ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. മോദിയുടെ വെബ്സൈറ്റിന്റെ പേരിലുള്ള സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ടാണ് ഇന്നലെ പുലര്‍ച്ചെ ഹാക്ക് ചെയ്തത്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അക്കൗണ്ട് പൂര്‍വസ്ഥിതിയിലാക്കിയതായി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ട്വിറ്റര്‍ അന്വേഷണം പ്രഖ്യാപിച്ചു.
അക്കൗണ്ട് ഹാക്ക് ചെയ്തശേഷം പ്രധാനമന്ത്രിയുടെ കൊവിഡ് 19 ദുരിതാശ്വാസ നിധിയിലേക്ക് ക്രിപ്റ്റോ കറന്‍സി സംഭാവനയായി നല്‍കണമെന്ന് ഹാക്കര്‍മാര്‍ ആവശ്യപ്പെട്ടു. ഇത് ശ്രദ്ധയില്‍ പ്പെട്ടതോടെയാണ് ട്വിറ്റര്‍ അക്കൗണ്ട് താത്കാലികമായി മരവിപ്പിച്ചത്. തുടര്‍ന്ന് ഉടന്‍ തന്നെ അക്കൗണ്ട് പുനഃസ്ഥാപിച്ചു. ട്വീറ്റുകള്‍ നീക്കം ചെയ്തു. ജോണ്‍ വിക്ക് അക്കൗണ്ട് ഹാക്ക് ചെയ്തിരിക്കുകയാണെന്നും ഹാക്കര്‍മാര്‍ ട്വീറ്റ് ചെയ്തിരുന്നു. മോദിയുടെ ഈ സ്വകാര്യ അക്കൗണ്ടിന് 2.5 മില്യണ്‍ ഫോളോവേഴ്സുണ്ട്. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ട്വിറ്റര്‍ ഇന്ത്യ സ്ഥിരീകരിച്ചു.
സംഭവത്തെക്കുറിച്ച് ഊര്‍ജിതമായ അന്വേഷണം നടക്കുകയാണെന്ന് ട്വിറ്ററിന്റെ ഇന്ത്യയിലെ പ്രതിനിധി വെളിപ്പെടുത്തി. മറ്റ് അക്കൗണ്ടുകളെ ഇത് ബാധിച്ചോയെന്നും അന്വേഷണം നടത്തി വരികയാണ്. അക്കൗണ്ട് സുരക്ഷിതമാക്കാന്‍ നടപടിയെടുത്തതായും അക്കൗണ്ട് നിയന്ത്രണം പിന്‍വലിച്ചതായും ട്വിറ്റര്‍ അറിയിച്ചു. കഴിഞ്ഞ മാസം അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയടക്കം പ്രമുഖരുടേയും അക്കൗണ്ടുകള്‍ സമാന രീതിയില്‍ ഹാക്ക് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: