ബംഗളൂരു: കര്‍ണാടകയില്‍ അടുത്തിടെ അറസ്റ്റിലായ മയക്കുമരുന്ന് മാഫിയയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം കന്നടസിനിമ മേഖലയിലേക്കും. കന്നട നടിയായ രാഗിണി ദ്വിവേദിക്ക് മയക്കുമരുന്ന് മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമായതോടെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. മലയാളത്തില്‍ മോഹന്‍ലാല്‍ ചിത്രം കാണ്ഡഹാര്‍, മമ്മൂട്ടി ചിത്രം ഫേസ് ടു ഫേസ് എന്നീ സിനിമകളില്‍ നായിക കൂടിയാണ് രാഗിണി. മുന്‍ മിസ് ഇന്ത്യ കന്നഡ നടിയും മോഡലുമായ രാഗിണി മുന്‍ ഫെമിന മിസ് ഇന്ത്യ കൂടിയാണ്. 2009-ല്‍ വീര മടകരി എന്ന സിനിമയിലൂടെ കന്നഡ സിനിമയില്‍ അരങ്ങേറി. രാഗിണി ഐ.പി.എസ് അടക്കമുള്ള സിനിമകളിലൂടെ കന്നഡ സിനിമാരംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്തു.
ബംഗളൂരൂ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സി.സി.ബി) ആണ് രാഗിണിക്ക് നോട്ടീസ് നല്കി. കേസില്‍ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍.സി.ബി) അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. കേസില്‍ ചില നിര്‍ണായക വിവരങ്ങള്‍ എന്‍.സി.ബിക്ക് ലഭിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. രാഗിണിയുടെ സുഹൃത്തും സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ രവിശങ്കറിനെയും ചോദ്യം ചെയ്യും.
അതേസമയം നഗരത്തിലെ മുന്തിയ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചാണ് സിനിമാമേഖലയിലുള്ളവര്‍ക്ക് ഇവര്‍ മയക്കുമരുന്ന് എത്തിച്ചിരുന്നത്. മയക്കുമരുന്ന് കടത്തിന് അനൂപ് എല്ലായ്പ്പോഴും ആശ്രയിച്ചിരുന്നത് ഡാര്‍ക്ക് വെബിനെയാണ്. അമേരിക്ക, കാനഡ എന്നിവിടങ്ങളില്‍ നിന്ന് ഡാര്‍ക്ക് നെറ്റിലൂടെ ബംഗളൂരു, മുബൈ, ഗോവ, ഡല്‍ഹി എന്നിവിടങ്ങളിലേക്ക് എയര്‍കാര്‍ഗോ വഴിയും മയക്കുമരുന്ന് എത്തിച്ചതെന്നു കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: