ന്യൂയോർക്ക്: ഇന്ത്യൻ രാഷ്ട്രീയത്തിലെ പകരംവയ്ക്കാനാകാത്ത വ്യക്തിത്വവും ഭരണരംഗത്തെ പ്രായോഗിക പ്രതിഭയുമായിരുന്ന മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയുടെ ദേഹവിയോഗത്തിൽ അമേരിക്കയിലെ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ പ്രസിഡന്റ് മാധവൻ . ബി.നായർ അനുശോചനമറിയിച്ചു.
പ്രണബ് കുമാർ മുഖർജിയെ പോലെ എല്ലാവരുടെയും സ്നേഹവും ആദരവും പിടിച്ചു പറ്റിയ ഒരു നേതാവ് സമകാലിക ഇന്ത്യൻ രാഷ്ടീയത്തിൽ വിരളമാണ്. ഭരണരംഗത്ത് കൈകാര്യം ചെയ്ത എല്ലാ മേഖലകളിലും മികവ് പുലർത്തിയ ഭരണതന്ത്രജ്ഞനായിരുന്നു അദ്ദേഹം. രാഷ്ട്രീയ എതിരാളികളോട് വാദഗതികളിൽ വിയോജിപ്പ് പ്രകടിപ്പിക്കുമ്പോഴും എല്ലാ രാഷ്ടീയ പ്രസ്ഥാനങ്ങളിലെ നേതാക്കളുമായും അദ്ദേഹം അടുത്ത സൗഹൃദമാണ് പുലർത്തിയിരുന്നത്. ഇതേ സമീപനം തന്നെയായിരുന്നു അന്തർദേശീയ ബന്ധങ്ങളിലും അദ്ദേഹം പ്രകടിപ്പിച്ചത്.
അമേരിക്കയുമായുള്ള ഗാഢ സൗഹൃദം തുടരുമ്പോൾ തന്നെ ഇന്ത്യയുടെ പരമ്പരാഗത സുഹൃത്തായ റഷ്യയുമായുള്ള സൗഹൃദവും അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നത് പ്രണബിന്റെ നയതന്ത്ര വൈദഗ്ധ്യത്തിന്റെ തെളിവായിരുന്നു.
രാജ്യത്തിന്റെ ഭരണ രംഗത്ത് സുപ്രധാന വകുപ്പുകളെല്ലാം അദ്ദേഹം വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അസാമാന്യ പാണ്ഡിത്യവും ധിഷണയും ഓർമ്മശക്തിയും കൈവച്ച മേഖലകളുടെയെല്ലാം ഉന്നമനത്തിനായി അദ്ദേഹം വിനിയോഗിക്കുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രം പത്മവിഭൂഷൺ, ഭാരതരത്നം തുടങ്ങിയ പുരസ്കാരം നൽകി ആദരിച്ചിട്ടുള്ള പ്രണബ് കുമാർ മുഖർജി അറിവിന്റെയും ചിന്തയുടെയും നയതന്ത്രജ്ഞതയുടെയും രാഷ്ട്രീയ പ്രതീകമായിരുന്നു.
ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായിരുന്ന പ്രണബിന്റെ വിയോഗത്തിൽ ദു:ഖമാചരിക്കുന്ന രാജ്യത്തോടൊപ്പം അമേരിക്കയിലെ മലയാളി പ്രവാസി സമൂഹവും പങ്കുചേരുന്നതായി പ്രസിഡന്റ് മാധവൻ ബി.നായരും സെക്രട്ടറി ടോമി കൊക്കാട്ടും അനുശോചന സന്ദേശത്തിൽ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: