ബംഗളൂരു: ലഹരിമരുന്നു കേസില്‍ ബെംഗളൂരുവില്‍ പിടിയിലായ കൊച്ചി സ്വദേശി മുഹമ്മദ് അനൂപിന് കേരളത്തിലെ ഉന്നതരാഷ്ട്രീയക്കാരുമായി അടുത്തബന്ധമെന്ന് നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ. അനൂപിന്റെ ഫോണില്‍ സിപിഎം-കോണ്‍ഗ്രസ് നേതാക്കളുടെയും മക്കളുടെയും അടക്കമുള്ള നമ്പരുകള്‍ കണ്ടെത്തി.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഇളയ മകന് ബിനീഷ് കോടിയേരിയോടൊപ്പമുള്ള ചിത്രവും ഫോണില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ടെന്ന് എന്‍സിബി വ്യക്തമാക്കി. ഈ ചിത്രങ്ങള്‍ കുമരകത്തുള്ള ഒരു റിസോര്‍ട്ടില്‍ വച്ചാണ് എടുത്തിരിക്കുന്നതെന്ന് തെളിഞ്ഞതായി അന്വേഷണ വൃത്തങ്ങള്‍ ‘ജന്മഭൂമി’യോട് പറഞ്ഞു.
നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ യെലഹങ്ക ഓഫീസില്‍ കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. അനൂപിന് തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന സൂചനയും അന്വേഷണ വൃത്തങ്ങള്‍ പുറത്തുവിടുന്നുണ്ട്. എന്നാല്‍, കേസിന്റെ ഈ വശം എന്‍ഐഎയാണ് അന്വേഷിക്കേണ്ടതെന്നും ഇക്കാര്യങ്ങള്‍ അവരെ ധരിപ്പിച്ചിട്ടുണ്ടെന്നും എന്‍സിബി വ്യക്തമാക്കി.
ടെലിവിഷന്‍ സീരിയല്‍ നടി ഡി. അനിഖയോടൊപ്പമാണ് മുഹമ്മദ് അനൂപും മറ്റൊരു മലയാളിയായ ആര് രവീന്ദ്രനും കേന്ദ്ര ലഹരിവിരുദ്ധ അന്വേഷണ ഏജന്‍സിയായ നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ പിടിയിലാകുന്നത്.
മുഹമ്മദ് അനൂപിന്റെ ഫോണ്‍ കോണ്ടാക്ട് ലിസ്റ്റില്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതി കെടി റമീസിന്റെ നമ്പരും ഉണ്ട്. സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ ബെംഗളൂരുവില്‍ അറസ്റ്റിലായ ജൂലൈ 10ന് മുഹമ്മദ് അനൂപ് കേരളത്തിലെ ഒരു രാഷ്ട്രീയ ഉന്നതന്റെ ബന്ധുവിനെ പല തവണ വിളിച്ചിട്ടുണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്.
കൊച്ചിയിലെ ലഹരി പാര്‍ട്ടികളിലും മുഹമ്മദ് അനൂപ് സജീവമായിരുന്നു. ഒരു വര്‍ഷം മുന്‍പാണു താവളം ബെംഗളൂരുവിലേക്കു മാറ്റിയത്. സിനിമ സീരീയല്‍ മേഖലകളിലേക്ക് ലഹരിമരുന്നുകള്‍ നല്‍കുന്നത് അനൂപ് മുഹമ്മദാണെന്നും കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: