തിരുവനന്തപുരം: ബെംഗളൂരുവില്‍ മയക്കുമരുന്ന് കള്ളക്കടത്ത് കേസിലെ മുഖ്യപ്രതികളില്‍ ഒന്നായ അനൂപിന് ബിനീഷ് കോടിയേരി പലവണ സാമ്പത്തിക സഹായങ്ങള്‍ നല്കി. വ്യാപാര ആവശ്യങ്ങള്‍ക്കായി പണം നല്‍കിയിട്ടുണ്ട്. കൊച്ചിയിലെ വസ്ത്ര വ്യാപാരം പരാജയപ്പെട്ടപ്പോള്‍ ബിനീഷ് കോടിയേരിയാണ് പണം നല്‍കിയത്.
സാമ്പത്തിക സഹായത്തിനുള്ള നന്ദിയായി ബിനീഷിന്റെ ചുരുക്കപ്പേര് വെച്ച് ‘ബികെ47’ എന്ന ബ്രാന്‍ഡില്‍ ഷര്‍ട്ടുകള്‍ ഇറക്കിയതായും അനൂപ് അന്വേഷണ സംഘത്തിന് മുമ്പാകെ മൊഴി നല്‍കിയിട്ടുണ്ട്. 2013ല്‍ ബെംഗളൂരുവില്‍ എത്തിയതു മുതല്‍ ആഫ്രിക്കന്‍ സംഘങ്ങളില്‍ നിന്നു വിദ്യാര്‍ത്ഥികള്‍ക്കു ലഹരി ഗുളികകള്‍ എത്തിച്ചിരുന്നു. 2015 ല്‍ റസ്റ്റോറന്റ് തുടങ്ങി. സാമ്പത്തിക സഹായം നല്‍കിയത് ബിനീഷാണ്. 2018 ല്‍ പ്രതിസന്ധി മൂലം റസ്റ്റോറന്റ് മറ്റൊരു ഗ്രൂപ്പിനു കൈമാറി. ഈ വര്‍ഷമാദ്യം വീണ്ടും ഹോട്ടല്‍ തുടങ്ങിയെങ്കിലും കൊറോണ കാരണം നഷ്ടമായി. തുടര്‍ന്നാണ് വീണ്ടും ലഹരിമരുന്ന് എത്തിച്ചുതുടങ്ങിയത്.
ലോക്ഡൗണ്‍ കാലത്ത് ജൂണ്‍ 21ന് കുമരകത്ത് നടന്ന നൈറ്റ് പാര്‍ട്ടിയില്‍ ബിനീഷ് കോടിയേരി പങ്കെടുത്തിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി റമീസുമായും ഇയാള്‍ക്ക് ബന്ധമുണ്ട്. ഫോണ്‍കോള്‍ ലിസ്റ്റ് എന്‍സിബി പരിശോധിച്ചതില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട തെളിവുകളും കണ്ടെത്തിയിട്ടുണ്ട്.
അനൂപ് അടുത്ത സുഹൃത്താണെന്ന് ബിനീഷ് കോടിയേരി. സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. ഹോട്ടല്‍ ബിസിനസിന് 6 ലക്ഷം രൂപ നല്കി. അറസ്റ്റിലാകുന്നതിനു രണ്ട് ദിവസം മുന്‍പു വിളിച്ചിരുന്നു. നാട്ടിലേക്കു വരാന്‍ പണമില്ലെന്നു പറഞ്ഞപ്പോള്‍ 15,000 രൂപ നല്കി. ലഹരി ഇടപാടുണ്ടെന്ന് അറിയില്ലായിരുന്നെന്നുമാണ് ബിനീഷ് വിഷയത്തില്‍ പ്രതികരിച്ചത്.
അതിനിടെ ലഹരിമരുന്നു കേസില്‍ ഗോവ സ്വദേശി എഫ്. മുഹമ്മദിനെ (30) നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്തു. കേസില്‍ അറസ്റ്റിലാകുന്ന നാലാമത്തെയാളായ മുഹമ്മദ് ഗോവ കലാങ്കുട്ടെ ബീച്ചിലെ റിസോര്‍ട്ടില്‍ ഡ്രൈവറാണ്. ഗോവയില്‍ നിന്നു ബെംഗളൂരുവിലേക്കു വ്യാപകമായി ലഹരിമരുന്ന് എത്തിച്ചതിന്റെ തെളിവുകളും എന്‍സിബി കണ്ടെത്തി. സിനിമാ രംഗത്തുള്ളവര്‍ക്കാണ് ഇതു വിതരണം ചെയ്തിരുന്നതെന്നാണ് ഇവര്‍ മൊഴി നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: