സാക്ഷരതയും സുരക്ഷിതത്വവും സംസ്്കാരവുമെല്ലാം ചേര്‍ന്ന സുന്ദര ഭൂമി. തരം കിട്ടുമ്പോഴൊക്കെ കേരളത്തെ വാഴ്ത്തുന്നത് അങ്ങനെയാണ്. ഇതൊക്കെ വെറും പൊങ്ങച്ചമാണെന്നാണ് അനുദിനം തെളിഞ്ഞുകൊണ്ടിരിക്കുന്നത്. ‘കള്ളവുമില്ല ചതിയുമില്ല, എള്ളോളമില്ല പൊളിവചനമെന്നത്’ മൂളിക്കൊണ്ടിരിക്കുന്ന ഓണക്കാലത്ത് പോലും കള്ളവും വഞ്ചനയും കൊലപാതകങ്ങളും കേരളത്തില്‍ ഇന്ന് അരങ്ങുവാഴുകയാണ്. ഭരണ സിരാ കേന്ദ്രത്തില്‍ പോലും കള്ളക്കടത്തുകാരും കള്ളനാണയ ങ്ങളും വിലസി നടന്നതിന്റെ പരിണതഫലമായി കേന്ദ്ര അന്വേഷണ ഏജന്‍സി സെക്രട്ടേറിയറ്റിലും കയറി ഇറങ്ങുകയാണ്. രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥ പ്രമാണിമാരുമെല്ലാം കരിനിഴലില്‍ നി
ല്‍ക്കുമ്പോഴാണ് തെരുവിലാകെ ചോര വീഴുന്നത്. ഓണത്തലേന്ന് തിരുവനന്തപുരത്തും കൊല്ലത്തുമായി നാലു പേരുടെ ജീവന് കഠാരത്തുമ്പില്‍ പൊലിഞ്ഞു. തിരുവനന്തപുരം വെഞ്ഞാറമൂടില്‍ രണ്ടുപേരെ വളഞ്ഞിട്ട് കൊന്നശേഷമാണ് രാഷ്ട്രീയം കടന്നുവന്നത്. മരിച്ചവര്‍ മാര്‍ക്സിസ്റ്റുകാരും കൊന്നവര്‍ കോണ്ഗ്രസ്സുകാരുമാണെന്നാണ് പോലീസ് ഭാഷ്യം. കോണ്‍ഗ്രസുകാര്‍ ഗൂഢാലോചന നടത്തി കൊന്നു എന്ന് മാര്‍ക്സിസ്റ്റുകാരായ മന്ത്രിമാര്‍ തന്നെ ആക്ഷേപിക്കുമ്പോള്‍ പോലീസിന് മറ്റൊരു നിലപാട് സ്വീകരിക്കാന്‍ പറ്റില്ലല്ലൊ?.
വെഞ്ഞാറമൂടിലെ കൊലപാതകത്തെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് ഓഫീസുകള്‍ക്കും പ്രവര്‍ത്തകരുടെ വീടുകള്‍ക്കും നേരെ അക്രമമുണ്ടായി എന്നാണ് വാര്‍ത്ത. സ്വര്‍ണക്കള്ളക്കടത്തടക്കമുള്ള വിഷയങ്ങള്‍ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കിയ സാഹചര്യത്തില്‍ വ്യാപക അക്രമമഴിച്ചുവിട്ട് ശ്രദ്ധ തിരിക്കാന്‍ സിപിഎം ശ്രമിക്കാതിരുന്നാലല്ലെ അദ്ഭുതമുള്ളൂ. സിപിഎമ്മും കോണ്‍ഗ്രസും തമ്മിലുള്ള കുടിപ്പകയും കത്തിക്കുത്തും ഒരുകാലത്ത് സര്‍വസാധാരണമായിരുന്നു. ഇടയ്ക്ക് സിപിഎം, ആര്‍എസ്എസ് പ്രവര്‍ത്തകരെ കശാപ്പു ചെയ്യുന്നതിലാണ് തല്പ്പരരായത്. ആ സമയത്തൊക്കെ സമാധാനത്തിന്റെ വെള്ളരിപ്രാവിനെ പറത്തി മേനി നടിക്കാന്‍ കോണ്‍ഗ്രസ് മടിക്കാറില്ല. അപ്പോഴും സ്വന്തം പാര്‍ട്ടിക്കാരനെ കൊല്ലാനും കോണ്‍ഗ്രസുകാര്‍ക്ക് മടിയുണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് തൃശൂര്‍ അയ്യന്തോളില്‍ കോണ്‍ഗ്രസ് നേതാവിനെ വധിച്ചത് അതേ പാര്‍ട്ടിയുടെ മണ്ഡലം പ്രസിഡന്റായിരുന്നു എന്നത് ഇപ്പോഴും മറക്കാന്‍ കഴിയാത്തതല്ലെ?. സിപിഎമ്മുകാരും തമ്മിലടിച്ച് മരിച്ച സംഭവങ്ങള്‍ നിരവധിയുണ്ട്. തിരുവനന്തപുരത്തെ കൊലപാതകത്തിന്റെ നടുക്കം മാറും മുന്‍പാണ് കൊല്ലം ജില്ലയില്‍ രണ്ടുപേര്‍ കത്തിക്കിരയായത്. കഠാര രാഷ്ട്രീയവും ചോരക്കളിയും നമ്മുടെ നാടിന് ഒട്ടും ഭൂഷണമല്ല.
കൊലപാതകങ്ങളുടെയും അക്രമങ്ങളുടെയും വാര്‍ത്തകള്‍ പ്രചരിക്കുമ്പോഴാണ് തലശ്ശേരി കതിരൂരിലെ പത്തോളം ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീട്ടു ചുമരില്‍ സിപിഎംകാര്‍ ചുകപ്പ് അടയാളം വരച്ചുവച്ചതായുള്ള വിവരവും പുറത്തുവന്നത്. ആര്‍എസ്എസ് നേതാവായിരുന്ന കതിരൂര്‍ മനോജിനെ നിഷ്ഠൂരമായി കൊല ചെയ്തതിന്റെ ആറാം വാര്‍ഷികത്തിന്റെ തലേന്നാണ് ഈ പ്രവര്‍ത്തി. സിപിഎമ്മുകാര്‍ നടത്താന്‍ പോകുന്ന ക്രൂരകൃത്യങ്ങളുടെ സൂചനയല്ലെ ഇതെന്ന സംശയം ബലപ്പെടുകയാണ്. കേരളത്തില്‍, പ്രത്യേകിച്ച് മലബാറില്‍ സിപിഎമ്മുകാര്‍ വ്യാപകമായി മാരകായുധങ്ങള്‍ നിര്‍മിക്കുന്നുണ്ടെന്ന് വാര്‍ത്തയുണ്ട്. അതുപയോഗിച്ചാണ് നാദാപുരത്ത് കോണ്‍ഗ്രസ്സ് ഓഫീസ് അക്രമിച്ചതെന്ന ആരോപണവുമുണ്ട്. സംസ്ഥാനത്ത് ഇന്ന് നിലനില്‍ക്കുന്ന രാഷ്ട്രീയ കാലാവസ്ഥയും വിവാദങ്ങളും വഴിതിരിച്ചുവിടാനുള്ള ബോധപൂര്‍വമായ ശ്രമമാണ് സിപിഎം നടത്തുന്നത്. അവര്‍ പ്രതിസന്ധിയിലാകുന്ന എല്ലാക്കാലത്തും അക്രമങ്ങളും കൊലപാതക പരമ്പരകളും സൃഷ്ടിക്കുന്നതാണവരുടെ ശൈലി. മനുഷ്യനെ അക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നത് പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ല. വീണ്ടും സിപിഎം ആ വഴിക്ക് നീങ്ങിയാല്‍ ആര്‍ക്കും തടുത്തുനിര്‍ത്താന്‍ പറ്റാത്ത തലത്തിലേക്ക് അത് വ്യാപകമായേക്കുമെന്ന ഭീതി പരക്കെയുണ്ട്. അതൊഴിവാക്കാന് നേതൃത്വം മുന്‍കൈ എടുത്തേ പറ്റൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: