കണ്ണുകൊണ്ടു കാണാന്‍ കഴിയാത്ത ഒരു ജീവി മനുഷ്യവര്‍ഗ്ഗത്തിന്റെ സമാധാനം കെടുത്തിയിരിക്കുന്നു. മുഖാവരണത്തിലൂടെ മരണഭയം മുഖഭാവമായിരിക്കുന്നു. ഭയചകിതമായൊരു അടച്ചിടലിനുശേഷം വൈറസിന്റെകൂടെ ജീവിക്കാനോ അതിന്റെ ആക്രമണത്തില്‍ മരിക്കാനോ ഉള്ള നിശ്ചയത്തോടെ ലോകരാഷ്ട്രങ്ങള്‍ സാധാരണജീവിതത്തിലേക്കു കടക്കാന്‍ ശ്രമിക്കുന്നു. പക്ഷേ ഇന്നു നമ്മുടെ ഓരോ ചുവടുവെപ്പിലും ചിന്തയിലും വൈറസ് ഇടംപിടിച്ചിരിക്കുന്നു. അതിനെ കണക്കിലെടുത്തുകൊണ്ടേ നമുക്കു പുറത്തിറങ്ങാനാവുന്നുള്ളു.
സ്വാതന്ത്ര്യത്തിനു മുമ്പ് (1855 മുതല്‍) ലോകത്തില്‍ പലയിടത്തും പ്ലേഗ് പടര്‍ന്നപ്പോള്‍ യാത്രികര്‍ക്ക് പല രാജ്യങ്ങളും വിലക്കേര്‍പ്പെടുത്തിയിരുന്നു. ആ സമയത്ത് (1899 ജൂണില്‍) ഇംഗ്ലണ്ടിലേക്ക് എസ്. എസ്. ഗോല്‍ക്കൊണ്ട എന്ന കപ്പലില്‍ യാത്രചെയ്ത വിവേകാനന്ദസ്വാമികള്‍ അദ്ദേഹത്തിന്റെ ഒരു ക്വാറന്റൈന് അനുഭവം ഇങ്ങനെ വിവരിക്കുന്നു: ‘ജൂലായ് 14-ാംനു ചെങ്കടല്‍ കടന്ന്, ഞങ്ങള്‍ സൂയസ്സിലെത്തി. മുന്നിലതാ സൂയസ്തോട്. അവിടെ ഇറക്കേണ്ട ചരക്കുണ്ട് കപ്പലില്‍. ഈജിപ്തില്‍ പ്ലേഗുരോഗം നടപ്പുള്ള കാലം. ഒരുപക്ഷേ പ്ലേഗിന്റെ അണുക്കളെ ഞങ്ങളും പേറിക്കൊണ്ടുവന്നിരിക്കാം. അതുകാരണം പരസ്പരം തൊട്ടുരുമ്മാന്‍ ഭയം. പരസ്പരം രോഗം പകരാതിരിക്കാന്‍ മുന്‍കരുതലെടുത്തിട്ടുള്ളതു കണ്ടാല്‍, നമ്മുടെ നാട്ടിലെ അയിത്താചാരം സാരമില്ല. ചരക്കിറക്കണം; എന്നാല്‍ സൂയസ്സിലെ കൂലിക്കാര് കപ്പല്‍ തൊടാനേ പാടില്ല. കപ്പലിലെ നാവികര്‍ക്കും പണിക്കാര്‍ക്കും അതുകൊണ്ടുണ്ടായ വിഷമം പറയേണ്ട. കപ്പിയും കയറുമായി ചരക്കെല്ലാം തൂക്കിയെടുത്തു സൂയസ് ബോട്ടുകള്‍ തൊടാതെ അവയില്‍ ഇറക്കിയിട്ടുകൊടുക്കണം. ബോട്ടുകള്‍ അവ കരയ്ക്കെത്തിക്കും. കമ്പനിയുടെ പ്രതിനിധി ഒരു ചെറുബോട്ടില്‍ കയറി കപ്പലിനടുത്ത്. കപ്പലില്‍ കയറിക്കൂടാ. ചെറുബോട്ടിലിരുന്ന് കപ്പലിലെ കപ്പിത്താനുമായി സംഭാഷണം നടത്തുന്നു. വെള്ളക്കാരന് പ്ലേഗുനിയമങ്ങള്‍ക്കതീതനായി കരുതുന്ന ഭാരതമല്ലിത് – യൂറോപ്പിലേക്കുള്ള പ്രവേശന ദ്വാരമാണ്. എലികളില്‍നിന്നുണ്ടാവുന്ന പ്ലേഗ് ഈ സ്വര്‍ഗ്ഗത്തില്‍ കടക്കരുത്. അതിനാണ് ഇത്രയെല്ലാം മുന്‍കരുതലുകള്‍. പ്ലേഗ്രോഗാണുക്കള്‍ക്ക് അടയിരിപ്പുകാലം പത്തു ദിവസമാണത്രേ. അതുകൊണ്ട് പത്തു ദിവസത്തേക്ക് ഒരു കരുതല്‍ത്തടങ്കല്‍. ഞങ്ങളുടെ തടങ്കല്‍ പത്തു ദിവസം കഴിഞ്ഞു – ആപത്തൊഴിഞ്ഞു. എന്നിരുന്നാലും, ഏതെങ്കിലും ഈജിപ്തുകാരനെ തൊട്ടുപോയാല്‍, വീണ്ടും ഒരു പത്തു നാള് കരുതല്‍ത്തടങ്കലില്‍ത്തന്നെ.’ ഇങ്ങനെ പോകുന്നു സ്വാമിജിയുടെ വിവരണം.
നമുക്കെല്ലാം രോഗം വരുന്നുണ്ട്. പുറത്തുനിന്നു വരുന്ന രോഗമുണ്ട്, ഉള്ളില്‍നിന്നുതന്നെയുണ്ടാകുന്നവയുണ്ട്. ചിലവ നിസ്സാരം, ചിലവ ഗുരുതരം. എന്നാല്‍ ‘ശരീരമാദ്യം ഖലു ധര്‍മ്മസാധനം’ (‘ധര്‍മ്മമനുഷ്ഠിച്ച് മോക്ഷം നേടാനുള്ള ആദ്യത്തെ ഉപകരണമാണ് ശരീരം’ എന്നു വ്യാഖ്യാനിക്കാം) എന്ന തത്ത്വം മനസ്സില്‍ വെച്ചുകൊണ്ട് ശരീരത്തിന്റെ ആരോഗ്യം നാം സംരക്ഷിക്കേണ്ടിയിരിക്കുന്നു. ധാര്‍മ്മികജീവിതം, ശരിയായ ഭക്ഷണം, ശരിയായ വ്യായാമം, പ്രാര്‍ഥന, ശരിയായ ചികിത്സ, പ്രതിരോധമാര്‍ഗ്ഗങ്ങള്‍ എന്നിവയാണ് രോഗത്തെ ചെറുക്കാനായി നമുക്കുള്ള പ്രധാനമാര്‍ഗ്ഗങ്ങള്‍. ഇവയില്‍ ധാര്‍മ്മികമായി ജീവിക്കുന്നതും പോഷണപ്രദമായി ആഹരിക്കുന്നതും വ്യായാമം ചെയ്യുന്നതും പ്രാര്‍ഥിക്കുന്നതും പ്രതിരോധമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതും മുന്‍കരുതലില്‍പ്പെടുന്നതും, രോഗകാലത്തും അല്ലാത്തപ്പോഴും ചെയ്യേണ്ടതുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: