ന്യൂദല്‍ഹി : അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുള്ള സൈനിക വ്യൂഹത്തെ ഉടന്‍ നിയന്ത്രിക്കണമെന്ന് താക്കീത് നല്കി ഇന്ത്യ. ചൈനീസ് സൈനികരുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് പാങ്ങോങ് മേഖലയിലെ തന്ത്ര പ്രധാന സ്ഥലങ്ങളില്‍ ഇന്ത്യ സൈനിക ബലം വര്‍ധിപ്പിച്ചിട്ടുണ്ട്. അതിനു പിന്നാലെയാണ് ചൈനയോട് സൈന്യത്തെ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ചൈന നിരന്തരമായി ധാരണകള്‍ തെറ്റിക്കുകയാണ്. ഇന്ത്യ ഇതിനെ ശക്തമായി തന്നെ പ്രതിരോധിക്കും. മുന്‍ നിര സൈനിക വ്യൂഹത്തെ ചൈന ഉടന്‍ നിയന്ത്രിക്കണമെന്നും ഇന്ത്യ അറിയിച്ചു.
അതേസമയം അതിര്‍ത്തിയിലെ സംഘര്‍ഷ സാദ്ധ്യത മുന്നില്‍ കണ്ട് കരസേനാ മേധാവി എം.എം.നരവനേയും വിദേശകാര്യ സെക്രട്ടറി ഹര്ഷവര്ദ്ധന് ഷ്രിംഗ്ലയും മ്യാന്മാര് യാത്ര റദ്ദാക്കി.
ലഡാക്ക് അതിര്‍ത്തിയില്‍ നിയന്ത്രണരേഖ മറികടന്ന് അതിര്‍ത്തികടത്താനുള്ള ചൈനീസ് പട്ടാളത്തിന്റെ നീക്കം ഇന്ത്യന്‍ സൈന്യം കഴിഞ്ഞദിവസമാണ് പരാജയപ്പെടുത്തിയത്. പാങ്ങോങ് തടാകത്തിന് തെക്കന്‍ തീരത്തുകൂടി ടാങ്കുകളുമായി ചൈനീസ് സേനാവ്യൂഹം രാത്രിയുടെ മറവിലാണ് ഈ നീക്കം നടത്തിയത്. ചുഷൂല്‍ കുന്നിന്‍പ്രദേശങ്ങള്‍ കൈവശപ്പെടുത്തുകയായിരുന്നു ലക്ഷ്യം.
എന്നാല്‍ കര്‍ശ്ശന പെട്രോളിങ്ങുമായി കുന്നിന്മുകളില് സ്ഥാനംപിടിച്ചിരുന്ന ഇന്ത്യന്‍ സേനയ്ക്ക് ചൈനീസ് സേനയുടെ നീക്കം പൊളിക്കുകയായിരുന്നു. ഇതോടെ ഇരു സൈന്യങ്ങള്‍ക്കിടയില്‍ സംഘര്‍ഷാവസ്ഥയും രൂപപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: