കോട്ടയം : മീനച്ചിലാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സെന്റ് ആന്റണീസ് കോളേജ് വിദ്യാര്‍ത്ഥിനി അഞ്ജു പി. ഷാജിയുടെ കേസില്‍ പുതിയ വഴിത്തിരിവ്. അഞ്ജുവിന്റെ ഹാള്ടിക്കറ്റിലുണ്ടായിരുന്ന കുറിപ്പുകള്‍ പാഠഭാഗത്ത് ഉള്ളതാണെങ്കിലും ഉത്തരക്കടലാസില്‍ ഇല്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്.
എംജി സര്‍വ്വകലാശാലയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ചേര്‍പ്പുങ്കല്‍ ബിവിഎം ഹോളിക്രോസ് കോളജിലാണ് അഞ്ജു ബികോം ആറാം സെമസ്റ്റര്‍ പരീക്ഷ എഴുതിയത്. ഹാള്‍ ടിക്കറ്റില്‍ ഉത്തരം എഴുതിക്കൊണ്ടുവന്ന് പരീക്ഷയില്‍ കോപ്പിയടിച്ചെന്ന ആരോപണത്തെത്തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയത്. എന്നാണ് കാഞ്ഞിരപ്പള്ളി പോലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ. സന്തോഷ് കുമാറിന്റെ നേൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
തുടര്‍ന്ന് കോളജ് അധികൃതര്‍ പിടിച്ചെടുത്ത ഹാള്‍ടിക്കറ്റിന്റെ പിന്‍ഭാഗത്ത് എഴുതിയ വിവരങ്ങള്‍ അഞ്ജുവിന്റെ ഉത്തരക്കടലാസില്‍ ഉണ്ടോ എന്നു പരിശോധിച്ചു റിപ്പോര്‍ട്ട് നല്കാന് സര്‍വകലാശാലാ പരീക്ഷാ കണ്ട്രോളര് സി.ഇ. ശ്രീജിത്തിനു പോലീസ് കത്തു നല്കി. സര്‍വകലാശാലയിലെ സീനിയര്‍ പ്രഫസര്‍മാരില്‍ ഒരാളാണ് ഉത്തരക്കടലാസും ഹാള്‍ ടിക്കറ്റും ഒത്തുനോക്കിയത്. പോലീസ് നല്കിയ ഹാള്‍ ടിക്കറ്റിന്റെ കോപ്പി ഉപയോഗിച്ചായിരുന്നു പരിശോധന.
എന്നാല്‍ ഹാള്‍ ടിക്കറ്റിലെ കൈയ്യക്ഷരം അഞ്ജുവിന്റേത് തന്നെയാണോ എന്ന് കൂടി ഉറപ്പിക്കാനുണ്ട്. ഇതിനായി കൊച്ചി റീജനല്‍ ഫൊറന്‍സിക് ലാബിലേക്ക് അഞ്ജുവിന്റെ ഹാള്‍ടിക്കറ്റ്, നോട്ട്ബുക്കുകള്‍ തുടങ്ങിയവ അയച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല.
അതേസമയം വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി. മുന്‍ സിന്‍ഡിക്കേറ്റിന്റെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് പുതിയ സമിതിയെ നിയമിച്ചത്. പി. ഷാനവാസ്, ഡോ. ബി. കേരളവര്‍മ, പി. ഹരികൃഷ്ണന്, ഡോ. ബി.വി.എസ്. ഷാജില എന്നിവര്‍ ഉള്‍പ്പെടുന്ന സമിതിയെയാണ് വൈസ്ചാന്‍സലര്‍ ഡോ. സാബു തോമസ് പുതിയതായി ചുമതലപ്പെടുത്തിയത്. അഞ്ജുവിനൊപ്പം പരീക്ഷ എഴുതിയ മൂന്ന് വിദ്യാര്‍ഥികളുടെ കൂടി മൊഴി എടുത്ത ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നു പി. ഷാനവാസ് പറഞ്ഞു.
ജൂണ്‍ ആറിനാണ് പരീക്ഷയ്ക്കിടയില്‍ കോളേജില്‍ നിന്നും ഇറങ്ങിയ അഞ്ജുവിനെ കാണാതായത്. പിന്നീട് എട്ടിന് രാവിലെ മീനച്ചിലാറ്റില്നിന്നാണു മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: