തിരൂര്‍ (മലപ്പുറം): തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിന് ബന്ധമുണ്ടെന്ന് ബിജെപി വക്താവ് അഡ്വ.ബി. ഗോപാലകൃഷ്ണന്. മലയാളം സര്‍വകലാശാല ഭൂമി കുംഭകോണത്തിനെതിരെ തിരൂരില്‍ ബിജെപി സംഘടിപ്പിച്ച സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ബെംഗളൂരുവിലെ മയക്കുമരുന്ന് കച്ചവടക്കാരന് മുഹമ്മദ് അനൂപുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്നും ഗോപാലകൃഷ്ണന് ആരോപിച്ചു. അതിനാല്‍ കോടിയേരിയുടെയും മകന്റെയും ഫോണ്‍ കോളുകള്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കണം. സ്വര്‍ണക്കടത്ത് കേസ് പ്രതി റമീസുമായി ബിനീഷ് കോടിയേരിക്കുള്ള ബന്ധം നേരത്തെ വ്യക്തമായിരുന്നു. തട്ടിപ്പിന്റെ പര്യായമായ കോടിയേരി കുടുംബം കോടിയേരി എന്ന പേര് ഉപേക്ഷിക്കണം. കാരണം, കോടിയേരി എന്ന നാടിന് പോലും ഇവര്‍ അപമാനമാകുകയാണ്. ശ്രീനാരായണ ഗുരുവിനെ അപമാനിക്കുകയെന്നത് സിപിഎമ്മിന്റെ ശൈലിയാണ്. ചതയദിനം കരിദിനമായി ആചരിക്കുന്നത് അതിന്റെ തുടര്‍ച്ചയാണ്. ശ്രീനാരായണീയരുടെ വോട്ട് മാത്രം മതിയെന്ന നിലപാടാണ് സിപിഎമ്മിന്റേതെന്നും അദ്ദേഹം പറഞ്ഞു.
മലയാള സര്‍വകലാശാലയുടെ പേരില്‍ മലയാളികളെ പറ്റിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. തുച്ഛ വിലയുള്ള പതിനൊന്ന് ഏക്കര്‍ ചതുപ്പുനിലം ലക്ഷങ്ങള്‍ക്ക് വാങ്ങാന്‍ ഒത്താശ ചെയ്തത് താനൂര്‍ എംഎല്‍എയാണെന്നും ഈ ഭൂമിക്കച്ചവടം ഒഴിവാക്കുന്നത് വരെ ബിജെപി സമരം തുടരുമെന്നും ബി. ഗോപാലകൃഷ്ണന് കൂട്ടിച്ചേര്‍ത്തു. ബിജെപി മലപ്പുറം ജില്ലാ പ്രസിഡന്റ് രവി തേലത്ത് തിരൂരിലെ സത്യഗ്രഹത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: