മൊഗ്രാല്‍: നികുതി കൊടുക്കുന്നവര്‍ക്ക് നടുനിവര്‍ത്തി യാത്ര ചെയ്യാന്‍ കഴിയാത്ത സ്ഥിതിയിലാണ് പെര്‍വാഡ്-കാസര്‍കോട് ദേശീയപാത. റോഡ് തകര്‍ന്ന് യാത്രാ ദുരിതം വര്‍ദ്ധിച്ചിരിക്കുകയാണ്. മഴക്കാലത്ത് വര്‍ഷങ്ങളായിട്ടുള്ള അവസ്ഥയാണിത്. മറ്റ് ജില്ലകളിലൊക്കെ മഴയ്ക്ക് മുമ്പ് റോഡ് അറ്റകുറ്റപ്പണികള്‍ നടക്കുമെങ്കിലും കാസര്‍കോട് മാത്രം മഴയ്ക്ക് കുഴികളില്‍ പൊടിയിടുകയാണ് ചെയ്യുന്നത്.
യാത്രക്കാരുടെ ഈ ദുരിതത്തിന് ശാശ്വത പരിഹാരം കാണാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയുന്നില്ല. പെര്‍വാഡ് മുതല്‍ മൊഗ്രാല്‍ പാലം വരെ ദേശീയപാതയില്‍ കുഴികള്‍ മാത്രമേയുള്ളൂ. കഴിഞ്ഞ വര്‍ഷം തകര്‍ന്ന സ്ഥലങ്ങളില്‍ തന്നെയാണ് ഇപ്പോഴും റോഡ് പൂര്‍ണമായും തകര്‍ന്നിട്ടുള്ളത്. ഈ കോവിഡ് കാലത്ത് പോലും രോഗികളെയും കൊണ്ട് ആംബുലന്‍സുകള്‍ക്ക് ഗതാഗത സ്തംഭനം മൂലം ആശുപത്രികളിലെത്താന്‍ കഴിയാത്ത സ്ഥിതിയിലായിട്ടുണ്ട്. കുഴികള്‍ വന്‍ ഗര്‍ത്തങ്ങളായി മാറിയതോടെയും, കുഴികളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതിനാലും ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് ഇവിടെ നിത്യകാഴ്ചയാണ്.
സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ 2020 ജനുവരി 31ന് മുന്‍പായി പൂര്‍ത്തിയാക്കുന്ന കാര്യം സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതും അധികൃതര്‍ പാലിക്കപ്പെട്ടില്ല. കോടതി നിര്‍ദേശിച്ച സമയത്തിനകം അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാരിനുവേണ്ടി അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അന്ന് അറിയിച്ചിരുന്നതുമാണ്. കൊച്ചി നഗരത്തിലെ തകര്‍ന്ന റോഡുകള്‍ നന്നാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഒരു ട്രാവല്‍സ് ഉടമ നല്കിയ ഹര്‍ജിയിലാണ് കോടതി സംസ്ഥാനത്തെ തന്നെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് സമയം നിശ്ചയിച്ച് ഉത്തരവിറക്കിയത്. ഇതാണ് ഇവിടെ ലംഘിക്കപ്പെട്ടതും.
റോഡിലെ കുഴിയില്‍ വീണ് മരണപ്പെടുന്നത് പോലെയുള്ള സംഭവങ്ങള്‍ ഇനി ഉണ്ടാകരുതെന്നും, ഈ കാര്യത്തില്‍ ഉദ്യോഗസ്ഥരുടെ നിസ്സംഗത ഇനിയും സഹിക്കാനാവില്ലെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനായി കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിരുന്നു. ഇതൊന്നും പാലിക്കപ്പെടാത്ത സാഹചര്യത്തില്‍ റോഡ് അറ്റകുറ്റപ്പണികള്‍ക്ക് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്ത് നിയമ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: