കണ്ണൂര്‍: പാലത്തായി പീഡനാരോപക്കേസില് ഇരയായെന്നു പറയുന്ന പെണ്‍കുട്ടിക്ക് ഭാവനയില്‍ നിന്ന് കഥകള്‍ മെനഞ്ഞെടുക്കുന്ന, നുണ പറയുന്ന സ്വഭാവമുണ്ടെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും അന്വേഷണ സംഘത്തിനും ആരോപണ വിധേയനായ അധ്യാപകനുമെതിരായ പരസ്യ പ്രതികരണവുമായി ജിഹാദി സംഘടനകളും കോണ്‍ഗ്രസ്സും സിപിഎമ്മും. ആരോപണം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമായിട്ടും ക്രൈംബ്രാഞ്ച് കേസ് അട്ടിമറിച്ചെന്നാരോപിച്ച് കഴിഞ്ഞ ദിവസം മുസ്ലീം ലീഗ് സംഘടിപ്പിച്ച ധര്‍ണ്ണാ സമരം കെ. മുരളീധരന് എംപിയാണ് ഉദ്ഘാടനം ചെയ്തത്.
നിയമപരമായി ഏര്‍പ്പെടുത്തിയ കൗണ്‍സിലര്‍മാരാണ് പെണ്‍കുട്ടിക്ക് കളവു പറയുന്ന സ്വഭാവമുണ്ടെന്ന് വ്യക്തമാക്കിയത്. അതിനാല്‍ ആരോപണ വിധേയനായ പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്ന പെണ്‍കുട്ടിയുടെ അമ്മയുടെ അപേക്ഷ പരിഗണിക്കരുതെന്നും ആരോപണ വിധേയനായ പത്മരാജന് ജാമ്യത്തിന് അര്‍ഹനാണെന്നുമാണ് ഗവ. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞത്. കൃത്യമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ക്രൈം ബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിക്കാതെയാണ് ജിഹാദികളുടെ കയ്യടി നേടുന്നതിനും സംഘടിത ന്യൂനപക്ഷ വോട്ട് നേടുന്നതിമും വേണ്ടി സിപിഎമ്മും കോണ്‍ഗ്രസ്സും ലീഗും ആരോപണവമായി രംഗത്ത് വരുന്നത്.
മാര്‍ച്ച് 17 ന് പരാതി ലഭിച്ച് 18 ന് തന്നെ മെഡിക്കല്‍ പരിശോധനയും വനിതാ മജിസ്ട്രേറ്റിനു മുന്നില്‍ രഹസ്യമൊഴി (സിആര്‍പിസി 164) വാങ്ങിയും കേസ് കുറ്റമറ്റ രീതിയില്‍ അന്വേഷിച്ചത് സിഐ ടി.പി. ശ്രീജിത്ത് ആയിരുന്നു. കേസില്‍ പോക്സോ വകുപ്പും ചേര്‍ത്തു. അന്വേഷണത്തിന്റെ ഭാഗമായി സ്കൂളിലെ സഹഅധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും മൊഴിയെടുക്കുകയും പീഢനം നടന്നെന്ന് കുട്ടി ആരോപിക്കുന്ന ശുചിമുറിയും മറ്റും പരിശോധിച്ചതോടെയാണ് കേസില്‍ ദുരൂഹതയുണ്ടെന്ന് അന്വേഷണസംഘത്തിന് ബോധ്യമായത്. കുട്ടിയുടെ മൊഴി വീണ്ടും എടുക്കുകയും കൗണ്‍സിലിംഗ് നടത്തുകയും ചെയ്തതോടെ പത്മരാജന് നിരപരാധിയാണെന്ന നിഗമനത്തില്‍ അന്വേഷണ സംഘം എത്തുകയുമായിരുന്നു.
പരികല്പ്പനങ്ങളില് നിന്നും ഉയരുന്ന സംശയങ്ങളും മറ്റുമാണ് കുട്ടിയുടെ മൊഴിയിലുള്ളതെന്ന് അന്വേഷണസംഘം മനസ്സിലാക്കി. കേസില്‍ മതതീവ്രവാദ സംഘടനകളും, ചില മാധ്യമപ്രവര്‍ത്തകരും ആസൂത്രിതമായി ഇടപ്പെടല്‍ നടത്തിയതായും വ്യക്തമായിരുന്നു. മേല്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കാര്യങ്ങള്‍ വ്യക്തമായി അവതരിപ്പിച്ചതോടെ സിഐ ടി.പി. ശ്രീജിത്തിനെ സിപിഎം നേതാക്കള്‍ ഇടപ്പെട്ട് കോഴിക്കോട്ടേക്ക് സ്ഥലം മാറ്റി. പിന്നീട് അന്വേഷണത്തിനെത്തിയ സിഐ ഫായിസ് അലിക്കും മൊഴിയിലെ വൈരുദ്ധ്യവും#ോ ചില ഇടപ്പെടലും മനസിലായിരുന്നു. പ്രതി ചേര്‍ക്കപ്പെട്ട പത്മരാജനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത തലശേരി ഡിവൈഎസ്പി കെ.വി. വേണുഗോപാലിനും കേസിലെ ദുരൂഹതകള്‍ നേരിട്ട് മനസിലായി. കെ.വി.വേണുഗോപാലിനെയും പിന്നീട് സ്ഥലം മാറ്റി.
ഐ.ജി. എസ്. ശ്രീജിത്തിന്റെ മേല്‍നോട്ടത്തില്‍ എസ്പി കെ.വി. സന്തോഷ്, സിഐ. മധുസൂതനന് നായര്‍ എന്നിവര്‍ അടങ്ങിയ സംഘം 84 ദിവസം കേസ് അന്വേഷിച്ചിട്ടും പോക്സോ വകുപ്പ് പ്രകാരം ഉളള ഒരു തെളിവും ലഭിച്ചില്ല. 90 ദിവസത്തിനുളളില്‍ തലശേരി സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ജെജെഎ (ജുവനൈല്‍ ജസ്റ്റിസ് ആക്ട്) ചേര്‍ത്ത് നല്‍കുകയായിരുന്നു. വസ്തുത പുറത്തു വന്നതോടെ പ്രതി ചേര്‍ക്കപ്പെട്ട പത്മരാജന് മാസ്റ്റര്‍ക്ക് സ്വഭാവിക ജാമ്യവും ലഭിച്ചു.
കേസ് അട്ടിമറിച്ചു എന്ന പതിവ് പല്ലവി ആവര്‍ത്തിച്ചതോടെ അന്വേഷണ സംഘത്തില്‍ കാസര്‍കോട് എസ്പി ടി. ശില്പ, കണ്ണൂര്‍ വനിത എസിപി. ശ്രീഷ്മ രമേശ് എന്നിവരെയും ഉള്‍പ്പെടുത്തി സംഘത്തെ വിപുലികരിച്ചു. ഇവരുടെ നേതൃത്വത്തില്‍ ഇഴകീറി പരിശോധിച്ച് കേസ് അന്വേഷണം നടത്തിയിട്ടും പീഡനാരോപണത്തിന് തെളിവുകള്‍ ലഭിച്ചില്ല. ഇതിനിടയില്‍ പ്രതിയുടെ ജാമ്യം തള്ളണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിന് പ്രോസിക്യൂഷനോട് വിശദീകരണം ആവശ്യപെട്ടു. ഇതില്‍ കേസിലെ നിജസ്ഥിതി പ്രോസിക്യൂട്ടര്‍ വ്യക്തമാക്കുകയുമായിരുന്നു. പ്രോസിക്യൂഷന് കൈകൊണ്ട നിലപാട് വനിത അന്വേഷണ സംഘം അടക്കം നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണെന്നാണ് സൂചന. പത്മരാജനെ പ്രതിയാക്കിയേ മതിയാവൂ എന്ന ചില കേന്ദ്രങ്ങളില്‍ നടന്ന ആസൂത്രിത നീക്കമാണ് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്. കേവലരാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ ഒരു അധ്യാപകനെതിരെ മതഭീകരവാദികളും മുസ്ലീം ലീഗും കോണ്‍ഗ്രസ്സും സിപിഎമ്മും ഒരുമിക്കുകയും അതിനായി ഒരു പെണ്‍കുട്ടിയെ കരുവാക്കുകയായിരുന്നുവെന്നുമാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: