടെ നെടുമങ്ങാട്ടെ കാര്‍ വര്‍ക്‌ഷോപ്പ് ഉദ്ഘാടന ചടങ്ങിന്റ ദൃശ്യങ്ങളും എന്‍ഐഎ ശേഖരിച്ചു.
ഒരു വര്‍ഷത്തെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട എന്‍ഐഎ കത്ത് നല്‍കിയപ്പോള്‍ ചില ദൃശ്യങ്ങള്‍ ഇടിമിന്നലില്‍ നശിച്ചെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചത്. ജൂണ്‍ അവസാന ആഴ്ച മുതല്‍ തുടര്‍ന്ന് ജൂലൈ 12 വരെയുള്ള ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു. അവ പകര്‍ത്തി നല്‍കാന്‍ 400 ടിബി ഹാര്‍ഡ് ഡിസ്‌ക് വേണമെന്ന് പറഞ്ഞ് ദൃശ്യങ്ങള്‍ നല്‍കിയില്ല. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം എന്‍ഐഎ സംഘം നേരിട്ടെത്തി ദൃശ്യങ്ങള്‍ പരിശോധിച്ചത്. തുടര്‍ന്ന് ആവശ്യമായ ദൃശ്യങ്ങള്‍ എഴുതി നല്‍കുകയായിരുന്നു.
സ്വപ്‌നയുടെ നിയമനം: വിജിലന്‍സ് അന്വേഷണം ഭയന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: അന്താരാഷ്‌ട്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ സ്‌പേസ് പാര്‍ക്കില്‍ നിയമിച്ച സംഭവത്തിലടക്കം വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കുന്നില്ല. വിജിലന്‍സ് അന്വേഷണത്തിന് നിയമോപദേശം ലഭിച്ചിട്ടും തീരുമാനമെടുക്കാതെ ആഭ്യന്തര വകുപ്പ്. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ തള്ളിപ്പറഞ്ഞിട്ടും സിപിഎം ഉള്‍പ്പെടെ ആവശ്യപ്പെട്ടിട്ടും വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കാത്തതില്‍ ദുരൂഹത.
മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരമാണ് സ്വപ്‌ന സുരേഷിനെ സ്‌പേസ് പാര്‍ക്ക് കേരളയില്‍ ഓപ്പറേഷന്‍ മാനേജരായി നിയമിക്കുന്നത്. ഒന്നരലക്ഷത്തോളം രൂപ ശമ്പളത്തിലായിരുന്നു നിയമനം. അന്താരാഷ്‌ട്ര സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് അറസ്റ്റിലായതോടെയാണ് അനധികൃത നിയമനം പുറത്തുവന്നത്. തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ശിവശങ്കര്‍ അനധികൃത ഇടപെടല്‍ നടത്തിയെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍, അന്വേഷണത്തിന് അനുമതി തേടിയ വിജിലന്‍സിന് അനുമതി നിഷേധിക്കുകയായിരുന്നു.
അന്വേഷണത്തിനുള്ള അനുമതി നിഷേധിച്ചതോടെ വിജിലന്‍സ് നിയമോപദേശം തേടി. അന്വേഷണത്തിന് നിയമ സാധുതയുണ്ടെന്ന നിയമോപദേശം ലഭ്യമായി. തുടര്‍ന്ന് വീണ്ടും സര്‍ക്കാരിന് അപേക്ഷ നല്‍കി. എന്നാല്‍, ഇക്കാര്യത്തില്‍ ഇതുവരെ ആഭ്യന്തര വകുപ്പ് അന്വേഷണത്തിന് അനുമതി നല്‍കിയിട്ടില്ല. അതേസമയം, ധനകാര്യ വകുപ്പിലെ പ്രത്യേക സംഘത്തെ കൊണ്ടുള്ള അന്വേഷണം എങ്ങുമെത്തിയിട്ടുമില്ല. ഇടത് അനുകൂല സംഘടനാ നേതാക്കളാണ് അന്വേഷണ സംഘത്തിലുള്ളതെന്നും അന്വേഷണം അട്ടിമറിക്കുകയാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
ലൈഫ്മിഷനും റെഡ്ക്രസന്റുമായുള്ള ധാരണാപത്രവും കരാര്‍ നല്‍കിയതും കമ്മീഷന്‍ ലഭിച്ചതും സംബന്ധിച്ച് സിപിഐയും പ്രതിപക്ഷവും വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. സിപിഎം വിജിലന്‍സ് അന്വേഷണത്തെ സ്വാഗതം ചെയ്തതുമാണ്. അക്കാര്യത്തിലും സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: