തിരുവനന്തപുരം : വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതക ആസൂത്രണത്തില്‍ ഡിസിസി നേതാക്കള്‍ക്ക് നേരിട്ട് പങ്കുള്ളതായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം. കേസിലെ മുഖ്യ പ്രതി സജീവും കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റിനും കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ട്. കോണ്‍ഗ്രസ് ആസുത്രണം ചെയ്ത് നടപ്പിലാക്കിയ കൊലപാതകം ആയതിനാലാണ് ഇവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാത്തതെന്നും റഹീം ആരോപിച്ചു.
ബ്ലോക്ക് കോണ്‍ഗ്രസ് നേതാവ് പുരുഷോത്തമന് നായര്‍ കേസിലെ പ്രധാന പ്രതികളുമായി സംഭവസ്ഥലത്ത് ഒരുമിച്ചുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പിടിയിലായ ഉണ്ണി എന്ന ബിജു ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റും കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റുമാണ്. മറ്റൊരു കൊലക്കേസിലെ പ്രതിയുമാണിയാള്‍. കൊലപാതകം കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയിട്ടുള്ളതാണ്.
കൊലപാതകത്തില്‍ പാര്‍ട്ടിക്കുണ്ടായ അപമാനം മറച്ചുവെയ്ക്കാനാണ് ഇപ്പോള്‍ തെറ്റായ പ്രചരണങ്ങള്‍ നടത്തി കോണ്‍ഗ്രസ് നേതൃത്വം ഇരകളെ അപമാനിക്കുന്നത്. കൊല്ലപ്പെട്ട മിഥിലാജിന്റേത് എന്ന പേരില്‍ പ്രചരിപ്പിക്കുന്ന ഓഡിയോ സന്ദേശങ്ങള്‍ വ്യാജമാണ്. കൊല്ലപ്പെട്ടവരുടെ കൈയില്‍ ആയുധം ഉണ്ടായിരുന്നില്ല. പിടിയിലായ പ്രതികള്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നത് അതിന്റെ തെളിവാണ്.
അതേസമയം ഭാവിയില്‍ കേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെടരുതെന്ന് ലക്ഷ്യമിട്ട് അന്വേഷത്തെക്കുറിച്ച് സംശയങ്ങളുണ്ടാക്കാന്‍ അടൂര്‍ പ്രകാശിന്റെ നേതൃത്വത്തില്‍ ശ്രമം നടത്തുന്നുണ്ട്. ഇത് അന്വേഷണ ഏജന്‍സിയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന വിധത്തിലാണെന്നും എ.എ. റഹീം കൂട്ടിച്ചേര്‍ത്തു.
വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതക കേസില്‍ മുഖ്യപ്രതികളില്‍ ഒരാളായ ഉണ്ണിയെ വ്യാഴാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതക സംഘത്തില്‍ ഇയാള്‍ ഉണ്ടായിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നടപടി. മറ്റ് പ്രതികളായ സജീവിനെയും സനലിനെയും നേരത്തെ പോലീസ് പിടികൂടിയിരുന്നു. എന്നാല്‍ സംഘത്തിലെ നാലാമനും രണ്ടാം പ്രതിയുമായ അന്‍സറിനെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇയാള്‍ക്കായി ഇപ്പോഴും തെരച്ചില്‍ നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: