ദേശീയതയില്‍ അടിയുറച്ച രാഷ്ട്രീയത്തിന്റെ രാജപാതയിലേക്കാണ് പ്രണബ് കുമാര്‍ മുഖര്‍ജി നടന്നെത്തിയത്. രാഷ്ട്രപതി ഭവന്റെ പടിയിറങ്ങിയതിനു ശേഷമുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തിയിലും വാക്കിലും അതു നിറഞ്ഞു നിന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധം. ജ്യേഷ്ഠ സഹോദരനെപ്പോലെ ആദരവോടെയാണ് മോദി എപ്പോഴും പ്രണബിനോട് ഇടപെട്ടത്. പ്രണബിന്റെ പ്രതിഭയ്ക്ക് ഭാരതരത്നം സമര്‍പ്പിക്കുമ്പോള്‍ ആ സ്നേഹാദരങ്ങളുടെ പ്രതിഫലനം കൂടിയായിരുന്നു അത്.
പ്രണബ് കുമാര്‍ മുഖര്‍ജിയുടെ ദേശീയ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വ്യത്യസ്തമായ ദിവസമായിരുന്നു 2018 ജൂണ്‍ ഏഴ്. ത്രിതീയ സംഘശിക്ഷാ വര്‍ഗില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ പ്രണബ് മുഖര്‍ജി ആ ദിവസമാണ് നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് എത്തിയത്.
ദേശീയ രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ചയായ സന്ദര്‍ശനമായിരുന്നു അത്. ജീവിതത്തിലുടനീളം കോണ്‍ഗ്രസുകാരനായിരുന്ന ഒരാള്‍ ആര്‍എസ്എസ് ആസ്ഥാനത്തോ എന്ന സംശയം നിരവധി കേന്ദ്രങ്ങള്‍ പ്രകടിപ്പിച്ചു. ‘പ്രണബ് ദാ, താങ്കളില്‍നിന്നും ഇത് പ്രതീക്ഷിച്ചില്ല’ എന്നായിരുന്നു കോണ്‍ഗ്രസ് നേതാവും സോണിയ ഗാന്ധി കുടുംബത്തിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനുമായ അഹമ്മദ് പട്ടേല്‍ ട്വീറ്റ് ചെയ്തത്. എന്തുകൊണ്ടാണ് ക്ഷണം സ്വീകരിച്ചതെന്ന് ചര്‍ച്ച ചെയ്യുന്നതില്‍ അര്‍ഥമില്ലെന്നും ആര്‍എസ്എസ് ആശയത്തിന്റെ പ്രശ്നം എന്താണെന്ന് അവരോട് പറയുകയാണ് പ്രണബ് ചെയ്യേണ്ടതെന്നും മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരം ഉപദേശിച്ചു. മുതിര്‍ന്ന നേതാക്കളായ ജയ്റാം രമേശ്, ജാഫര്‍ ഷെരീഫ്, എന്നിവര്‍ പങ്കെടുക്കരുതെന്ന് പ്രണബിനോട് ആവശ്യപ്പെട്ടു. മകള്‍ ശര്‍മിഷ്ഠ മുഖര്‍ജിയെയും കോണ്‍ഗ്രസ് രംഗത്തിറക്കി. പ്രണബ് മുഖര്‍ജി തന്റെ ജീവിതം സമര്‍പ്പിച്ചത് മതേതരത്വത്തിനാണെന്നും മതേതര മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന സന്ദേശം അദ്ദേഹം ആര്‍എസ്എസ്സിന് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുശീല്‍ കുമാര്‍ ഷിന്‍ഡെ അഭിപ്രായപ്പെട്ടു. എന്നാല്‍ പറയാനുള്ളത് നാഗ്പൂരില്‍ പറയുമെന്ന് വ്യക്തമാക്കിയ പ്രണബ് കോണ്‍ഗ്രസ്സിനെ തള്ളി.
എന്നാല്‍ ഇതൊന്നും പ്രണബിനെ അലട്ടിയില്ല. നാഗ്പൂരില്‍ അദ്ദേഹം സംസാരിച്ചത് ദേശീയതയെക്കുറിച്ചും ഭാരതീയ സംസ്കാരത്തിലെ ബഹുസ്വരതയെക്കുറിച്ചുമായിരുന്നു. പ്രസന്നവദനനും ഊര്‍ജ്ജസ്വലനുമായിരുന്നു അദ്ദേഹം. സ്വന്തം വീട്ടിലെന്നതു പോലെയായിരുന്നു ആര്‍എസ്എസ് ആസ്ഥാനത്ത് അദ്ദേഹത്തിന്റെ ശരീരഭാഷ. സര്‍സംഘചാലക് മോഹന്‍ ഭാഗവതില്‍നിന്ന് കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കുന്നതില്‍ അദ്ദേഹം ശ്രദ്ധിച്ചു. തലേദിവസം വൈകിട്ട് തന്നെ പ്രണബ് നാഗ്പൂരിലെത്തിയിരുന്നു. നാഗ്പൂര്‍ രാജ്ഭവനില്‍ താമസിച്ച അദ്ദേഹത്തിന്റെ അത്താഴം മോഹന്‍ ഭാഗവതിനൊപ്പമായിരുന്നു. ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. കേശവ ബലിറാം ഹെഡ്ഗേവാറിന്റെ ജന്മഗൃഹത്തിലെത്തിയ അദ്ദേഹം ഹെഡ്ഗേവാറിനെ ഭാരതത്തിന്റെ മഹാനായ പുത്രനെന്ന് വിശേഷിപ്പിച്ചു.
ഡോക്ടര്‍ജിയുടെയും രണ്ടാമത്തെ സര്‍സംഘചാലക് ഗുരുജി ഗോള്‍വള്‍ക്കറിന്റെയും സ്മൃതികുടീരത്തില്‍ അദ്ദേഹം ആദരാഞ്ജലി അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: