കണ്ണൂര്‍: ഒന്നര പതിറ്റാണ്ടു മുന്‍പ് ആവിഷ്‌ക്കരിച്ച അഴീക്കോട് കൈത്തറി ഗ്രാമം പദ്ധതി ഇനിയും ലക്ഷ്യം കണ്ടില്ല. ഉദ്ദേശ ലക്ഷ്യങ്ങള്‍ പലതും പാതിവഴിയില്‍ കിടക്കുകയാണ്. പൂര്‍ണ്ണ അര്‍ത്ഥത്തില്‍ പദ്ധതി എന്ന് യാഥാര്‍ത്ഥ്യമാകുമെന്ന ചോദ്യത്തിന് അധികൃര്‍ക്ക് ഉത്തരമില്ല. 2005ല്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോഴാണ് കൈത്തറിഗ്രാമം പദ്ധതി എന്ന ആശയം ഉരുത്തിരിഞ്ഞത്. ബാലരാമപുരത്തു പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വന്നപ്പോഴാണ് കൈത്തറിയുടെ നാടായ കണ്ണൂരിലെ അഴീക്കോട് തെരു കേന്ദ്രീകരിച്ച് അഴീക്കോട് കൈത്തറി ഗ്രാമം പദ്ധതി എന്ന പേരില്‍ പദ്ധതി നടപ്പിലാക്കാണമെന്ന ആശയം മുന്നോട്ടുവച്ചത്.
തുണിനെയ്‌ത്ത് കുലത്തൊഴിലായി സ്വീകരിച്ച പത്മശാലിയ സമുദായത്തില്‍പെട്ടവര്‍ തിങ്ങിപ്പാര്‍ക്കുന്ന തെരുവുകളില്‍ നെയ്‌ത്തുമായി ബദ്ധപ്പെട്ട ഒട്ടേറെ ചരിത്ര വസ്തുതകളുണ്ട്. കണ്ണൂരില്‍ മാത്രം ഇത്തരത്തില്‍ എഴുപതോളം തെരുവുകളുണ്ട്. ഇവിടങ്ങളിലെല്ലാം നെയ്‌ത്തു സജീവമായ ഒരു കാലമുണ്ടായിരുന്നു. ഇത്തരം തെരുവുകളെ പഴയ കാലഘട്ടത്തിന്റെ പശ്ചാത്തലം നിലനിര്‍ത്തിക്കൊണ്ടു നവീകരിച്ച് ടൂറിസവുമായി ബന്ധപ്പെടുത്തുന്നതായിരുന്നു കൈത്തറി ഗ്രാമം എന്ന ആശയം. വിദേശ-ആഭ്യന്തര സഞ്ചാരികള്‍ക്കു കൈത്തറിയെ കുറിച്ച് പഠിക്കാനും നേരിട്ട് കാണാനും അവസരം ഒരുക്കി നെയ്‌ത്തു വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യവും മുന്നോട്ടു വച്ചിരുന്നു. കൈത്തറി മ്യൂസിയം സ്ഥാപിക്കുക, വിവിധ വീടുകളിലെ ഷെഡ്ഡുകളില്‍ നടക്കുന്ന നെയ്‌ത്തു ശാലകള്‍ ഏകീകൃത രീതിയിലാക്കുക, ഗ്രാമത്തിലെ നടപ്പാതകള്‍ മുഴുവന്‍ ടൈല്‍സ് പാകി ഭംഗിയാക്കുക, മുഴുവന്‍ സ്ഥലവും ചുറ്റുമതില്‍ കെട്ടി നവീകരിക്കുക, വിവിധയിടങ്ങളില്‍ എന്‍ട്രി പോയിന്റുകള്‍ സ്ഥാപിക്കുക, വര്‍ണാഭമായ ലൈറ്റുകള്‍ സ്ഥാപിക്കുക, പഴയ കുളം നവീകരിക്കുക തുടങ്ങിയ കാര്യങ്ങളായിരുന്നു പദ്ധതിയില്‍ വിഭാവനം ചെയ്തത്.
ഇതിനായി മ്യൂസിയം നിര്‍മാണവും നെയ്‌ത്തു തെരുവ് നവീകരണവുമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. 2006 ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ടൂറിസം കണ്‍സള്‍ട്ടന്‍സി കമ്പനി സ്ഥലത്തെത്തി പഠനം നടത്തിയിരുന്നു. മ്യൂസിയമാക്കുന്നതിനായി അഴീക്കോട് നെയ്‌ത്തു സഹകരണ സൊസൈറ്റിയുടെ സ്ഥലവും കെട്ടിടവും കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ റവന്യു റിക്കവറി നടപടികള്‍ ഉള്ളതിനാല്‍ ഇത് ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുക്കുകയായിരുന്നു. സ്വകാര്യ വ്യക്തികളുടെ സ്ഥലം ലഭിക്കുകയാണെങ്കില്‍ ഏറ്റെടുക്കാമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ന്യായമായ വില ലഭിക്കുകയാണെങ്കില്‍ പ്രദേശത്തെ ചോറപ്പന്‍ തറവാടിന്റെ ഭാഗമായ സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് കുടുംബാംഗങ്ങള്‍ അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നു അന്നത്തെ ധനമന്ത്രി ഡോ. തോമസ് ഐസക് കണ്ണൂരില്‍ വന്നപ്പോള്‍ സ്ഥലം സന്ദര്‍ശിക്കുകയും ഇത് മൈല്‍ സ്റ്റോണ്‍ പദ്ധതിയായി തുടങ്ങാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് കാര്യമായി മുന്നോട്ടു കൊണ്ടുപോകാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല..
തുടര്‍ന്ന് അധികാരത്തിലെത്തിയ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പദ്ധതിക്കായി നാലരക്കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കുകയുണ്ടായി. മ്യൂസിയത്തിനായി സ്ഥലം ഏറ്റെടുക്കാനും നിര്‍മ്മാണത്തിനുമായി ഇതില്‍ 80 ലക്ഷം രൂപ വകയിരുത്തിയിരുന്നു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് 2016 ല്‍ 75% പ്രവര്‍ത്തി തീര്‍ത്ത ഘട്ടത്തില്‍, പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച കവാടം ഉദ്ഘാടനം ചെയ്തുകൊണ്ട് കൈത്തറി ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിക്കുകയുണ്ടായി. പദ്ധതി പൂര്‍ത്തിയാകാതെ ഉദ്ഘാടനം ചെയ്യുന്നതിനെതിരെ അന്ന് സിപിഎം പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തുകയും നാലര വര്‍ഷം പൂര്‍ത്തിയാക്കുകയും ചെയ്തിട്ടും പദ്ധതിയുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ ഇന്നും കടലാസില്‍ ഉറങ്ങുകയാണ്.
പദ്ധതിയില്‍ വിഭാവനം ചെയ്ത മ്യൂസിയം ഇല്ലാതെയാണ് പദ്ധതി ഭാഗികമായി നടപ്പിലാക്കിയത്. മ്യൂസിയം കൂടി വരികയാണെങ്കില്‍ മാത്രമേ പദ്ധതി പൂര്‍ണമാവുകയുള്ളു. കൈത്തറി ഗ്രാമം പദ്ധതിയുടെ ഉദ്ദേശ്യവും ലക്ഷ്യവും നടപ്പിലാക്കണമെങ്കില്‍ മ്യൂസിയം കൂടി നിര്‍ബന്ധമായും വരേണ്ടതുണ്ട്. മ്യൂസിയം നിര്‍മ്മിച്ചാല്‍ വിദേശ ആഭ്യന്തര സഞ്ചാരികളെ ആകര്‍ഷിക്കാനും കൈത്തറി ഉത്പന്നങ്ങള്‍ അവിടെ നിന്നും വില്‍പ്പന നടത്താനും സാധിക്കുമെന്ന് കൈത്തറി മേഖലയിലെ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. ഉത്തര മലബാറിന്റെ കൈത്തറി വ്യവസായത്തിന്റെ വളര്‍ച്ചയ്‌ക്ക് നിര്‍ണ്ണായകമാകേണ്ട ഒരു സ്ഥാപനം ഭരണകൂട അനാസ്ഥ കാരണം ലക്ഷ്യം കാണാത്ത നിരവധി പദ്ധതികളില്‍ ഒന്നായി മാറുകയാണ്.
ഇക്കാര്യത്തില്‍ കൈത്തറി മേഖലയിലുള്ളവരുടെ ആശങ്ക അകറ്റാനും പാതിവഴിയില്‍ കിടക്കുന്ന പദ്ധതി നടപ്പിലാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ദിശ ഭാരവാഹികളായ സി. ജയചന്ദ്രന്‍, എം. ദാമോദരന്‍ എന്നിവര്‍ നിവേദനത്തിലൂടെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക