കൊച്ചി: ‘വീടൊരുക്കാം വീണ്ടെടുക്കാം വിശ്വശാന്തിയേകാം’ എന്ന സന്ദേശം സമൂഹത്തിന് നല്കി ഈ വര്‍ഷത്തെ ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷം 10ന് വീടുകള്‍ കേന്ദ്രീകരിച്ചാകുമെന്ന് ബാലഗോകുലം. കൊറോണ നിയന്ത്രണങ്ങള്‍ പാലിച്ച് ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷത്തിന് തുടക്കം കുറിച്ച് പതാകദിനം ആറിന് 5000 ഗോകുല പ്രദേശങ്ങളിലടക്കം കേരളത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ ആചരിക്കും. അതിജീവനത്തിന്റെ സന്ദേശം പകര്‍ന്ന് കേരളത്തിലെ ലക്ഷക്കണക്കിന് വീടുകളില്‍ കാവിപതാക നിര്‍മിച്ച് ഉയര്‍ത്തും. വീടുകളില്‍ കഴിയുന്ന കുട്ടികള്‍ക്ക് താലൂക്ക് തലങ്ങളില്‍ കൃഷ്ണലീലാകലോത്സവം ഓണ്‍ലൈനായി സംഘടിപ്പിക്കുമെന്നും സാംസ്കാരിക സമ്മേളനങ്ങളുണ്ടാകുമെന്നും ബാലഗോകുലം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനവ്യാപകമായി ഒരു ലക്ഷം കുട്ടികള്‍ പങ്കെടുക്കും. ബാലഗോകുലം ബാലസംസ്കാരകേന്ദ്രം വര്‍ഷന്തോറും സമര്‍പ്പിക്കുന്ന ജന്മാഷ്ടമി പുരസ്കാരം പ്രശസ്ത ഗാനരചയിതാവും കവിയുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് അഞ്ചിന് കോഴിക്കോട് ചേരുന്ന ചടങ്ങില്‍ എം.ടി. വാസുദേവന്‍ നായര്‍ സമര്‍പ്പിക്കും. ബാലദിനാഘോഷത്തോട് അനുബന്ധിച്ചുള്ള വിവിധ പരിപാടികള്‍ക്ക് ഓരോ പ്രദേശത്തെയും സാമൂഹിക സംഘടനാ നേതാക്കളും ആദരണീയ വ്യക്തികളും നേതൃത്വം നല്‍കും.
എട്ട്, ഒമ്പത്, 10 തീയതികളില്‍ വീടുകള്‍ വൃന്ദാവനമാക്കി കൃഷ്ണകുടീരങ്ങള്‍ നിര്‍മിക്കും. നിറക്കൂട്ടുകളൊരുക്കും. കൃഷ്ണപ്പൂക്കളം, കണ്ണനൂട്ട്, ഭജനസന്ധ്യ, ദീപക്കാഴ്ച എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പരിപാടികളാണ് സംഘടിപ്പിക്കുക.
ശ്രീകൃഷ്ണജയന്തി നാളില്‍ ബാലികാബാലകന്മാര് രാധാകൃഷ്ണ വേഷമണിഞ്ഞ് അച്ഛനമ്മമാര്‍ക്കൊപ്പം വിശ്വശാന്തിക്ക് വേണ്ടി പ്രാര്‍ഥിച്ചും കൊറോണ പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ചും വീടുകളില്‍ നിര്‍മിക്കുന്ന കൃഷ്ണകുടീരങ്ങള്ക്ക് മുന്നില്‍ ദീപകാഴ്ച്ചകള് ഒരുക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ബാലഗോകുലം സംസ്ഥാന ഖജാന്‍ജി പി. വിജയരാഘവന്, എറണാകുളം മേഖലാ അധ്യക്ഷന്‍ ജി. സതീശ്കുമാര്‍, എറണാകുളം മേഖല കാര്യദര്‍ശി മനോജ് നായിക്, ബാലഗോകുലം കൊച്ചി മഹാനഗര്‍ അധ്യക്ഷന്‍ വിനോദ് ലക്ഷ്മണ് എന്നിവര്‍ പങ്കെടുത്തു.
അന്താരാഷ്ട്ര ചിത്രരചന മത്സരം
കൊച്ചി: ശ്രീകൃഷ്ണജയന്തിയോട് അനുബന്ധിച്ച് ബാലഗോകുലം കൊച്ചി മഹാനഗരം നടത്തുന്ന ശ്യാമ ചിത്രരചന മത്സരം കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വഴി ‘ശ്യാമ 20’ അന്താരാഷ്ട്ര ചിത്രരചന മത്സരമായി സംഘടിപ്പിക്കാന്‍ ബാലഗോകുലം കൊച്ചി മഹാനഗര്‍ സമിതി തീരുമാനിച്ചു. ശില്‍പ്പിയും ദേശീയ പുരസ്കാര ജേതാവുമായ സുനില്‍ തിരുവാണീയൂര്‍ ഉദ്ഘാടനം നിര്‍വഹിക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9746124887 നമ്പറില്‍ ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: