കല്‍പ്പറ്റ: ചട്ടങ്ങളും സീനിയോറിറ്റി ലിസ്റ്റും അട്ടിമറിച്ച് ആരോഗ്യ വകുപ്പിലെ ഒരു വിഭാഗം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാത്ത നടപടി പുനഃപരിശോധിക്കണമെന്ന് കേരള സ്‌റ്റേറ്റ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി വാര്‍ഷിക യോഗം ആവശ്യപ്പെട്ടു.
സര്‍ക്കാരും പി.എസ്.സി.യും അംഗീകരിച്ച സാനിട്ടറി ഇന്‍സ്‌പെക്ടര്‍ ഡിപ്ലോമ യോഗ്യതയുള്ള എച്ച്.ഐ.മാരെയാണ് കഴിഞ്ഞ 20 വര്‍ഷമായി പ്രമോഷനില്‍ അവഗണിക്കുന്നത്. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബൂണലിന്റെ ഉത്തരവിലൂടെ സര്‍ക്കാര്‍ അനുകൂല തീരുമാനമെടുത്തെങ്കിലും തെറ്റായ തടസ്സവാദങ്ങള്‍ ഉന്നയിച്ച് സ്ഥാനക്കയറ്റം മനപ്പൂര്‍വ്വം തടയുകയാണെന്ന് യോഗം വിലയിരുത്തി. സ്ഥാനക്കയറ്റം കിട്ടാതായതോടെ സാനിട്ടറി ഇന്‍സ്‌പെക്ടര്‍ ഡിപ്ലോമയുള്ള സ്ത്രീകളുള്‍പ്പെടെയുള്ള ആയിരക്കണക്കിന് ഉദ്യോഗസ്ഥര്‍ ജോലിയില്‍ കയറി രണ്ടു പതിറ്റാണ്ടു കഴിഞ്ഞിട്ടും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍ വിരമിക്കേണ്ട ഗതികേടിലാണ്.
സ്ഥാനക്കയറ്റം ഉള്‍പ്പെടയുള്ള ജീവനക്കാരുടെ സീനിയോറിറ്റി നിശ്ചയിക്കുന്നത് പിഎസ്‌സി. അഡ്വൈസ് മെമ്മോ തീയതിയുടെ അടിസ്ഥാനത്തിലായിരിക്കണമെന്ന് ഹൈക്കോടതി വിധിയുണ്ട്. എന്നാല്‍ ഇതെല്ലം ബന്ധപ്പെട്ടവര്‍ അട്ടിമറിച്ചതായി യോഗം അഭിപ്രായപ്പെട്ടു. 14 ജില്ലകളിലായി പി.എസ്.സി. ആദ്യം തയ്യാറാക്കിയ സീനിയോറിറ്റി ലിസ്റ്റ് പുനഃസ്ഥാപിച്ച് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബൂണലിന്റെ ഉത്തരവിലൂടെ സര്‍ക്കാര്‍ എടുത്ത അനുകൂല തീരുമാനം വേഗം നടപ്പാക്കണമെന്നും വിവേചനം അവസാനിപ്പിക്കാന്‍ സര്‍ക്കാരും വകുപ്പ് സെക്രട്ടറിയും അടിയന്തിരമായി ഇടപെടണമെന്നും അസോസിയേഷന്‍ വാര്‍ഷിക യോഗം ആവശ്യപ്പെട്ടു.
കെഎസ്എച്ച്‌ഐഎ. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ആര്‍. ബാലഗോപാല്‍ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡി. സുഷമ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് പി.എസ്. തൃദീപ് കുമാര്‍, ട്രഷറര്‍ ജെറി ബെനഡിക്റ്റ്, പി. സുജലദേവി, കെ.എം. ജാസ്മിന്‍, കെ. ഗിരീന്ദ്രകുമാര്‍, വി. ഷാജി, ജെ. ജോണ്‍, രാംദാസ് തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികളായി ഡി. സുഷമ ( പ്രസിഡന്റ്), പി.ആര്‍. ബാലഗോപാല്‍ (ജനറല്‍ സെക്രട്ടറി), പി.എസ്. തൃദീപ് കുമാര്‍, പി. സുജലദേവി, വി. ഷാജി (വൈസ് പ്രസിഡന്റ്മാര്‍), ജെറി ബെനഡിക്റ്റ് (ട്രഷറര്‍), കെ.എം. ജാസ്മിന്‍, കെ. ഗിരീന്ദ്രകുമാര്‍, ജെ. ജോണ്‍, (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ യോഗം തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: