Categories: Health

പ്രമേഹം

പാരമ്പര്യ ചികിത്സാരീതികള്‍

മുന്‍കാലങ്ങളില്‍ ആഢ്യന്മാരുടെയും കുബേരന്മാരുടേയും രോഗമായാണ് പ്രമേഹത്തെ കണക്കാക്കിയിരുന്നത്. ഇന്ന് ഏത് സാധാരണക്കാരിലും പ്രായഭേദമെന്യേ പ്രമേഹബാധിതരുണ്ട്. ആധുനിക വൈദ്യശാസ്ത്രം ഇതിനെ ജീവിത ശൈലീ രോഗങ്ങളിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.  

നടക്കുമ്പോള്‍ ഇരിക്കാനും ഇരിക്കുമ്പോള്‍ കിടക്കാനും തോന്നുന്നതാണ് പ്രമഹേം തിരിച്ചറിയുന്നതിനുള്ള ഏറ്റവും ലളിതമായ ലക്ഷണം. പ്രമേഹരോഗികളില്‍ ക്ഷീണവും ദാഹവും തളര്‍ച്ചയും പതിവാണ്. കൂടാതെ ആഹാരത്തോട് അത്യാര്‍ത്തിയും ഉണ്ടാകും. ആരോഗ്യമുള്ള ഒരാള്‍ നാലു മണിക്കൂറില്‍ ഒരിക്കലെങ്കിലും മൂത്രമൊഴിക്കുമ്പോള്‍ പ്രമേഹരോഗികള്‍ നാലു മണിക്കൂറില്‍ ‘അഞ്ചു’ തവണയെങ്കിലും മൂത്രമൊഴിച്ചിരിക്കും.  

അകാരണമായി ശരീരതൂക്കം കുറയുക, ശരീരം മെലിയുക, മോണപഴുപപ്പുണ്ടാകുക, വായില്‍ ദുര്‍ഗന്ധമുണ്ടാകുക, വായില്‍ മധുരരസം തോന്നുക ഇവ പ്രമേഹം വര്‍ധിച്ചാലുള്ള ലക്ഷണമാണ്. കൈകാലുകള്‍ക്ക് മരവിപ്പ്, സന്ധികളില്‍ വേദന, കൈ ഉയര്‍ത്തുവാനും പിറകിലോട്ട് മടക്കുവാനും പറ്റാത്ത അവസ്ഥ, കാല്‍പാദത്തിന് രൂക്ഷമായ മരവിപ്പും ചുട്ടുനീറ്റലും, കാല്‍വണ്ണയ്‌ക്ക് തരിപ്പ്, ശരീരത്തില്‍ ചൊറിച്ചില്‍, കൊച്ചു കൊച്ചു കുരുക്കളുണ്ടാവുക, അവ കരിയാതിരിക്കുക, ജനനേന്ദ്രിയത്തിലെ തൊലികള്‍ വിണ്ടുകീറുക ഇവയെല്ലാം പ്രമേഹം വര്‍ധിച്ചാലുള്ള ലക്ഷണമാണ്. പ്രമേഹം പരിധി വിട്ടാല്‍ കാലില്‍ മുള്ളു കൊണ്ടാലും മുറിവുണ്ടായാലും അറിയില്ല. ആയുര്‍വേദ ആചാര്യന്മാരായ ചരക, സുശ്രുതാദികള്‍ പറയുന്നത്, മനുഷ്യന് രണ്ടു തരം രോഗമേയുള്ളൂ, അതിലൊന്ന് ജ്വരവും മറ്റൊന്ന് പ്രമേഹവുമാണെന്നാണ്. ഇത് രണ്ടും  

പൂര്‍ണമായി ഭേദമാകില്ല. അവ വന്നു പൊയ്‌ക്കൊണ്ടിരിക്കുമെന്നും പറയുന്നുണ്ട്. പ്രമേഹം ഒരിക്കല്‍ വന്നാല്‍ പൂര്‍ണമായും ഭേദമാകില്ല. പാരമ്പര്യ വിധിയനുസരിച്ച് 10 കൂവളത്തില, മൂന്നു കഷ്ണം പച്ച മഞ്ഞള്‍, എന്നിവയെടുത്ത് അല്‍പം മാത്രം വെള്ളം ചേര്‍ത്ത് കല്ലില്‍ വച്ച് അരച്ചെടുത്ത് ഗുളികയായി ഉരുട്ടി വിഴുങ്ങുക. പഞ്ചസാരയുടെ അളവ് പെട്ടെന്ന് താഴും. ഇത് ഒരു നേരം ഉപയോഗിക്കേണ്ട അളവാണ്. പ്രമേഹത്തിന്റെ കാഠിന്യമനുസരിച്ച് ദിവസം മൂന്നു നേരം വരെ ഇങ്ങനെ കഴിക്കാം. ഇന്‍സുലിന്‍ ഉള്‍പ്പെടെയുള്ള ആധുനിക ചികിത്സാ വിധികള്‍ ആദ്യത്തെ രണ്ടു ദിവസം ഇതോടൊപ്പം തുടരന്നതില്‍ തെറ്റില്ല. അതു കഴിഞ്ഞാല്‍ അവ തുടരരുത്.

ആധുനിക ഔഷധങ്ങള്‍ എത്ര കഴിച്ചാലും ശരീരത്തില്‍ പഞ്ചസാരയുടെ അളവ് കുറയുന്നില്ലെങ്കില്‍ കാട്ടുജീരകം, കുടകപ്പാലയരി ഇവ രണ്ടും സമമായെടുത്ത് നന്നായി കഴുക്കി ഉണക്കി, പൊടിച്ച് അഞ്ച് ഗ്രാം പൊടി വീതം ചൂടുവെള്ളത്തില്‍ കഴിക്കുക. പ്രമേഹത്തിന്റെ കാഠിന്യമനുസരിച്ച് ദിവസം രണ്ടു നേരമോ മൂന്നു നേരമോ കഴിക്കാം.  

പ്രമേഹ രോഗികളിലെ കാല്‍ചുട്ടുനീറ്റലും മരവിപ്പും മാറാന്‍ 200 ഗ്രാം  ശതാവരിക്കിഴങ്ങ്, ചെറുതായി നുറുക്കി 50 മില്ലി  വെള്ളമൊഴിച്ച് മിക്‌സിയില്‍ നന്നായി അരച്ചെടുത്ത് ഇത് തുണിയില്‍ കിഴികെട്ടി ഒരു പാത്രത്തില്‍ അല്‍പം വെള്ളമെടുത്ത് അതില്‍ പിഴിഞ്ഞെടുക്കുക. നല്ലതു പോലെ പതഞ്ഞു വരും. ഈ പാത്രത്തില്‍ കാല്‍ മുക്കി വച്ച് പത കാലില്‍ തേയ്‌ക്കണം. പത്ത് പതിനഞ്ച് മിനുട്ടോളം ഇങ്ങനെ ചെയ്താല്‍ കാലിലെ മരവിപ്പും ചുട്ടു നീറ്റലും മാറും.

താഴെ പറയുന്ന കഷായം തുടര്‍ച്ചയായി 15 ദിവസം കഴിച്ചാല്‍ എത്ര ഗുരുതരമായ പ്രമേഹവും രണ്ടോമൂന്നോ മാസത്തേക്ക് താല്‍ക്കാലികമായി ശമിക്കും.  

തേറ്റാം പരല്‍, അത്തിത്തൊലി, ഇത്തിത്തൊലി, അരയാല്‍ത്തൊലി, പേരാല്‍ത്തൊലി, ചെറൂള, കാട്ടുജീരകം, കുടകപ്പാലയരി ഇവയോരോന്നും അഞ്ചുഗ്രാം വീതവും ഏകനായകത്തിന്റെ വേര് 20 ഗ്രാമും എടുത്ത് ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലി വീതം തേന്‍ മേമ്പൊടി ചേര്‍ത്ത് രാവിലെ വെറും വയറ്റിലും രാത്രി അത്താഴ ശേഷവും സേവിക്കുക.  

പ്രമേഹത്തിന്റെ പ്രാരംഭദശയിലുള്ളവര്‍ അമൃത് ഇടിച്ചു പിഴിഞ്ഞ നീര്, പച്ചമഞ്ഞള്‍ ഇടിച്ചു പിഴിഞ്ഞ നീര്, കറുകപ്പുല്ല് ഇടിച്ചു പിഴിഞ്ഞനീര്, പച്ചനെല്ലിക്ക ഇടിച്ചു പിഴിഞ്ഞ നീര് 20മില്ലി വീതമെടുത്ത് ഒരുമിച്ച് ചേര്‍ത്ത് അതില്‍ 10 തുള്ളി തേനും ചേര്‍ത്ത് ദിവസം രണ്ടു നേരം ആരംഭദശയില്‍ കഴിച്ചാല്‍ പ്രമേഹം വര്‍ധിക്കാതെയിരിക്കും. വെള്ളരിക്ക ഇടിച്ചു പിഴിഞ്ഞ നീര്, കുമ്പളങ്ങ ഇടിച്ചു പിഴിഞ്ഞ നീര്, പച്ചപ്പാവയ്‌ക്ക ഇടിച്ചു പിഴിഞ്ഞ നീര് ഇവ ഓരോന്നും 50 മില്ലിയെടുത്ത് യോജിപ്പിച്ച് ദിവസം രണ്ടു നേരം സേവിച്ചാല്‍ പ്രമേഹം നിയന്ത്രണ വിധേയമാക്കാം. പ്രമേഹക്കാരുടെ ഞരമ്പു വലിച്ചിലും ശരീരവേദനയും മാറാന്‍ ‘പ്രമേഹമിഹിര തൈലം’ തേച്ച് ചെറിയ തോതില്‍ വ്യായാമം ചെയ്ത് ഒരു മണിക്കൂര്‍ കഴിഞ്ഞ് കുളിക്കുക.  

എത്ര കഠിനമായ പ്രമേഹത്തെയും താഴെ പറയുന്ന ചൂര്‍ണം കൊണ്ട് നിയന്ത്രണ വിധേയമാക്കാം. ഏകനായകത്തിന്റെ വേര്, കുടകപ്പാലയരി, കാട്ടുജീരകം, കിരിയാത്ത്, നെല്ലിക്കാത്തൊണ്ട്, തേറ്റാം പരല്‍ ഇവ സമം ഉണക്കിപ്പൊടിച്ച് അഞ്ചു ഗ്രാം പൊടി ചൂടുവെള്ളത്തില്‍ ദിവസം രണ്ടു നേരം വീതം സേവിച്ചാല്‍ എത്ര കഠിനമായ പ്രമേഹവും ഒരാഴ്ച കൊണ്ട് നിയന്ത്രണ വിധേയമാക്കാം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക